തിരുവനന്തപുരം: വ്യവസായ അടിസ്ഥാന സൗകര്യ വികസനത്തില്‍ കേരള വ്യവസായ പശ്ചാത്തല വികസന കോര്‍പ്പറേഷന്‍ (കിന്‍ഫ്ര)  കഴിഞ്ഞ നാലുവർഷത്തിനിടെ റെക്കോഡ്‌ മുന്നേറ്റം കൈവരിച്ചു. ഈ കാലയളവിൽ 144 ഏക്കർ ഭൂമി അനുവദിച്ചു. 680 കോടിയുടെ നിക്ഷേപം സൃഷ്‌ടിച്ചു. 6948 തൊഴിൽ സൃഷ്‌ടിച്ചു. വരുമാനം 44.40 കോടിയായി ഉയർത്തി. ഇതൊരു റെക്കോഡാണെന്ന്‌  വ്യവസായ മന്ത്രി ഇ പി ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നിക്ഷേപകര്‍ക്ക്‌ അനുയോജ്യമായ രീതിയില്‍ ഭൂമി, ഗതാഗതം, വൈദ്യുതി, ജലം, വാര്‍ത്താവിനിമയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാണ്‌ കിൻഫ്ര ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്‌. . ‘അസന്‍ഡ്’ നിക്ഷേപ സംഗമത്തില്‍ 2000 കോടിയുടെ നിക്ഷേപ വാഗ്ദാനം കിന്‍ഫ്രയ്ക്ക്ക് ലഭിച്ചു. 14 ധാരണാപത്രങ്ങള്‍ ഇതിനോടകം ഒപ്പുവെച്ചു. കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിക്കായി കൊച്ചിയിലും പാലക്കാടും ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുന്നു. ഒരു ലക്ഷം തൊഴിലും പതിനായിരം കോടിയുടെ നിക്ഷേപവുമാണ് ഇടനാഴിയിലൂടെ പ്രതീക്ഷിക്കുന്നത്.

കിന്‍ഫ്രയുടെ കീഴില്‍ 25 വ്യവസായ പാര്‍ക്കുകളും 800ലേറെ യൂണിറ്റുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുമേഖലയില്‍ രാജ്യത്തെ ആദ്യ ഡിഫന്‍സ് പാര്‍ക്ക് പാലക്കാട്ടെ ഒറ്റപ്പാലത്ത് പൂര്‍ത്തിയായി. പ്രതിരോധ മേഖലയ്‌ക്ക്‌ ആവശ്യമായ ഉപകരണങ്ങളും മറ്റും ഉൽപ്പാദിപ്പിക്കുന്ന കേന്ദ്രമായി ഡിഫൻസ്‌ പാർക്കിനെ മാറ്റും.
ഭക്ഷ്യ വിഭവങ്ങളുടെ സംസ്‌കരണവും കയറ്റുമതിയും ലക്ഷ്യമിട്ട് പാലക്കാട് മെഗാ ഫുഡ് പാര്‍ക്ക് പൂർത്തിയായി. ഉദ്‌ഘാടനം ഉടൻ നടക്കും. കൊച്ചിയില്‍ 479 ഏക്കറില്‍ പെട്രോകെമിക്കല്‍ പാര്‍ക്ക് നിമ്മാണം ഉടന്‍ ആരംഭിക്കും. ഇവിടെ 100 ഏക്കറില്‍ ഫാര്‍മ പാര്‍ക്ക് സ്ഥാപിക്കാന്‍ ധാരണയായി. ഒപ്പം ലോജിസ്റ്റിക് ഹബ് ആരംഭിക്കാനും 70 ഏക്കര്‍ നിക്ഷേപകര്‍ക്ക് അനുവദിക്കാനുമുള്ള തയാറെടുപ്പിലാണ്.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് വാണിജ്യ-വ്യവസായ സംരംഭങ്ങള്‍ക്കുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 4896 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മട്ടന്നൂരില്‍ 127 ഏക്കറില്‍ ആരംഭിക്കുന്ന വ്യവസായ പാര്‍ക്കിന്റെ രണ്ടാംഘട്ടം പൂര്‍ത്തിയായി. ഇവിടെ എക്‌സ്‌പോര്‍ട് എന്‍ക്ലേവും അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ & എക്‌സിബിഷന്‍ കേന്ദ്രവും നിര്‍മ്മിക്കും. സ്പൈസസ് പാര്‍ക്കിന്റെ ആദ്യഘട്ടം തൊടുപുഴയിലെ മുട്ടത്ത് തുടങ്ങി. പിണറായിയില്‍ ജൈവവൈവിധ്യ പാര്‍ക്കിന് ഭരണാനുമതി ലഭിച്ചു. കൊല്ലം മുണ്ടക്കലില്‍ വ്യവസായ പാര്‍ക്കിന്റെ നിര്‍മാണത്തെ അടുത്ത മാസം ആരംഭിക്കും.

കെട്ടിടം നിര്‍മ്മിച്ച് നിക്ഷേപകര്‍ക്ക് കൈമാറുന്ന പദ്ധതിയായ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാകറ്ററികള്‍ക്ക് (എസ്.ഡി.എഫ്) മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. 4 വര്‍ഷം കൊണ്ട് വിവിധ കേന്ദ്രങ്ങളിലായി  3.60  ലക്ഷം ചതുരശ്ര അടി ഇതുവരെ അലോട്ട് ചെയ്തു. ഇക്കഴിഞ്ഞ ജനുവരിയില്‍ കൊരട്ടി പാര്‍ക്കില്‍ ആരംഭിച്ച എസ്.ഡി.എഫ് പൂര്‍ണ്ണമായും ഉദ്ഘാടനദിവസം തന്നെ അലോട്ട് ചെയ്തു. 25 കോടി മുതല്‍ മുടക്കും 250 ലേറെ തൊഴിലും ഇവിടെ സൃഷ്‌ടിച്ചു. എല്‍.ഡി.എഫ് ഗവണ്മെന്റിനു കീഴില്‍ ശ്രദ്ധേയ പുരോഗതി നേടിയ കിന്‍ഫ്ര പുത്തന്‍ വ്യവസായ പാര്‍ക്കുകള്‍ ഉള്‍പ്പടെയുള്ള അടിസ്ഥാനസൗകര്യ വികസനങ്ങളുമായി അതിവേഗം മുന്നോട്ട് കുതിക്കുകയാണ്.