തിരുവനന്തപുരം: അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്ത്യയിലെ മികച്ച ഷൂട്ടിംഗ് റേഞ്ചായ വട്ടിയൂര്‍ക്കാവിനെ ഷൂട്ടിംഗ് അക്കാദമിയായി ഉയര്‍ത്തുന്നതിന് ദേശീയ റൈഫിള്‍ അസോസിയേഷനുമായി ധാരണയായി. അക്കാദമിയുടെ പ്രവര്‍ത്തനരീതിയും പ്രവേശനവും  പരിശീലന മാര്‍ഗങ്ങളും തുടങ്ങി അനുബന്ധ നടപടികള്‍ സ്വീകരിക്കുന്നതിന് ചര്‍ച്ചകള്‍ നടക്കുകയാണ്.

35-ാമത് ദേശീയ ഗെയിംസിന്റെ ഭാഗമായി നിര്‍മിച്ച ഷൂട്ടിംഗ് റേഞ്ച് അക്കാദമിയാക്കുന്നതിന്റെ ഭാഗമായി കായികവകുപ്പ്  നവീകരിക്കുകയാണ്.  അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണവും അനുബന്ധ പ്രവൃത്തികളുമാണ് ഇപ്പോള്‍ നടക്കുന്നത്. ഷൂട്ടിങ്ങ് റേഞ്ച് കെട്ടിടത്തിലുള്ള  കോണ്‍ഫറന്‍സ് ഹാള്‍ സീലിംഗ് നടത്തല്‍, ചുറ്റുമുള്ള റോഡില്‍ ടൈല്‍ പകല്‍, ഓടനിര്‍മാണം, ചുറ്റുമതില്‍ നിര്‍മാണം, പാര്‍ക്കിങ്ങ്, റോഡുകളുടെ നിര്‍മാണം, നവീകരണം എന്നീ പ്രവൃത്തികളാണ് പ്രധാനമായും നടക്കുന്നത്.

അതീവ സുരക്ഷയിലുള്ളഷൂട്ടിംഗ് റേഞ്ചിനേയും തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന സെന്‍ട്രല്‍ പോളിടെക്‌നിക്ക് കോളേജിനേയും വേര്‍തിരിച്ച് സംരക്ഷിക്കുന്നതിനാണ് ചുറ്റുമതില്‍. ഒപ്പം ഷൂട്ടിംഗ് റേഞ്ചിലേക്കും, കോളേജിന്റെ ഹോസ്റ്റലിലേക്കുമുള്ള റോഡിന്റെ നിര്‍മാണവും നവീകരണവും പാര്‍ക്കിംഗ് ഏരിയ നിര്‍മാണവും പുരോഗമിക്കുകയാണ്. ഷൂട്ടിംഗ് റേഞ്ചിന്റെ മുന്‍വശത്തും പ്രധാന കവാടത്തിനടുത്തുമാണ് പാര്‍ക്കിങ്ങ് സൗകര്യം ഒരുക്കുന്നത്.  ഒപ്പം ക്രിക്കറ്റ് പരിശീലനത്തിനായി ടെറസ് പൂര്‍ണമായും കമ്പിവലയിട്ടു സുരക്ഷിതമാക്കുകയും കോണ്‍ഫറന്‍സ് ഹാളിലേക്ക് പുറത്തുനിന്ന് കയറുന്നതിന് കോണിപ്പടിയും നിര്‍മിക്കുന്നുണ്ട്.

3.23 കോടി രൂപ ഇതുവരെ ഷൂട്ടിങ്ങ് റേഞ്ചിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത്.  എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന വര്‍ഷം 1.42 കോടി രൂപ ഷൂട്ടിങ്ങ് റേഞ്ചിനായി അനുവദിച്ചിരുന്നു. ഇതുപ്രകാരം ഒന്നാം നിലയിലെ ഹാളില്‍ അക്വാസ്റ്റിക്സ്, ശീതീകരണം, സീലിംഗ്, ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍, സംരക്ഷണ ഭിത്തി എന്നിവ നിര്‍മിച്ചിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷം കായികമേഖലയില്‍ വലിയ കുതിപ്പാണ് സര്‍ക്കാര്‍ കാഴ്ചവെച്ചത്. അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കുകയും ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. മുഴുവന്‍ ജില്ലകളിലും സിന്തറ്റിക്ക് ട്രാക്കുകള്‍ ഉള്‍പ്പടെ അത്യാധുനിക രീതിയിലുള്ള സ്റ്റേഡിയങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഒപ്പം ചെറുപ്രായത്തില്‍ തന്നെ കുട്ടകളെ കണ്ടെത്തി വിദഗ്ദ പരിശീലനം നല്‍കുന്നതിന് ഗ്രാസ്‌റൂട്ട്‌ലവല്‍ പരിശീലന പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്.