ഇ. പി. ജയരാജന്‍ വ്യവസായ, കായിക മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിയായി സഗൗരവമാണ് പ്രതിജ്ഞയെടുത്തത്.

രാവിലെ പത്തു മണിക്ക് ചീഫ് സെക്രട്ടറി ടോംജോസ് സത്യപ്രതിജ്ഞ ചെയ്യാന്‍ അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണറും മുഖ്യമന്ത്രി പിണറായി വിജയനും അനുമോദിച്ചു. തുടര്‍ന്ന് മന്ത്രിമാരും മറ്റു പ്രമുഖ വ്യക്തികളും അനുമോദിക്കാനെത്തി.

മന്ത്രിമാരായ എ. കെ. ബാലന്‍, ഇ. ചന്ദ്രശേഖരന്‍, ഡോ. ടി. എം. തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രന്‍, എ. കെ. ശശീന്ദ്രന്‍, എ. സി. മൊയ്തീന്‍, ജി. സുധാകരന്‍, എം. എം. മണി, ഡോ. കെ. ടി. ജലീല്‍, വി. എസ്. സുനില്‍കുമാര്‍, മാത്യു ടി. തോമസ്, കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രൊഫ. സി. രവീന്ദ്രനാഥ്, കെ. കെ. ശൈലജ ടീച്ചര്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ, ടി. പി. രാമകൃഷ്ണന്‍, പി. തിലോത്തമന്‍, കെ. രാജു, ഡെപ്യൂട്ടി സ്പീക്കര്‍ വി.  ശശി, ഗവര്‍ണറുടെ ഭാര്യ സരസ്വതി, മുഖ്യമന്ത്രിയുടെ ഭാര്യ കമല, ഇ. പി. ജയരാജന്റെ കുടുംബാംഗങ്ങള്‍, എം. എല്‍. എമാര്‍, ജനപ്രതിനിധികള്‍, വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍, ജി. എ. ഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ഡി. ജി. പി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

രാജ്ഭവനില്‍ നിന്ന് സെക്രട്ടേറിയറ്റിലെത്തിയ മന്ത്രി രാവിലെ 10.45ന് ഓഫീസിലെത്തി ചുമലതയേറ്റു. സെക്രട്ടേറിയറ്റ് നോര്‍ത്ത് സാന്‍ഡ്‌വിച്ച് ബ്‌ളോക്കില്‍ മൂന്നാം നിലയിലെ 216ാം നമ്പര്‍ മുറിയാണ് മന്ത്രി ഇ. പി. ജയരാജന് അനുവദിച്ചിരിക്കുന്നത്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോക്ടര്‍ കെ. ഇളങ്കോവന്‍, വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിയെ സ്വീകരിക്കാന്‍ ഓഫീസിലെത്തിയിരുന്നു. തുടര്‍ന്ന് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.

Please follow and like us: