തിരുവനന്തപുരം:   ഇലക്ട്രോണിക്‌സ് ഗവേഷണരംഗത്ത് കെല്‍ട്രോണും കോളേജ് ഒഫ് എഞ്ചിനീയറിങ്ങ് ട്രിവാന്‍ഡ്രവും (സിഇടി) ട്രിവാന്‍ഡ്രം എഞ്ചിനീയറിങ്ങ് സയന്‍സ് ആന്റ് ടെക്‌നോളജി റിസര്‍ച്ച് പാര്‍ക്കും (ടിആര്‍ഇഎസ്ടി)  കൈകോര്‍ക്കുന്നു. ദ്രുതഗതിയില്‍ വളരുന്ന ഈ മേഖലയില്‍ വലിയ കുതിപ്പിന് അവസരമൊരുക്കുന്നതാണ് ഈ ഒത്തുചേരല്‍.

മത്സ്യത്തൊഴിലാളികള്‍ക്ക്  നിര്‍മിച്ച് നല്‍കുന്ന നാവിക് ഉപകരണങ്ങള്‍ പുതിയ സാങ്കേതിക വിദ്യയില്‍ ഇറക്കുക, വൈദ്യുത വാഹനങ്ങള്‍ക്കാവശ്യമായ ഡിസി ചാര്‍ജറുകള്‍ നിര്‍മിക്കുക, ഇന്റര്‍നെറ്റ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന യുപിഎസ് ഇന്‍വര്‍ട്ടറുകള്‍ നിര്‍മിക്കുക തുടങ്ങിയ പദ്ധതികളാണ് സംയുക്ത സംരംഭത്തിലൂടെ കെല്‍ട്രോണ്‍ ഉദ്ദേശിക്കുന്നത്. ഒപ്പം ശ്രീചിത്ര മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് വിവിധ മെഡിക്കല്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനും ലക്ഷ്യമിടുന്നു. നിലവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന നാവിക് ഉപകരണങ്ങള്‍ അയക്കുന്ന അലര്‍ട്ടുകള്‍  മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ മുഖേന ഡീകോഡ് ചെയ്താണ് അറിയാന്‍ കഴിയുന്നത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയാല്‍ അലെര്‍ട്ടുകള്‍ അറിയാന്‍ കഴിയില്ല. ഇത് പരിഹരിക്കുന്നതിന് കുറഞ്ഞ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണത്തിന് സാധിക്കും.

ഡിസി ചാര്‍ജറുകള്‍ വിവിധ വാഹനങ്ങളുടെ ചാര്‍ജിങ് സ്റ്റാന്‍ഡേര്‍ഡുകള്‍ക്കനുസരിച്ചുള്ളതാകും. 50 കിലോവാട്ട് മുതല്‍ 100 കിലോവാട്ട് ശേഷിയിലുള്ള ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജറുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. ഒപ്പം വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷന് ആവശ്യമായ ഹ്യൂമന്‍ മെഷീന്‍ ഇന്റര്‍ഫേസ് വികസിപ്പിച്ച് ഓണ്‍ലൈനായി പണം സ്വീകരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കും. വലിയ വ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന ഇന്‍വര്‍ട്ടറുകള്‍ ഉള്‍പ്പടെ  ഇന്റര്‍നെറ്റിന്റെ സഹായത്തോടെ നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലാണ് യുപിഎസ് ഇന്‍വര്‍ട്ടറുകള്‍ നിര്‍മിക്കക.

തിരുവനന്തപുരം കരകുളത്തുള്ള കെല്‍ട്രോണ്‍ എക്യുപ്‌മെന്റ്  കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ വികസന കേന്ദ്രം മുഖേനയാണ് പദ്ധതി. വൈവിധ്യവല്‍കരണത്തിന്റെ ഭാഗമായി എല്‍ഡിഎഫ് സര്‍ക്കാരാണ്  സ്ഥാപനത്തില്‍ ഗവേഷണ വികസന കേന്ദ്രം ആരംഭിച്ചത്.  വികസന പാതയിലൂടെ മുന്നേറുന്ന കെല്‍ട്രോണിന് പുത്തനുണര്‍വ് നല്‍കാനുതകുന്നതാണ് പുതിയ പദ്ധതി.

Please follow and like us: