തിരുവനന്തപുരം: സംസ്ഥാന  യുവജന ക്ഷേമ ബോര്‍ഡ് രൂപീകരിച്ച സന്നദ്ധ സേവനസേന ‘കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ്’ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുന്നു. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പഞ്ചായത്തുകളില്‍ സേന രൂപീകരിക്കുന്നത്. ചുരുങ്ങിയത് 10 പേരടങ്ങുന്ന സന്നദ്ധ സേവനസേന  രൂപീകരിക്കാനാണ് യുവജനക്ഷേമ ബോര്‍ഡ് ലക്ഷ്യമിടുന്നത്. ഇവര്‍ പ്രാദേശിക തലത്തില്‍ സന്നദ്ധ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തും.

പഞ്ചായത്ത്തല പരിശീലകര്‍ക്കുള്ള പരിശീലനം ഈ മാസം അവസാനം തിരുവനന്തപുരത്ത് ആരംഭിക്കും. നിലവില്‍ സേനയിലെ അംഗങ്ങളായ 1200 പേരില്‍ നിന്നാണ് പഞ്ചായത്ത്തല പരിശീലകരെ കണ്ടെത്തുക. കായിക പരിശീലനത്തോടൊപ്പം കുടിവെള്ള സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ മേഖലകളില്‍ ബോധവല്‍കരണ ക്ലാസുകളും പരിശീലകര്‍ക്ക് നല്‍കും.

ആദ്യ ഘട്ടത്തില്‍ 14 ജില്ലകളിലായി 1200 പേര്‍ക്ക്  പരിശീലനം നല്‍കിയിരുന്നു. രണ്ട് തവണയായാണ് പരിശീലനം നല്‍കിയത്. ഒപ്പം തെരഞ്ഞെടുക്കപ്പെട്ട 200 പേര്‍ക്ക് ഫയര്‍ ആന്റ് സേഫ്റ്റിയില്‍ മികച്ച പരിശീലനവും നല്‍കിയിരുന്നു. 2018ലെ പ്രളയദുരന്തത്തില്‍ കൈത്താങ്ങായ യുവജനങ്ങളെ അണിനിരത്തി കേരളത്തിന് സ്ഥിരമായൊരു സന്നദ്ധ സേവനസേന എന്ന ലക്ഷ്യത്തോടെയാണ് കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് രൂപീകരിച്ചത്.

Please follow and like us: