തിരുവനന്തപുരം: പാലയില്‍ നടക്കുന്ന സംസ്ഥാന ജുനിയര്‍ കായികമേളയ്ക്കിടെ ഹാമര്‍ കൊണ്ട് പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് ആവശ്യമായ എല്ലാ ചികിത്സാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കുമെന്ന് കായികമന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു. ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജിലാണ് അഫീല്‍ ജോണ്‍സണ്‍ എന്ന വിദ്യാര്‍ത്ഥി. കുട്ടിയ്ക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടു. ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കോട്ടയം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. കായികമേളയ്ക്കിടയില്‍ ഇത്തരമൊരു അപകടം ഉണ്ടായത് ഏറെ ഖേദകരമാണ്. ഇത്തരം കായികമേളകള്‍ക്കിടയില്‍ വേണ്ട സുരക്ഷാ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഏതു സാഹചര്യത്തിലാണ് ഇത്തരമൊരു അപകടം നടന്നതെന്ന് പരിശോധിക്കും. അധികൃതരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. കായികമേളകളില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു.