പുല്‍പ്പള്ളി, പൂതാടി ഗ്രാമപഞ്ചായത്തുകളിലെ ജലനിധി കുടിവെള്ള പദ്ധതികള്‍ വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ നാടിനു സമര്‍പ്പിച്ചു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ എട്ട് കുടിവെള്ള പദ്ധതികളും പൂതാടി ഗ്രാമപഞ്ചായത്തിലെ അതിരാറ്റുകുന്ന് ‘ബള്‍ക്ക് വാട്ടര്‍ സപ്ലൈ സ്‌കീം’ പദ്ധതിയുമാണ് മന്ത്രി ഉദ്ഘാടനം ചെയ്തു. നാടിന്റെ സമഗ്രവികസനമായിരിക്കണം ഭരണസ്ഥാപനങ്ങളുടെ ചുമതലയെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പുല്‍പ്പള്ളി സീതാദേവി ക്ഷേത്ര മൈതാനിയിലും പൂതാടി, രാജീവ് ഗാന്ധി ഷോപ്പിങ് കോപ്ലക്‌സ് കം ബസ്സ്റ്റാന്‍ഡിലുമായി നടന്ന ഉദ്ഘാടന ചടങ്ങുകളില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ 9.7 കോടി ചെലവില്‍ ആകെ എട്ട് കുടിവെള്ള പദ്ധതികളാണ് നടപ്പാക്കിയത്. ആറെണ്ണം ചെറുകിട പദ്ധതികളും രണ്ട് ബള്‍ക്ക് വാട്ടര്‍ പദ്ധതികളുമാണ്. ഗ്രാമപഞ്ചായത്തിലെ ഒന്ന്, 19, 20 വാര്‍ഡുകളിലെ ചേകാടി, പാക്കം, ചെറിയാമല എന്നിവിടങ്ങളിലാണ് ആറ് ചെറുകിട പദ്ധതികള്‍ നടപ്പാക്കിയത്. പുല്‍പ്പള്ളി ബള്‍ക്ക് വാട്ടര്‍ വിതരണ പദ്ധതി, പുല്‍പ്പള്ളി സൗത്ത് വാട്ടര്‍ വിതരണ പദ്ധതി എന്നിവയാണ് വന്‍കിട കുടിവെള്ള വിതരണ പദ്ധതികള്‍. ഇതൊടൊപ്പം 2.25 കോടിയുടെ അനുബന്ധ പൊതുശുചിത്വ, ചെക്ക്ഡാം പദ്ധതികളും പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയിട്ടുണ്ട്. പഞ്ചായത്തിലെ 3,000 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. പുല്‍പ്പള്ളി പദ്ധതിയില്‍ കബനി നദിയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കബനിഗിരി ട്രീറ്റ്‌മെന്റ്പ്ലാന്റില്‍ ശുദ്ധീകരിച്ച് വാട്ടര്‍ അതോറിട്ടിയുടെ ജലസംഭരണിയില്‍ എത്തിക്കും. തുടര്‍ന്ന് ബള്‍ക്ക് മീറ്ററിലൂടെ പുല്‍പ്പള്ളി പഞ്ചായത്തിലേക്ക് ജലവിതരണം നടത്തുകയാണ് ചെയ്യുന്നത്. ഇതിനായി 125.7 കിലോമീറ്റര്‍ വിതരണ ശൃംഖലയാണ് സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ കേരള വാട്ടര്‍ അതോറിട്ടിയില്‍ നിന്നും ആസ്ഥി കൈമാറ്റ മെമ്മോറാണ്ടം അനുസരിച്ച് 585 ഗുണഭോക്താക്കല്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും. പുല്‍പ്പള്ളി സൗത്ത് സ്‌കീമില്‍ പനമരം പുഴയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് പൂതാടി ഗ്രാമപഞ്ചയാത്തിലെ അതിരാറ്റുകുന്ന് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ ശുദ്ധീകരിക്കും. തുടര്‍ന്ന് പുല്‍പ്പള്ളി മദന്‍മൂല, കല്ലോണികുന്നില്‍ ജലനിധിയുടെ ജലസംഭരണിയില്‍ എത്തിച്ചാണ് ജലവിതരണം. ഇതിനായി 125.5 കീലോമീറ്റര്‍ വിതരണ ശൃംഖലയും സ്ഥാപിച്ചിട്ടുണ്ട്.

പൂതാടി ഗ്രാമപഞ്ചായത്തില്‍ ജലനിധി പദ്ധതിയുടെ ഭാഗമായി 24 ചെറുകിട കുടിവെള്ള പദ്ധതികളും ബള്‍ക്ക് വാട്ടര്‍ പദ്ധതിയുമടക്കം 12 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്കിയത്. നിലവില്‍ 600 പേര്‍ക്ക് വെള്ളമെത്തിച്ചിരുന്ന അതിരാറ്റുകുന്ന് ട്രീറ്റ്‌മെന്റ് പ്ലാന്റ് പൂര്‍ണ്ണ സജ്ജമാകുന്നതോടെ ചുരുങ്ങിയത് 2500 പേര്‍ക്കെങ്കിലും പദ്ധതിയുടെ ഗുണം ലഭിക്കും. ഇരുളം, വട്ടത്താനി, അതിരാറ്റുകുന്ന് എന്നീ മൂന്ന് സോണുകളായി തിരിച്ചാണ് പഞ്ചായത്തിലെ പദ്ധതികളുടെ നിര്‍വഹണം. പദ്ധതിയുടെ വിജയത്തിനായി 51 ഗുണഭോക്തൃ സമിതികളും രൂപീകരിച്ചിരുന്നു. ആകെ 154 കിലോമീറ്റര്‍ പൈപ്പ് ലൈനുകളും ആറ് ബിടി ടാങ്കുകളും സ്ഥാപിച്ചിട്ടുണ്ട്. കേരള വാട്ടര്‍ അതോറിട്ടിയില്‍ നിന്നും 44 കിലോമീറ്റര്‍ പൈപ്പ് ലൈനുകളും പൂതാടി ഗ്രാമപഞ്ചായത്തില്‍ ജലനിധി ഏറ്റെടുത്തിട്ടുണ്ട്.

ചടങ്ങുകളില്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍, ജലനിധി കമ്യൂണിറ്റി ഡെവലപ്പ്‌മെന്റ് മാനേജര്‍ ജോര്‍ജ്ജ് മാത്യു, പൂതാടി പഞ്ചായത്ത് സെക്രട്ടറി വി.ടി. ബിനോയ് തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Please follow and like us: