തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് റൂട്രോണിക്‌സിന്റെ ഓണ്‍ലൈന്‍ പഠന പദ്ധതിക്ക് തുടക്കമായി.  മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ  ഉദ്ഘാടനം നിര്‍വഹിച്ചു. നൂതന സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനാണ് പദ്ധതി. കൊവിഡ് സൃഷ്ടിച്ച അസാധാരണ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ട്രെയിനിങ് പ്രോഗ്രാമിനുള്ള സാധ്യതയും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കേണ്ട ആവശ്യകതയും മുന്‍നിറുത്തിയാണ്  ഓണ്‍ലൈന്‍ പഠന പദ്ധതി ആവിഷ്‌കരിച്ചത്.

കേരളത്തെ ഓണ്‍ലൈന്‍ പരിശീലനത്തിന്റെ ഹബ്ബാക്കി മാറ്റാനും സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഓണ്‍ലൈന്‍ പഠനം, ഇന്റേണ്‍ഷിപ്, കരിക്കുലം പ്രൊജക്ടുകള്‍, യുജിസി നിഷ്‌കര്‍ഷിക്കുന്ന കോഴ്‌സുകള്‍ എന്നിവ നടപ്പാക്കാനും സാങ്കേതിക സഹായം നല്‍കാനുമുള്ള സംവിധാനമാണ് റൂട്രോണിക്‌സ് സജ്ജമാക്കിയിരിക്കുന്നത്. ടാലി എജ്യുക്കേഷനുമായി സഹകരിച്ച് അക്കൗണ്ടിംഗ് മേഖലയിലെ ടാലി കോഴ്‌സുകളും ഈ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാകും. കോഴ്‌സുകള്‍ക്ക് റൂട്രോണിക്‌സും ടാലിയും ജോയിന്റ് സര്‍ട്ടിഫിക്കേഷന്‍ സംവിധാനവും നടപ്പാക്കും.

വിദേശങ്ങളില്‍നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് വരുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനുള്ള ഓണ്‍ലൈന്‍ പരിശീലനത്തിനും തുടക്കകാര്‍ക്കും പ്രൊഫഷണലുകള്‍ക്കും വേണ്ടി ഉന്നതനിലവാരമുള്ള കോഴ്‌സുകളും   പദ്ധതിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.  ഒപ്പം പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പരിശീലനം, സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരുടെ പരിശീലനം, സ്‌കൂളുകളിലേയും കോളേജുകളിലേയും അധ്യാപകരുടെ ഫാക്കല്‍റ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമുകള്‍ എന്നിവയും ഇതിലൂടെ നടപ്പാക്കാനാകും. നോര്‍ക്ക, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ്, യുവജന ക്ഷേമ ബോര്‍ഡ്, വനിതാ വികസന കോര്‍പ്പറേഷന്‍, കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്, കുടുംബശ്രീ, ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, എന്റര്‍പ്രണര്‍ഷിപ്പ് ക്ലബ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, ഐ ടി ഐ, പോളിടെക്‌നിക്ക് തുടങ്ങിയവയുടെ സഹായത്തോടെയാണ് നടപ്പാക്കുക.

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ഡാറ്റ സയന്‍സ്, ബിസിനസ്സ് ഇന്റലിജന്‍സ് തുടങ്ങി എഞ്ചിനീയറിംഗ് മേഖലകളില്‍ ആവശ്യമുള്ള
സോളിഡ് വര്‍ക്കുകള്‍ പോലുള്ള കോഴ്‌സുകള്‍ ഈ ഓണ്‍ലൈന്‍ പഠന പദ്ധതിയില്‍ ലഭ്യമാണ്. പുതിയ കോഴ്‌സുകള്‍ക്കൊപ്പം എത്തിക്കല്‍ ഹാക്കിങ്ങ് പോലുള്ള വിഷയങ്ങളില്‍ വിവിധ കോഴ്‌സുകളും നടപ്പാക്കും.  റൂട്രോണിക്‌സിന്റെ 30 കോഴ്‌സുകള്‍ സംസ്ഥാന സര്‍ക്കാര്‍ ജോലികള്‍ക്ക് അംഗീകൃതമാണ്. നിലവില്‍ കേരളത്തിലെ എല്ലാ ജില്ലയിലും സാന്നിധ്യമുള്ള റൂട്രോണിക്‌സ് എഡ്യൂക്കേഷന്‍ നെറ്റ് വര്‍ക്കില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലായി ഇരുപതിനായിരത്തില്‍പരം വിദ്യാര്‍ത്ഥികള്‍ വര്‍ഷം പരിശീലനം നേടുന്നുണ്ട്.