തിരുവനന്തപുരം: ലോകത്തെ ഏറ്റവും ബൃഹത്തായ വിവിധോദ്ദേശ്യ ജലസേചനപദ്ധതിയായ തെലങ്കാനയിലെ കാളേശ്വരം പദ്ധതിക്ക് ഊര്‍ജം പകരുന്നത് കേരളത്തിന്റെ വമ്പന്‍ ട്രാന്‍സ്‌ഫോമറുകള്‍. കേരള വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനം ട്രാന്‍സ്ഫോമേഴ്സ് ആന്റ് ഇലക്ടിക്കല്‍സ് കേരള ലിമിറ്റഡ് (ടെല്‍ക്) 71 ട്രാന്‍സ്‌ഫോമറുകളാണ് കാളേശ്വരം പദ്ധതിക്കായി നിര്‍മിച്ച് നല്‍കിയത്. 400, 220 കിലോ വാട്ടുകളുടെ ട്രാന്‍സ്‌ഫോമറുകളാണ് നിര്‍മിച്ചത്.

കാളേശ്വരം പദ്ധതിയ്ക്കായി 384 കോടി രൂപയുടെ ഓര്‍ഡറാണ്  ടെല്‍കിന് ലഭിച്ചത്. 2017 മാര്‍ച്ചില്‍ ആരംഭിച്ച ട്രാന്‍സ്‌ഫോമര്‍ നിര്‍മാണം കഴിഞ്ഞ മാസം  പൂര്‍ത്തിയായി. 16 മേഗാവാട്ട് മുതല്‍ 315 മെഗാവാട്ട് വരെ ശേഷിയുള്ളവയാണിവ. റോഡ്മാര്‍ഗം പ്രത്യേകം സജ്ജീകരണങ്ങളുള്ള കണ്ടെയ്‌നര്‍ ട്രക്കുകള്‍ വഴിയാണ് ട്രാന്‍സ്‌ഫോമറുകള്‍ തെലങ്കാനയില്‍ എത്തിച്ചത്.

കാളേശ്വരം പദ്ധതിയുടെ ഭാഗമായി ലഭിച്ച ഓര്‍ഡര്‍ സ്ഥാപനത്തെ വലിയ കുതിപ്പിലേക്കെത്തിച്ചു. നിലവില്‍  സംസ്ഥാന വൈദ്യുതബോര്‍ഡിനും ഇതര സംസ്ഥാന വൈദ്യുത ബോര്‍ഡുകള്‍ക്കും ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്‌ഫോമറുകള്‍ ടെല്‍ക്ക് നിര്‍മിച്ചു നല്‍കുന്നുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷം തുടര്‍ച്ചയായ മൂന്നു വര്‍ഷവും സ്ഥാപനം ലാഭത്തില്‍ എത്തി. 2015-16ല്‍ 14.79 കോടി രൂപയുടെ വലിയ നഷ്ടത്തിലായിരുന്നു.

കഴിഞ്ഞ ബജറ്റില്‍ 10 കോടിരൂപ കമ്പനിക്കായി സര്‍ക്കാര്‍ വകയിരുത്തി. 2018-19 സാമ്പത്തികവര്‍ഷം 7.99 കോടി രൂപയുടെ ലാഭം കൈവരിച്ച കമ്പനി 202.27 കോടി രൂപയുടെ വിറ്റുവരവ് നേടിയിരുന്നു. വിറ്റുവരവില്‍ ടെല്‍ക്കിന്റെ ഏറ്റവും വലിയ രണ്ടാമത്തെ നേട്ടമാണിത്. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ നയങ്ങള്‍ സ്ഥാപനത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിച്ചു.