കേരളത്തിലെ കേര വ്യവസായ സംരക്ഷണത്തിനായി ആഗോള സാങ്കേതിക വൈദഗ്ധ്യം പരിചയപ്പെടലും പ്രയോജനപ്പെടുത്തലും ലക്ഷ്യമിട്ട് ഇന്റര്‍നാഷണല്‍ കോക്കനട്ട് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. അടുത്ത മാസം കോഴിക്കോട്ടാണ് സമ്മേളനം നടത്തുന്നത്. കേരള സര്‍ക്കാരും നാളികേര വികസന ബോര്‍ഡും സംയുക്തമായി  സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സിന്റെ ഔദ്യോഗിക വെബ് സൈറ്റ് ലോഞ്ചിങ്ങും ലോഗോ പ്രകാശനവും  കോക്കനട്ട് ചലഞ്ചിന്റെ പ്രഖ്യാപനവും ഇന്ന് (10.07.19  ബുധനാഴ്ച്ച) നടത്തും.  സെക്രട്ടറിയറ്റ് നോര്‍ത്ത് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മണിക്കാണ് ലോഞ്ചിങ്. വെബ്സൈറ്റ് ലോഞ്ചിങ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ലോഗോ പ്രകാശനവും ബ്രോഷര്‍ പ്രകാശനവും കോക്കനട്ട് ചലഞ്ചിന്റെ പ്രഖ്യാപനവും വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും.

കെഎസ്‌ഐഡിസിയും കേരളം സ്റ്റാര്‍ട്ട് അപ് മിഷനും സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡും സംയുക്തമായാണ് കോക്കനട്ട് ചലഞ്ച് സംഘടിപ്പിക്കുന്നത്. കേര കാര്‍ഷിക മേഖലയിലെ പുത്തന്‍ ആശയങ്ങളും മാതൃകകളും അവതരിപ്പിക്കാന്‍ വ്യക്തികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പുതുസംരംഭകര്‍ക്കും കോക്കനട്ട് ചലഞ്ചിലൂടെ സാധിക്കും.

ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിച്ചു കൊണ്ടും ഉല്‍പന്നങ്ങളുടെ വൈവിധ്യം കൊണ്ടും ദേശീയ രാജ്യാന്തര വിപണിയില്‍ ശക്തമായ വളര്‍ച്ച നേടാനുള്ള ആശയങ്ങള്‍ ഈ സമ്മേളനത്തിലൂടെ ലഭിക്കും. കെഎസ്‌ഐഡിസി ഒരുക്കുന്ന പ്രദര്‍ശനമേള പ്രാദേശിക-ദേശീയ-അന്തര്‍ദേശീയ കേര വ്യവസായികളുടെയും സംരഭകരുടേയും ഒത്തുചേരലിന് വഴിയൊരുക്കും. നാളികേര വ്യവസായ രംഗത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ വൈദഗ്ധ്യം പ്രദര്‍ശിപ്പിക്കാനുള്ള ഒരു വേദി കൂടിയായിരിക്കും ഈ മേള. സമ്മേളനത്തിന് മുന്നോടിയായി നിക്ഷേപക സംഗമവും നടത്തും.

Please follow and like us: