തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിനു ( കെ എസ് ഐ ഇ) കീഴിലുള്ള കേരളാ സോപ്സ്  ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിച്ച് വിപണിയിലിറക്കി. കേരള സാന്‍ഡല്‍ എന്ന ബ്രാന്‍ഡില്‍ ദിവസം 15000 ബോട്ടിലുകളാണ് ഉല്‍പാദിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാണ് നിലവാരമുള്ള സാനിറ്റൈസര്‍ തയ്യാറാക്കിയത്. ആദ്യ ഘട്ടത്തില്‍ 100 മില്ലി ഗ്രാമിന്റെ അറുപതിനായിരം ബോട്ടില്‍ വിപണിയില്‍ എത്തിക്കും. ബോട്ടിലിന് 49 രൂപയാണ് വില.  കൊവിഡ് 19 പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യവസായ മന്ത്രി ഇ പി ജയരാജന്‍ നിര്‍ദേശിച്ച പ്രകാരമാണ് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് കെ എസ് ഐ ഇ മുന്നിട്ടിറങ്ങിയത്. വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ  ആലപ്പുഴയിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെ എസ് ഡി പി) രണ്ടാഴ്ച മുമ്പ് സാനിറ്റൈസര്‍ നിര്‍മ്മാണം തുടങ്ങിയിരുന്നു. ദിവസേന ഇരുപത്തയ്യായിരം ലിറ്റര്‍ ഹാന്‍ഡ് സാനിറ്‌സൈര്‍ കെ എസ് ഡി പി തയ്യാറാക്കുന്നുണ്ട്. കെ എസ് ഐ ഇയുടെ കരിപ്പൂരിലെ എയര്‍ കാര്‍ഗോ കോംപ്ലക്‌സ് ഹാന്‍ഡ് സാനിറ്റൈസര്‍ ഉല്‍പാദനത്തിന് സജ്ജമാക്കി. എക്സൈസ് വകുപ്പില്‍ നിന്ന് ലഭ്യമാക്കിയ സ്പിരിറ്റ് ഉപയോഗിച്ചാണ് ഉല്‍പ്പാദനം. മലബാര്‍ മേഖലയിലെ ഹാന്‍ഡ് സാനിറ്റൈസര്‍ ക്ഷാമത്തിന് ഇതോടെ പരിഹാരമാകും. കോഴിക്കോട്, കണ്ണൂര്‍,  കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ കണ്‍സ്യൂമര്‍ ഫെഡ്, നീതി മെഡിക്കല്‍ സ്റ്റോര്‍ വഴി ആദ്യഘട്ടത്തില്‍ വിപണനം നടത്തും. ആവശ്യക്കാര്‍ക്ക് സ്ഥാപനത്തില്‍ നിന്ന് നേരിട്ടും ലഭിക്കും. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലിക്വിഡ് ഹാന്‍ഡ് വാഷ് കേരള സോപ്സ് വിപണിയില്‍ എത്തിച്ചിരുന്നു. കൊവിഡ് ഭീഷണി മാറിയ ശേഷവും ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ നിര്‍മ്മാണം തുടരാനാണ് തീരുമാനമെന്ന് കെ എസ് ഐ ഇ മാനേജിങ്ങ് ഡയറക്ടര്‍ വി ജയകുമാരന്‍ പിള്ള അറിയിച്ചു. ഇതിനായി തെക്കന്‍ കേരളത്തില്‍ ഒരു നിര്‍മ്മാണ യൂണിറ്റ് തുടങ്ങാനും പദ്ധതിയുണ്ട്.