തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഷൂട്ടിങ്ങ് റേഞ്ചില്‍ സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ്സ് സെന്റര്‍ പ്രവര്‍ത്തന സജ്ജം. 90.81 ലക്ഷം രൂപ ചെലവില്‍ സംസ്ഥാന കായിക യുവജനകാര്യാലയമാണ് ഫിറ്റ്‌നസ്സ് സെന്റര്‍ നിര്‍മിച്ചത്.  ശീതീകരണ സംവിധാനമുള്‍പ്പടെ ശാരീരികക്ഷമത വര്‍ധിപ്പിക്കുന്നതിന് ആധുനിക ഉപകരണങ്ങളോടെയാണ് ഫിറ്റ്‌നസ്സ്  സെന്റര്‍ ഒരുക്കിയിരിക്കുന്നത്.

ഷൂട്ടിംഗ് റേഞ്ച് സ്റ്റേഡിയത്തിലെ സബ്‌സ്റ്റേഷന്‍ കെട്ടിടത്തോട് ചേര്‍ന്ന് 354 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് ഫിറ്റ്‌നസ്സ് സെന്റര്‍. അത്യാധുനിക കാര്‍ഡിയോ ഉപകരണങ്ങളും പിന്‍ലോഡഡ്, പ്ലേറ്റ് ലോഡഡ് ഉപകരണങ്ങളുമാണ് ഇവിടെ സജ്ജമാക്കിയത്. കായിക വകുപ്പിന്റെ നേരിട്ടുള്ള മേല്‍ നോട്ടത്തില്‍ നിര്‍മിച്ച ഫിറ്റ്‌നസ്സ് സെന്ററിന്റെ നിര്‍മാണ ചുമതല ഊരാളുങ്കല്‍ കോഓപ്പറേറ്റീവ് സൊസൈറ്റിക്കും ഫിറ്റ്‌നസ്സ് ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന ചുമതല എസ് ആന്റ് റ്റി വെല്‍കെയര്‍ പ്രൈവറ്റ് ലിമിറ്റഡിനുമായിരുന്നു.

പൊതുജനങ്ങള്‍ക്കും കായികതാരങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഫിറ്റ്‌നസ്സ് സെന്ററുകള്‍ പ്രവര്‍ത്തിക്കുക. കായികരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം വകുപ്പ് നടപ്പാക്കിയ വിവിധ പരശീലന പദ്ധതികള്‍ക്ക് സഹായകമാകുന്നതാണ് ഫിറ്റ്‌നസ്സ് സെന്ററുകള്‍.  വര്‍ദ്ധിച്ചുവരുന്ന  ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കുക, ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്.

ജില്ലയില്‍ ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തിലും ജിമ്മിജോര്‍ജ് ഇന്റോര്‍ സ്‌റ്റേഡിയത്തിലും സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ്സ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒപ്പം പീരപ്പന്‍കോട് അക്വാട്ടിക്ക് കോംപ്ലക്‌സിലും മൈലം ജി വി രാജ സ്‌പോര്‍ട്‌സ് സകൂളിലും ഫിറ്റ്‌നസ്സ് സെന്ററുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് കായികവകുപ്പിന്റെ ഫിറ്റ്‌നസ്സ് സെന്ററുകള്‍ കൂടുതല്‍ തിരുവനന്തപുരം ജില്ലയിലാണുള്ളത്.

35-ാമത് ദേശീയ ഗെയിംസിന്റെ ഭാഗമായി നിര്‍മിച്ച ഷൂട്ടിംഗ് റേഞ്ചിനെ അക്കാദമിയായി ഉയര്‍ത്തുന്നതിന് ദേശീയ റൈഫിള്‍ അസോസിയേഷനുമായി ധാരണയായിട്ടുണ്ട്. അതിന്റെ ഭാഗമായികൂടിയാണ്   അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണവും അനുബന്ധ പ്രവൃത്തികളും കായികവകുപ്പ്  നടത്തുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷം കായികമേഖലയില്‍ വലിയ കുതിപ്പാണ് സര്‍ക്കാര്‍ കാഴ്ചവെച്ചത്. അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കുകയും ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. മുഴുവന്‍ ജില്ലകളിലും സിന്തറ്റിക്ക് ട്രാക്കുകള്‍ ഉള്‍പ്പടെ അത്യാധുനിക രീതിയിലുള്ള സ്റ്റേഡിയങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഒപ്പം ചെറുപ്രായത്തില്‍ തന്നെ കുട്ടകളെ കണ്ടെത്തി വിദഗ്ദ പരിശീലനം നല്‍കുന്നതിന് ഗ്രാസ്റൂട്ട്ലവല്‍ പരിശീലന പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്.