തിരുവനന്തപുരം:
കാലവർഷക്കെടുതിയിൽ മുങ്ങിത്താഴ്ന്ന ജില്ലകൾക്ക് സഹായവുമായി വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങൾ. കേരളാ സ്‌റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ്(കെഎസ്ഡിപി), ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്(ടി സി സി), സിഡ്കോ എന്നീ സ്ഥാപനങ്ങളാണ് കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ ജില്ലകൾക്ക് സഹായം എത്തിച്ചത്. മരുന്ന് നിർമ്മിക്കുന്ന
ആലപ്പുഴയിലെ കെഎസ്ഡിപി അര ലക്ഷം രൂപയുടെ വീതം മരുന്നുകൾ അഞ്ചു ജില്ലയ്ക്കുമായി നൽകി. അമ്പതിനായിരം പാരസെറ്റമോൾ ഗുളികകളും അമോക്സിലിൻ, സി ട്രിസിൻ, സിപ്രോഫ്ലോക് സിൻ, നോർപ്പോക്സാസിൻ എന്നീ മരുന്നുകൾ അയ്യായിരം വീതവുമാണ് നൽകിയത്. പൊതു വിപണിയിൽ ഇതിന് 15 ലക്ഷം രൂപയോളം വില വരും.
എറണാകുളം കളമശ്ശേരിയിലെ ടി സി സി തങ്ങളുടെ ഉൽപ്പന്നമായ സോഡാ ബ്ലീച്ച് ‘ ആണ് അഞ്ച് ജില്ലകൾക്കായി നൽകിയത്. ആകെ 12500 ലിറ്റർ സോഡാ ബ്ലീച്ച് ടി സി സി നൽകി. സോഡാ ബ്ലീച്ച് ഒരു ക്ലീനിങ്ങ് ഏജൻറും അണുനാശിനിയുമാണ്. വെള്ളം ഇറങ്ങിയ പ്രദേശങ്ങളിൽ ശുചീകരണത്തിന് സോഡാ ബ്ലീച്ച് ഏറെ പ്രയോജനപ്പെടും. അഞ്ചിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ചാണ് ഇതുപയോഗിക്കേണ്ടത്.
തിരുവനന്തപുരം പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റുമായി സഹകരിച്ചാണ് സിഡ്കോ വിവിധ സാധനങ്ങൾ ശേഖരിച്ച് അയച്ചത്. 3000 കുപ്പിവെള്ളം, 36000 പേപ്പർ കപ്പുകൾ, ബിസ്ക്കറ്റ്, മരുന്ന്, നാപ്കിൻ തുടങ്ങിയവ സിഡ്കോ ദുരിതബാധിതർക്കായി അയച്ചു. കണ്ണൂർ ജില്ലയിലേക്ക് ആദ്യ ലോഡ്  പുറപ്പെട്ടു. തുടർന്നും സാധനങ്ങൾ ശേഖരിച്ച് അയയ്ക്കും

Please follow and like us: