തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ (കെഎഎല്‍) ഇലക്ട്രിക്ക് ഓട്ടോറിക്ഷകളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മാണവും ആധുനീകരിച്ച മെഷീന്‍ ഷോപ്പും ഇന്ന് (10-07-2019, ബുധന്‍) വൈകുന്നേരം അഞ്ചിന്  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിന്‍കര ആറാലുംമൂട്ടിലുള്ള കെഎഎല്‍ അങ്കണത്തിലാണ് പരിപാടി. വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സഹകരണ വകുപ്പ്  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീല്‍ സ്‌കൂട്ടറുകളുടെ വിതരണം നിര്‍വഹിക്കും.
‘കേരളാ നീം ജി’ എന്ന് പേരിട്ടിരിക്കുന്ന ഇ-ഓട്ടോ 5 മാസം കൊണ്ടാണ് രൂപകല്‍പ്പന ചെയ്തത്. അയ്യായിരത്തോളം കിലോമീറ്റര്‍ പരീക്ഷണ ഓട്ടം നടത്തി സാങ്കേതിക ക്ഷമത ഉറപ്പുവരുത്തി. അതിന് ശേഷമാണ് കേന്ദ്ര മോട്ടോര്‍വാഹന നിയമമനുസരിച്ചുള്ള ടൈപ്പ് അപ്പ്രൂവല്‍ സര്‍ട്ടിഫിക്കേഷനുവേണ്ടി പൂനെയിലേക്ക് അയച്ചത്.  3 മാസം കൊണ്ടുതന്നെ വൈദ്യുത ഓട്ടോറിക്ഷയ്ക്ക് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചു.
വൈദ്യുത വാഹന നിര്‍മ്മാണത്തിനായി ആരംഭിച്ച കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് 8000 ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഓരോ വര്‍ഷവും പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ഇന്ത്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇ ഓട്ടോ നിര്‍മ്മാണത്തിന് യോഗ്യത നേടുന്നത്. പല ബഹുരാഷ്ട്ര കമ്പനികളും ഇപ്പോഴും ഇത്തരം സര്‍ട്ടിഫിക്കറ്റിനുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് കെഎഎല്ലിന്റെ നേട്ടം. കാഴ്ചയിലും വലിപ്പത്തിലും സാധാരണ ഓട്ടോയെ പോലെ തന്നെയുള്ള ഇ ഓട്ടോയിലും ഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും സഞ്ചരിക്കാം. ഏകദേശം രണ്ടര ലക്ഷം രൂപ വില വരുമെന്ന് കണക്കാക്കുന്നു. ഇ ഓട്ടോ പദ്ധതിക്കായി കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപയും ഇത്തവണ ആറു കോടിയും സര്‍ക്കാര്‍ വകയിരുത്തി.
2017-18 സംസ്ഥാന ബജറ്റില്‍ കേരളാ ഓട്ടോമൊബൈല്‍സിന്റെ പുനരുദ്ധാരണത്തിന് വേണ്ടി 7 കോടി രൂപ വകയിരുത്തിയിരുന്നു. ഈ തുക ഉപയോഗിച്ച്  ഐഎസ്സ്ആര്‍ഒ, ബ്രഹ്‌മോസ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധരുടെ ഉപദേശമനുസരിച്ച് അവര്‍ക്കാവശ്യമായ സാമഗ്രികള്‍ നിര്‍മ്മിച്ചുനല്‍കുന്നതിന്  അത്യാധുനികമായ 4 ആക്‌സിസ് സി.എന്‍.സി മെഷീന്‍ ഉള്‍പ്പെടെ 16ഓളം മെഷീനുകള്‍ സ്ഥാപിച്ചു. മെഷീനുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും കാര്യക്ഷമതയും, കൃത്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ശീതീകരണസംവിധാനമുള്ള ആധുനിക മെഷീന്‍ ഷോപ്പാണ് കെഎഎല്ലില്‍ ഒരുക്കിയിരിക്കുന്നത്.

ഇലക്ടിക് ബസ് നിര്‍മാണ രംഗത്തേക്കും കെഎഎല്‍ ഒരുങ്ങിയിട്ടുണ്ട്. സ്വിസ് വാഹന നിര്‍മ്മാതാക്കളായ ഹെസിന്റെ സഹകരണത്തോടെയാണ് ഇലക്ട്രിക് ബസ് നിര്‍മ്മിക്കുക. കഴിഞ്ഞ മാസം  ജൂണ്‍ 29 ന് എറണാകുളത്ത് നടന്ന ഇലക്ട്രിക് മൊബിലിറ്റി എക്സ്പോയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി ഇതു സംബന്ധിച്ച ധാരണാപത്രം ഹെസ്സിന് കൈമാറിയിരുന്നു. 12 മീറ്റര്‍ മുതല്‍ 35 മീറ്റര്‍ വരെ നീളമുള്ള ഇലക്ട്രിക് ബസ്സുകള്‍ നിര്‍മ്മിക്കാനാണ് തീരുമാനം. വിദേശകമ്പനിയുമായി കൊണ്‍ട്രാക്റ്റില്‍ ഏര്‍പ്പെടുന്നതിന് സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ അനുമതി ആവശ്യമാണ്. അതിനാല്‍ മിനിസ്ട്രി ഓഫ് എക്‌സ്‌റ്റേര്‍ണല്‍ അഫയേര്‍സ്‌ന്റെ അനുമതിക്കായി അയച്ചിരിക്കുകയാണ്. ഇലക്ട്രിക് വാഹന നിര്‍മാണം ആരംഭിക്കുന്നതോടെ സാമ്പത്തിക പ്രതിസന്ധി മറികടന്ന് കെഎഎല്ലിന് വലിയ മുന്നേറ്റം നടത്താനാകും.  വര്‍ഷങ്ങളായി നഷ്ടത്തിലുള്ള സ്ഥാപനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം വലിയ വിറ്റുവരവ് നേടിയിരുന്നു.

Please follow and like us: