തിരുവനന്തപുരം: കലാകൗമുദി ചീഫ് എഡിറ്റര്‍ എം എസ് മണിയുടെ നിര്യാണത്തില്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അനുശോചിച്ചു. മാധ്യമ രംഗത്തെ അതികായനായ എം എസ് മണിയുടെ വിയോഗം മലയാള മാധ്യമരംഗത്തിന് കനത്ത നഷ്ടമാണെന്നും അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ തന്റെതായ മുദ്ര പതിപ്പിച്ച അദ്ദേഹം മാധ്യമ ലോകത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഓള്‍ ഇന്ത്യ ന്യൂസ്‌പേപ്പര്‍ എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച എംഎസ് മണി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗുരുതുല്യനാണ്. 1961ല്‍ കേരളകൗമുദിയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി ചേര്‍ന്ന അദ്ദേഹം മലയാള മാധ്യമരംഗത്ത് ഒന്നാം നിരയിലേക്ക് ഉയര്‍ന്നു. ലേഖകനില്‍ നിന്ന് പത്രാധിപനിലേക്കുള്ള യാത്രയില്‍ നിരവധി അനുഭവങ്ങള്‍ നെയ്‌തെടുത്തു. നിരവധിപേരെ മാധ്യമരംഗത്തേക്ക് കൈപിടിച്ചുയര്‍ത്തി. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായി ഊഷ്മള ബന്ധം സൂക്ഷിച്ച എം എസ് മണിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.