വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ കെൽട്രോണിന് ചെന്നൈ സ്മാർട്ട്സിറ്റി പദ്ധതിയിൽ 146 കോടി രൂപയുടെ ടെണ്ടറിന് അംഗീകാരം ലഭിച്ചതായി വ്യവസായവകുപ്പ് മന്ത്രിഇ.പി.ജയരാജൻ അറിയിച്ചു.  ചെന്നൈ സ്മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി ചെന്നൈനഗരത്തിൽ ആധുനിക സംവിധാനങ്ങളോടെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ സജ്ജീകരിക്കുന്നതിനാണ് കെൽട്രോണിന് 146 കോടിരൂപയുടെ ഓർഡർ ലഭിച്ചത്.  കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന്റെ രൂപകൽപന നിർവഹിച്ച് സെന്ററിൽ വിവിധ സംവിധാനങ്ങൾ സ്ഥാപിച്ച് അവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും ഗ്രെയ്റ്റർ ചെന്നൈ കോർപറേഷൻ ക്ഷണിച്ച ടെണ്ടറിൽ പങ്കെടുത്താണ് ഓർഡർ സ്വന്തമാക്കിയത്. എൽ ആൻഡ്ടി, മദ്രാസ് സെക്യൂരിറ്റി പ്രിന്റേഴ്‌സ് ലിമിറ്റഡ് തുടങ്ങിയ വൻകിട സ്വകാര്യ കമ്പനികളുമായി മത്സരിച്ചാണ് കേരളത്തിലെ മികച്ചപൊതുമേഖലാസ്ഥാപനമായ കെൽട്രോൺ ഈ വലിയഓർഡർ നേടിയെടുത്തത്.

കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, ക്ലൗഡ് അധിഷ്ഠിത സ്മാർട്ട് ഡാറ്റസെന്റർ സൊല്യൂഷൻ, സ്മാർട്ട് സെൻസർ, വേരിയബിൾ മെസേജിങ് ബോർഡ്, സിറ്റി സർവൈലൻസ് സിസ്റ്റം ആന്റ് ഡിസാസ്റ്റർ മാനേജ്‌മന്റ് സിസ്റ്റം, മൊബൈൽ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, സ്മാർട്ട് പോൾസ്, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി അധിഷ്ഠിത സ്മാർട്ട് സോളിഡ് വെയിസ്റ്റ്മാനേജ്‌മന്റ് സിസ്റ്റം, സ്മാർട്ട് പാർക്കിംഗ് സിസ്റ്റത്തിന്റെ ഏകീകരണം, ഇന്റർനെറ്റ് ബാൻഡ്‌വിഡ്ത്തിനായുള്ള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് തുടങ്ങിയ സംവിധാനങ്ങളാണ് ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നത്. ഇത്തരം അതിനൂതനമായ സാങ്കേതിക പദ്ധതികൾ നടപ്പിലാക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിൽ വൈദഗ്ധ്യവും പരിചയവുമുള്ള കെൽട്രോണിന്‌ ടെണ്ടറിൽ ആവശ്യപ്പെട്ടിരിക്കുന്ന എല്ലാസാങ്കേതിക യോഗ്യതകളുമുണ്ടെന്നതിനാലാണ് അംഗീകാരംലഭിച്ചത്.

146 കോടിരൂപയുടെഓർഡറിൽ, പദ്ധതിയുടെ മൂലധനചെലവും അഞ്ചുവർഷത്തെ പ്രവർത്തനചെലവും ഉൾപെടും. ഒക്ടോബറിൽ ലഭിച്ച പ്രവർത്തനാനുമതിയുടെയും കരാറിന്റെയും അടിസ്ഥാനത്തിൽ കെൽട്രോൺ   300  ദിവസത്തിൽ പദ്ധതി പൂർത്തീകരിക്കണം.  അതോടൊപ്പം പദ്ധതിയുടെ ഭാഗമായി ട്രാഫിക്, ട്രാഫിക് എൻഫോഴ്‌സ്‌മെൻറ്, ഐസിടി സംവിധാനങ്ങളുടെ മാസ്റ്റർ സിസ്റ്റം ഇന്റർഗ്രേറ്ററായും, ടെക്നിക്കൽ സൊല്യൂഷൻ പ്രൊവൈഡറായും കെൽട്രോൺ പ്രവർത്തിക്കും.

ഇന്ത്യയിലെ പ്രധാന മെട്രോനഗരങ്ങളിലൊന്നായ ചെന്നൈയിൽ ഈ പദ്ധതിയുടെ ചുക്കാൻ പിടിക്കാനാവുന്നത് കെൽട്രോണിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. രാജ്യത്ത് പുതുതായി നൂറോളം സ്മാർട്ട്സിറ്റി പദ്ധതികൾ വിഭാവനം ചെയ്യുന്ന ഘട്ടത്തിൽ ലഭിച്ച ഈ ഓർഡർ ഒട്ടേറെ ബിസിനസ്സ് അവസരങ്ങൾ കെൽട്രോണിന്  ലഭ്യമാകാൻ അവസരമൊരുക്കും. കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ പുനരുദ്ധരിക്കാനും ലാഭത്തിലാക്കാനുമുള്ള എൽ.ഡി.എഫ് സർക്കാരിന്റെ ലക്ഷ്യത്തിന് കരുത്തു പകരുന്നതാണിത്. കെൽട്രോണിന്റെ സാങ്കേതിക വിദ്യദേശീയമായും അന്തർദേശീയമായും വിപുലീകരിക്കുന്നതിനു വ്യവസായവകുപ്പ് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രിഅറിയിച്ചു.