ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ 600 കോടി രൂപയുടെ ലോജിസ്റ്റിക്സ് പാർക്ക്
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ കേരളത്തിന് ലഭിച്ച അദാനി ഗ്രൂപ്പിൻ്റെ 600 കോടി രൂപയുടെ ലോജിസ്റ്റിക്സ് പാർക്ക് നിർമ്മാണമാരംഭിക്കുന്നു.
കേരളത്തിൻ്റേയും കളമശ്ശേരിയുടെയും വ്യവസായ ചരിത്രത്തിലെ വലിയ ചുവടുവെയ്പായി അദാനി ലോജിസ്റ്റിക്സ് പാർക്ക് മാറും. ഐ.കെ.ജി.എസിലെ നിക്ഷേപ വാഗ്ദാനം അതിവേഗത്തിൽ നിർമ്മാണ ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാൻ സാധിച്ചു. ഈ പദ്ധതിയിലൂടെ ആയിരക്കണക്കിന് തൊഴിലവസരങ്ങളും കളമശ്ശേരിയിൽ സൃഷ്ടിക്കപ്പെടും.
70 ഏക്കർ ഭൂമിയിൽ 13 ലക്ഷം ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ള സംയോജിത ലോജിസ്റ്റിക്സ് പാർക്ക് ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ അടിസ്ഥാനമാക്കിയായിരിക്കും പ്രവർത്തിക്കുക. ഗതാഗതച്ചെലവ് കുറയ്ക്കുന്നതിനൊപ്പം ഇ-കൊമേഴ്‌സ്, എഫ്.എം.സി.ജി., ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽ, റീട്ടെയിൽ എന്നീ മേഖലകളിലെ കയറ്റുമതി വർധിപ്പിക്കുന്നതിനുമായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ, ഡിജിറ്റൽ ഇൻറഗ്രേഷൻ, സ്മാർട്ട് ലോജിസ്റ്റിക്സ് സൊല്യൂഷൻസ് എന്നിവയും ഇവിടെ ഒരുക്കുന്നുണ്ട്. ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ശക്തമായ പിന്തുണ നൽകാനും പദ്ധതിക്ക് സാധിക്കും.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ കേരളത്തിലേക്കെത്തിയ നിക്ഷേപമാണ് 600 കോടി രൂപയുടെ ലോജിസ്റ്റിക്സ് പാർക്ക്.