തിരുവനന്തപുരം:  മുളയുല്‍പ്പന്നങ്ങളുടെ ആഗോളവിപണനവും പ്രചാരണവും ലക്ഷ്യമിട്ട് പുത്തന്‍ വെബ്‌സൈറ്റുമായി കേരള സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍. സ്ഥാപനത്തെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും കോര്‍ത്തിണക്കിയാണ്  വെബ്സൈറ്റ് ആരംഭിച്ചത്. ഒപ്പം ഉപഭോക്താക്കള്‍ക്കുള്ള  ഓണലൈന്‍ വ്യാപാരമായ  ഇ-കാര്‍ട്ട് സേവനങ്ങളും സൈറ്റ് വഴി ലഭിക്കും. മുളയുല്‍പന്ന വിപണിയില്‍ കൂടുതല്‍ സജീവമാകാനും കോര്‍പറേഷന്റെ ഉല്‍പന്നങ്ങള്‍ ജനകീയമാക്കുന്നതിനും വെബ്സൈറ്റിലൂടെ സാധിക്കും. കോര്‍പ്പറേഷന്റെ മുഴുവന്‍ ക്രയവിക്രയങ്ങളും ഇതോടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലേക്ക് മാറുകയാണ്.  ഈ സാധ്യതകള്‍ ഫലപ്രദമായി പരമ്പരാഗത മേഖലയിലും പ്രയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. കോര്‍പ്പറേഷന്റെ മുഴുവന്‍ ഉല്‍പന്നങ്ങളെക്കുറിച്ചും ചിത്രസഹിതം വെബ്സൈറ്റിലൂടെ അറിയാനാകും. ഒപ്പം സ്ഥാപനവുമായി ബന്ധപ്പെടാനും ഉല്‍പന്നങ്ങള്‍ വാങ്ങാനും വൈബ്സൈറ്റ് സഹായിക്കും. ഓണ്‍ലൈന്‍ വഴി ഉല്‍പന്നങ്ങള്‍ തെരഞ്ഞെടുത്ത് ഓര്‍ഡര്‍ ചെയ്യാനും ഓണ്‍ലൈന്‍ വഴി തന്നെ പണം അടയ്ക്കാനും സംവിധാനമുണ്ട്. അതോടെ ലോകത്തിന്റെ ഏത് ഭാഗത്തേക്കും ഈ ഉള്‍പന്നങ്ങള്‍ എത്തിക്കാനാകും. പരമ്പരാഗത ഉല്‍പന്നങ്ങള്‍ക്ക് വിദേശവിപണികളില്‍ നിരവധി ആവശ്യക്കാരുണ്ട്.

ഏറ്റവും നൂതനമായ സ്വതന്ത്ര സോഫ്ട്വെയര്‍ സംവിധാനം ഉപയോഗിച്ചാണ് സൈറ്റ് തയാറാക്കിയത്.  ബാംബൂ കോര്‍പ്പറേഷന്‍ പൂര്‍ണ്ണതോതില്‍ കംപ്യൂട്ടറൈസ് ചെയ്യുന്നതിനുള്ള എന്റര്‍പ്രൈസസ് റിസോഴ്സ് പ്ലാനിങ്ങും (ERP) ഇതിന്റെ ഭാഗമായി തുടക്കം കുറിച്ചു. ഫിന്‍വിന്‍ ടെക്നോളജീസ് എന്ന കമ്പനിയാണ് സൈറ്റ് ഒരുക്കിയത്. പൂര്‍ണമായും ഡിജിറ്റല്‍ ആകുന്നതോടെ കോര്‍പറേഷന് ധാരാളം ഓര്‍ഡറുകള്‍ ലഭിക്കാനും ലോക കമ്പോളത്തിന്റെ ശ്രദ്ധയില്‍പ്പെടാനും കഴിയുമെന്നാണ് പ്രതീക്ഷ. നിയമസഭാ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ വ്യവസായമന്ത്രി ഇ പി ജയരാജന്‍ സൈറ്റിന്റെ ലോഞ്ചിങ് നടത്തി. കോര്‍പ്പറേഷന്‍ വിപണിയിലിറക്കുന്ന ഉല്‍പന്നങ്ങളുടെ വിശദവിവരങ്ങളടങ്ങിയ ക്യാറ്റലോഗും ചടങ്ങില്‍ പ്രകാശിപ്പിച്ചു. കാലത്തിന് അനുസരിച്ച മാറ്റവുമായാണ് ഇന്ന് ബാംബൂ കോര്‍പ്പറേഷന്‍ ജനങ്ങള്‍ക്ക്  മുന്നിലെത്തുന്നതെന്ന് മന്ത്രി പറഞ്ഞു.  പരമ്പരാഗത വ്യവസായങ്ങളുടെ വളര്‍ച്ചയോടെ ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കാനും  വിപണികള്‍ വലിയ രീതിയില്‍ വിപുലീകരിക്കുന്നത് കൂടുതല്‍ തൊഴിലുകള്‍ ഉണ്ടാകാന്‍ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വെബ്‌സൈറ്റ് വിലാസം www.bambooworldindia.com