* ഹോം ഡെലിവറിയും

തിരുവനന്തപുരം: കൈത്തറി മേഖലയില്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍  പ്രത്യേക റിബേറ്റ് മേള ആരംഭിച്ചു. ഈ മാസം 20 വരെ തുടരുന്ന മേളയില്‍ എല്ലാതരം തുണിത്തരങ്ങള്‍ക്കും 20 ശതമാനം റിബേറ്റ് ലഭിക്കും. റിബേറ്റ് മേള ഉദ്ഘാടനം വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഓണ്‍ലൈന്‍വഴി നിര്‍വഹിച്ചു.  കൈത്തറി സംഘങ്ങള്‍ വഴിയും ഹാന്‍ടെക്സ്, ഹാന്‍വീവ് വില്‍പ്പനശാലകളിലൂടെയും ഓണ്‍ലൈനായും ഉല്‍പന്നങ്ങള്‍ ലഭ്യമാകും. സഹകരണ സംഘങ്ങള്‍ ഹോം ഡെലിവറിയും നടത്തും.

ലോക്ക്ഡൗണിനെ തുടര്‍ന്ന് വിഷു, റംസാന്‍ വില്‍പ്പന നടക്കാതിരുന്നത് കൈത്തറി മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക റിബേറ്റ് മേള സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നഷ്ടമായ വിപണി വീണ്ടെടുക്കാനും തൊഴില്‍ദിനങ്ങള്‍ ലഭ്യമാക്കാനും റിബേറ്റ് വില്‍പ്പനയിലൂടെ കഴിയും. അതിലൂടെ കൈത്തറിമേഖലയുടെ പുനഃരുദ്ധാരണത്തിന് കരുത്തുപകരാനാകും. ലോക്ക്ഡൗണിനെ തുടര്‍ന്ന് 14 ദിവസത്തെ റിബേറ്റ് വില്‍പന ദിനങ്ങളാണ് നഷ്ടമായത്. പകരം 20 ദിവസമാണ് പ്രത്യേക റിബേറ്റ് മേള. കഴിഞ്ഞ ഓണക്കാലത്ത് കൈത്തറി തുണിത്തരങ്ങളുടെ വില്‍പ്പനയില്‍ റെക്കോഡ് നേട്ടമുണ്ടാക്കി. കേരളത്തിലെ കൈത്തറി മേഖലയില്‍ 26.12 കോടി രൂപയുടെ റിബേറ്റ് വില്‍പ്പന ഓണ സീസണില്‍ നടന്നു. മുന്‍ വര്‍ഷത്തേക്കാള്‍ രണ്ടുകോടിയിലധികം രൂപയുടെ വില്‍പ്പനയാണ് നടന്നത്.

സാധാരണയായി ഷോറൂമുകള്‍ വഴിയും ജില്ലാ തല മേളകളിലൂടെയുമാണ്  റിബേറ്റ് വില്‍പന നടത്തിയിരുന്നത്. എന്നാല്‍, സ്പെഷ്യല്‍ റിബേറ്റ് മേളയില്‍ കൈത്തറി സംഘങ്ങള്‍ക്ക് നേരിട്ടും റിബേറ്റ് വില്‍പന നടത്താനാകും. ഓഫീസുകള്‍, നഗരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വാഹനങ്ങളിലും വിപണനം നടത്തും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചായിരിക്കും വില്‍പ്പനയെന്നും മന്ത്രി അറിയിച്ചു.

ഈ സര്‍ക്കാര്‍ വരുമ്പോള്‍ കേരളത്തിലെ കൈത്തറി മേഖല വലിയ തകര്‍ച്ച നേരിടുകയായിരുന്നു. പലരും ഈ തൊഴില്‍ ഉപേക്ഷിച്ചു. എന്നാല്‍ കൈത്തറി മേഖലയെ സംരക്ഷിക്കാന്‍ വിപുലമായ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു.  സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതി, യുവവീവ് പദ്ധതി, വീട്ടിലൊരു തറി പദ്ധതി, കൈത്തറി സ്വയംതൊഴില്‍ സഹായ പദ്ധതികള്‍ കൈത്തറിമേഖലയെ കരകയറ്റുന്നതില്‍ നിര്‍ണായകമായി. സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിയിലൂടെ വര്‍ഷം മുഴുവന്‍ ജോലി നല്‍കാന്‍ കഴിഞ്ഞു.

ഹാന്റക്സും ഹാന്‍വീവും വില്‍പ്പന പ്രോത്സാഹിപ്പിക്കാന്‍ വിപുലമായ പദ്ധതികള്‍ നടപ്പാക്കി. കൈത്തറി വിപണനത്തില്‍ പ്രഫഷണല്‍ സമീപനം സ്വീകരിച്ചു. പുതിയ ഡിസൈനുകളില്‍ പുതിയ കാലത്തിന് അനുസരിച്ച വസ്ത്രങ്ങള്‍ തയ്യാറാക്കി.   പ്രിവിലേജ് കാര്‍ഡ് പദ്ധതി, ഇ-ക്രെഡിറ്റ് കാര്‍ഡ് സംവിധാനം വഴിയുള്ള വില്‍പ്പന, ഓണ്‍ലൈന്‍ വില്‍പ്പന തുടങ്ങിയ പദ്ധതികള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുന്നു. ഹാന്‍ടെക്സിന് 90 ഉം ഹാന്‍വീവിന് 46 ഉം ഷോറൂമുകള്‍ കേരളത്തിലുണ്ട്. ഒപ്പം കൈത്തറി സംഘങ്ങള്‍ ഉള്‍പ്പെടെ ചുരുങ്ങിയത് 400 കേന്ദ്രങ്ങള്‍ വഴിയാണ് സ്പെഷ്യല്‍ റിബേറ്റ് വിപണനം നടത്തുന്നത്.