ശബരിമലയില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും: മന്ത്രി ഇ. പി. ജയരാജന്‍

ശബരിമലയില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും വിശ്വാസികളെ തടയുകയും അക്രമിക്കുകയും ചെയ്യുന്ന നടപടി സര്‍ക്കാര്‍ അനുവദിക്കില്ലെന്നും വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമലയെ കുരുതിക്കളമാക്കി മാറ്റാനുള്ള ഗൂഡാലോചനയുടെ ഭാഗമാണിത്. തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ ഒരുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. എല്ലാ വിഭാഗം തീര്‍ത്ഥാടകര്‍ക്കും ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിക്കും. ക്രമസമാധാനം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പമ്പ, സന്നിധാനം, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് ദേവസ്വം മന്ത്രി സന്നിധാനത്ത് തുടരുകയാണ്. സംഘര്‍ഷ മേഖലയില്‍ പോലും പൊതുവെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേ അക്രമം ഉണ്ടാവാറില്ല. എന്നാല്‍ ഇവിടെ മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയായിരുന്നു. തങ്ങള്‍ പറയും പോലെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അക്രമികള്‍ ആക്രോശിക്കുന്നത് ചാനലുകളിലൂടെ എല്ലാവരും കണ്ടു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അക്രമത്തിന് ഇരയായി. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വ്യവസ്ഥ പ്രകാരം നടപടി സ്വീകരിക്കും. പത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റു. അഞ്ച് തീര്‍ത്ഥാടകര്‍ക്കും 15 പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പത്ത് കെ. എസ്. ആര്‍. ടി. സി ബസുകള്‍ തകര്‍ത്തു. പോലീസ് വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്.

ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടകരുടെ വാഹനം തടഞ്ഞ് കുടുംബത്തെ ആക്രമിക്കുകയും തിരിച്ചയക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. ഇത്തരം നടപടികള്‍ക്കു പിന്നില്‍ ആര്‍. എസ്. എസ് ക്രിമിനലുകളാണ്. വിശ്വാസത്തെ അലങ്കോലപ്പെടുത്താനുള്ള ദുഷ് ശ്രമമാണ് നടത്തുന്നത്. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. തീര്‍ത്ഥാടകരെ തടങ്കലില്‍ വച്ചും രാഷ്ട്രീയ ലക്ഷ്യം സ്ഥാപിക്കാനുള്ള അജണ്ടയാണ് നടക്കുന്നത്. വിശ്വാസി സമൂഹം ഇതിനെതിരെ അണിനിരന്നുകൊണ്ടിരിക്കുകയാണ്. വിശ്വാസവും മാധ്യമ സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അക്രമത്തിന് നേതൃത്വം നല്‍കിയവര്‍ ഇപ്പോള്‍ മാലാഖ ചമയുകയാണെന്ന് മന്ത്രി പറഞ്ഞു.

Please follow and like us: