Systrom Technologies started operations in Thiruvananthapuram; 1000 crore turnover target

സിസ്ട്രോം ടെക്നോളജീസ് തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങി; 1000 കോടി വിറ്റുവരവ് ലക്ഷ്യം

രാജ്യത്തെ ടെലികോം, നെറ്റ് വര്‍ക്കിങ് ഉത്പന്ന മേഖലയിലെ പ്രമുഖ നിര്‍മ്മാതാക്കളായ സിസ്‌ട്രോം ടെക്‌നോളജീസിൻ്റെ ആദ്യ മാനുഫാക്ചറിങ്ങ് യൂണിറ്റ് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു. കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻ്റ് വീഡിയോ പാർക്കിലാണ് സിസ്ട്രോമിൻ്റെ ഇലക്ട്രോണിക്സ് മാനുഫാക്ചറിങ്ങ് യൂണിറ്റ് പ്രവർത്തനം തുടങ്ങിയത്. തിരുവനന്തപുരം അന്താരാഷ്ട്ര തുറമുഖനഗരമായതിന് ശേഷം മാനുഫാക്ചറിംഗ് മേഖലയിൽ ജില്ലയിലേക്ക് എത്തുന്ന ആദ്യത്തെ സുപ്രധാന നിക്ഷേമാണിത്.

100 കോടിയിലധികം രൂപയുടെ നിക്ഷേപവുമായി ആരംഭിച്ച ഇലക്ട്രോണിക്സ് ഇക്വിപ്മെൻ്റ്സ് യൂണിറ്റ് വിപുലീകരിക്കാൻ ആലോചിക്കുകയാണ്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 1000 കോടിയിലധികം വിറ്റുവരവ് കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

അത്യന്താധുനിക ടെലികോം, നെറ്റ് വര്‍ക്കിങ് ഉത്പന്നങ്ങളുടെ നിര്‍മ്മാണകേന്ദ്രം തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചതിലൂടെ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ രാജ്യത്തെ സ്വയംപര്യാപ്തമാക്കാനുള്ള ശ്രമത്തിൽ കേരളത്തിനും സുപ്രധാന സ്ഥാനം ലഭിക്കും. വ്യവസായ മേഖലയിലെ കുതിച്ചു ചാട്ടത്തിനും സിസ്‌ട്രോമിന്റെ ഈ ചുവട് വെയ്പ്പ് കാരണമാകും. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഉത്പാദനം നാലിരട്ടിയാകുമെന്ന കമ്പനിയുടെ പ്രഖ്യാപനം കേരളത്തിലുള്ള നിക്ഷേപകരുടെ വിശ്വാസം പ്രകടമാക്കുന്നതാണ്. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളര്‍ച്ചയുടെ വേഗം വർധിപ്പിക്കാനും കമ്പനിയുടെ വരവ് സഹായകമാകും.

കേരളത്തിൻ്റെ വ്യവസായ നയത്തിൽ ഉൾപ്പെടുത്തിയ 18 പ്രത്യേക മുൻഗണനാ വിഭാഗത്തിൽ വരുന്ന ഇലക്ട്രോണിക്സ് മേഖലയിലും ഗണ്യമായ തോതിൽ നിക്ഷേപങ്ങൾ കടന്നുവരുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ ബഹുരാഷ്ട്ര കമ്പനികളുടെയും സ്റ്റാർട്ടപ്പുകളുടെയും സാന്നിധ്യവും ഉണ്ടാകുന്നു. മാനുഫാക്ചറിങ്ങ് രംഗത്തുൾപ്പെടെ ലക്ഷ്യമിടുന്നത് പ്രകാരമുള്ള നൂതന വ്യവസായങ്ങളെ ആകർഷിക്കാൻ കേരളത്തിന് സാധിക്കുന്നുണ്ട്. ഇതിനെ കൂടുതൽ ശക്തിപ്പെടുത്താൻ ആവശ്യമായ ചുവടുവയ്പ്പുകൾ സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാകും.