കൊച്ചി: വ്യവസായ സംരഭകരുടെ സാമ്പത്തിക ബാധ്യതകള്‍ക്ക് പരിഹാരമായി പിഴപ്പലിശ ഒഴിവാകുമെന്നും ഒറ്റത്തവണ തീര്‍പ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍.
വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച വ്യവസായ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ വ്യവസായങ്ങളുമായി ബന്ധപ്പെട്ട് തീര്‍പ്പാകാതെ കിടന്ന 210 പരാതികളാണ് അദാലത്തിലെത്തിയത്. ഇതില്‍ 122 പരാതികള്‍ പരിഹരിച്ച് രേഖകള്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് മന്ത്രി കൈമാറി. 17 പരാതികള്‍ പുതുതായി മന്ത്രിക്ക് നേരിട്ട് നല്‍കി. ഇതുള്‍പ്പടെ 105 പരാതികള്‍ തുടര്‍നടപടികള്‍ക്കായി മാറ്റി. വ്യവസായങ്ങള്‍ തുടങ്ങുന്ന ഭൂമിയുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങളാണ് ഇതില്‍ 25 പരാതികള്‍. ഇക്കാര്യത്തില്‍ രണ്ട് മാസത്തിനുള്ളില്‍ തീരുമാനമാക്കുമെന്നും മന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പിലെ മുഴുവന്‍ സേവനങ്ങളും ഏകജാലകമാക്കിയിട്ടുണ്ട്. പുതിയ സംരംഭകര്‍ക്ക് സഹായകരമാകുക എന്ന ലക്ഷ്യത്തോടെയാണ് സേവനങ്ങള്‍ ഏകജാലകമാക്കിയത്. വിവിധ ഓഫീസുകളില്‍ കയറിയിറങ്ങി വരുന്ന കാലതാമസവും മറ്റ് ബുദ്ധിമുട്ടുകളും ഇത് വഴി കുറക്കാന്‍ കഴിയും.  ലൈസന്‍സിനായി അപേക്ഷ നല്‍കിയാല്‍ ഒരു മാസത്തിനുള്ളില്‍ ലൈസന്‍സ് നല്‍കും. ഇതില്‍  വരുത്തുന്ന കാലതാമസത്തിന് ബന്ധപ്പെട്ട വകുപ്പുകള്‍ മറുപടി പറയണ്ടി വരും.

വ്യവസായങ്ങള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍ നയം.  ഒരു വ്യവസായങ്ങളും ഇല്ലാതാക്കലോ പൂട്ടിക്കലോ സര്‍ക്കാര്‍ നയമല്ല എന്നുംമന്ത്രി അറിയിച്ചു. വ്യവസായ സ്ഥാപനങ്ങളുടെ ജപ്തി നടപടികളുമായി ബന്ധപ്പെട്ട ആറ് പരാതികളാണ് ലഭിച്ചത്. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ബിജു, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. പ്രകാശന്‍ മാസ്റ്റര്‍ എന്നിവരുള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് പേരാണ് അദാലത്തില്‍ പങ്കെടുക്കാനെത്തിയത്.

Please follow and like us: