തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന പൊതുമേഖലാ സ്ഥാപനമായ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന  കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡില്‍(കെ എം എം എല്‍) ലാപ്പാതൊഴിലാളികളെ കമ്പനിക്ക് കീഴിലെ കോണ്‍ട്രാക്റ്റ് തൊഴിലാളികളായി നിയമിച്ച് ഉത്തരവായി. 726 ലാപ്പ തൊഴിലാളികളാണ് നിയമനഉത്തരവ് നേടിയത്. ഇതോടെ ലാപ്പാ സൊസൈറ്റിക്ക്  വര്‍ഷം കമ്മീഷന്‍ ഇനത്തില്‍ നല്‍കുന്ന 60 ലക്ഷം രൂപ മിച്ചം വെക്കാനാകും.

20 വര്‍ഷത്തിന് മുകളിലായി ലാപ്പാ തൊഴിലാളികളായി ജോലി ചെയ്തവരാണ് കമ്പനി തൊഴിലാളികളാകുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ കെഎംഎംഎല്ലി ന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നടപടിയെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ്  താല്‍ക്കാലികക്കാരായ ലാപ്പ തൊഴിലാളികളെ കമ്പനി തൊഴിലാളികളാക്കിയത്. ലാപ്പാ തൊഴിലാളികളുടെ ജീവിത സ്വപ്‌നമാണ് ഇതിലൂടെ സഫലമാകുന്നത്. സാധാരണ ജോലിക്കാര്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങളൊന്നും ഇവര്‍ക്ക്  ലഭിക്കാറില്ല. കുറേ കാലമായി ജോലി ചെയ്യുന്ന ഇവരുടെ കാര്യം വ്യവസായ മന്ത്രി ഇ പി ജയരാജന്‍ മാനേജുമെന്റുമായി കഴിഞ്ഞ വര്‍ഷം ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന് നിയമനത്തിനുള്ള നടപടികള്‍ പുരോഗമിക്കകയായിരുന്നു. ഇവര്‍ക്ക്  ഇനിമുതല്‍ കെഎംഎംഎല്‍ യൂണിഫോം ധരിച്ച് ജോലിക്കെത്താനാകും.

കഴിഞ്ഞ സാമ്പത്തികവര്‍ഷം കെഎംഎംഎല്ലില്‍ ശമ്പളപരിഷ്‌കരണവും നടപ്പാക്കിയിരുന്നു. കമ്പനിയുടെ തനത് ഫണ്ടില്‍ നിന്ന്  32 കോടി രൂപ  നല്‍കിയാണ് പരിഷ്‌കരണം നടപ്പാക്കിയത്. ഈ സര്‍ക്കാരിന് കീഴില്‍ കെഎംഎംഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം എന്ന നേട്ടവും കൈവരിച്ചിരുന്നു.