1500ല്‍ നിന്ന് 1750 രൂപയായാണ് വര്‍ദ്ധിപ്പിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്തെ ഖാദി തൊഴിലാളികളുടെ ഉത്സവബത്ത 1750 രൂപയായി വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ ഖാദി ബോര്‍ഡ് തീരുമാനം. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം മൂന്നാംതവണയാണ് ഖാദി തൊഴിലാളികളുടെ ഉത്സവബത്ത വര്‍ദ്ധിപ്പിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 900 രൂപ മാത്രമാണ് ഉത്സവബത്ത നല്‍കിയിരുന്നത്.
ഭരണത്തിലേറിയ ഉടനെ 1250 രൂപയായും പിന്നീട് 1500 രൂപയായും ഉത്സവബത്ത വര്‍ദ്ധിപ്പിച്ചിരുന്നു. പരമ്പരാഗത വ്യവസായമായ ഖാദി മേഖലയെ സംരക്ഷിക്കാന്‍ നിരവധി സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു. ഉല്‍പ്പാദന ഇന്‍സെന്റീവ് 100 ശതമാനം വര്‍ദ്ധിപ്പിച്ചു. തൊഴിലാളികളുടെ മിനിമം കൂലി പരിഷ്‌ക്കരിച്ചു. 2019 ഡിസംബര്‍ വരെയുള്ള കുടിശ്ശിക മുഴുവനായും നല്‍കി.
കൊവിഡ് പശ്ചാത്തലത്തില്‍ മുഴുവന്‍ തൊഴിലാളികള്‍ക്കും ഖാദി ക്ഷേമ നിധി ബോര്‍ഡ് മുഖേന 1000 രൂപവീതവും, ഖാദി പ്രൊജക്റ്റ് ഓഫീസുകളില്‍ നിന്ന് 2000 രൂപ വീതവും സമാശ്വാസമായി നല്‍കി. കൊവിഡ് പ്രതിരോധത്തിനായി 10 ലക്ഷം ഖാദി മാസ്‌ക്ക് നിര്‍മ്മിച്ച് വിതരണം നടത്തുന്നുണ്ട്. ഖാദി വസ്ത്ര വിപണി ആകര്‍ഷിക്കാന്‍ 30 ശതമാനം വരെ സര്‍ക്കാര്‍ റിബേറ്റ് വില്‍പ്പന നടന്നുവരികയാണ്. സര്‍ക്കാര്‍ , അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 1 ലക്ഷം രൂപവരെ ഖാദി വസ്ത്രം ക്രഡിറ്റിലും വില്‍പ്പന നടത്തുന്നുണ്ട്.
നിലവിലുള്ള നിരക്കില്‍ മിനിമം കൂലി നടപ്പാക്കുന്നതിന് ഇന്‍കം സപ്പോര്‍ട്ട് ഇനത്തില്‍ 110.94 കോടി രൂപ ഈ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. 13600ല്‍പരം തൊഴിലാളികള്‍ക്ക് വിതരണവും നടത്തി. ഉല്‍പ്പാദന സഹായമായി 21.30 കോടിയും, റിബേറ്റ് ഇനത്തില്‍ 67.35 കോടിയും നല്‍കി. എല്ലാ ഖാദി തൊഴിലാളികളെയും ഇ.എസ്.ഐ പരിധിയില്‍ കൊണ്ടുവന്നു. ഖാദി മേഖലയില്‍ പുതുതായി 3384 തൊഴിലവസരങ്ങളും ലഭ്യമാക്കി.