തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്ഡിപി) മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണവും ആരംഭിച്ചു. രോഗിയില്‍ നിന്നും സുരക്ഷിതമായ കവചം തീര്‍ത്ത് പരിശോധനയും സ്വാബ് ശേഖരണവും നടത്താവുന്ന എക്‌സാമിനേഷന്‍ ബൂത്ത്, സ്വാബ് കലക്ഷന്‍ ബൂത്ത്, ആവശ്യാനുസരണം മാറ്റി സ്ഥാപിക്കാവുന്ന ഈസി ഐസൊലേറ്റ് സംവിധാനം, ഫെയ്‌സ് മാസ്‌ക് ഡിസ്പോസല്‍ ബിന്‍, എന്നിവയുടെ നിര്‍മാണമാണ് ആദ്യഘട്ടത്തില്‍ ആരംഭിച്ചത്. ആലപ്പുഴ ജില്ലാ പഞ്ചായത്തില്‍ നിന്നും 23 സ്വാബ് കളക്ഷന്‍ ബൂത്തുകള്‍ക്കുള്ള ഓര്‍ഡര്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്.

രണ്ടു തരത്തിലുള്ള സ്വാബ് കളക്ഷന്‍ ബൂത്തുകളാണ് നിര്‍മ്മിക്കുന്നത്. ഒറ്റ ചേംബര്‍ മാത്രമുള്ള യൂണിറ്റും ഇരട്ട യൂണിറ്റുകള്‍ ചേര്‍ന്ന വാഹനത്തില്‍ ഘടിപ്പിക്കാവുന്ന യൂണിറ്റും ലഭ്യമാണ്. ഈസി ഐസൊലേറ്റ് രോഗിയുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സംവിധാനമുള്ളതാണ്. ഫെയ്സ് മാസ്‌ക് ഡിസ്പോസല്‍ ബിന്നില്‍ അള്‍ട്രാവയലറ്റ് വികിരണം വഴി ആണ് അണുനശീകരണം നടത്തുന്നത്.

ഐസൊലേറ്റ് ചെയ്യപ്പെട്ടവര്‍ക്ക് അവരുടെ ചേമ്പര്‍ ഉള്‍പ്പെടെ ചലിക്കാവുന്ന സംവിധാനമായ സ്ട്രച്ചര്‍ ഘടിപ്പിച്ച ഐസൊലേഷന്‍ പോഡ്, പൊതുഇടങ്ങളില്‍ കടന്നുവരുന്നവരെ അണുവിമുക്തമാക്കുന്ന ഡിസ്ഇന്‍ഫെക്ഷന്‍ ഗേറ്റ് വേ, അടിയന്തര ജീവന്‍ രക്ഷാസംവിധാനമായ എമര്‍ജന്‍സി വെന്റിലേറ്റര്‍ എന്നിവയുടെ നിര്‍മാണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. രോഗികള്‍ ഏറെയുള്ള ആശുപത്രികള്‍ക്കും ആളുകള്‍ തിങ്ങിപാര്‍ക്കുന്ന മേഖലകളിലും ഐസൊലേഷന്‍ കേന്ദ്രങ്ങളിലും രോഗം പകരുന്നത് തടയാന്‍ ഐസൊലേഷന്‍ പോഡ് ഏറെ ഫലപ്രദമാണ്. ചെറിയ ഓഫീസ് മുതല്‍ എയര്‍പോര്‍ട്ടുകളില്‍ വരെ ഉപയോഗിക്കാവുന്നതാണ് ഡിസ്ഇന്‍ഫെക്ഷന്‍ ഗേറ്റ് വേ. ആളുകള്‍ക്കായി ഹെഡ്രജന്‍ പെറോക്സൈഡ് പുകവലയം ഉപയോഗിച്ചും യന്ത്രത്തിന്റെ ഉള്‍വശം അള്‍ട്രാവയലറ്റ് ഉപയോഗിച്ചുമാണ് അണുവിമുക്തമാക്കുന്നത്.

ദേശീയ അന്തര്‍ദേശീയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് നിര്‍മാണം നടത്തുന്നത്. ഉപകരണങ്ങളുടെ നിര്‍മ്മാണത്തിനുള്ള സാങ്കേതിക കൈമാറ്റത്തിനായി തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് കെ.എസ്.ഡി.പി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. വിപണന നടപടികള്‍ക്കായി സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) കോഴിക്കോട് എന്‍ഐഐടിയുമായി ചേര്‍ന്ന് ധാരണാപത്രം ഒപ്പിട്ടു. മരുന്ന് നിര്‍മ്മാണരംഗത്തെ ഏക പൊതുമേഖലാസ്ഥാപനമായ കെ.എസ്.ഡി.പിക്ക് കോവിഡ് പ്രതിരോധത്തില്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് കരുത്തുപകരാന്‍ സാധിച്ചു. അവശ്യമരുന്നുകളും ഹാന്‍ഡ് സാനിറ്റൈസറും മാസ്‌കും നിര്‍മ്മിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച ആത്മവിശ്വാസത്തിലാണ് കെ.എസ്.ഡി.പി മെഡിക്കല്‍ ഉപകരണ നിര്‍മാണത്തിലേക്ക് കടന്നത്.