തിരുവനന്തപുരം: കൊച്ചി ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്റ് ട്രേഡിനെ (ഗിഫ്റ്റ്) കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയിലെ ആദ്യ വ്യവസായ സിറ്റിയാക്കാനുള്ള പദ്ധതിക്ക് അനുമതി. കേന്ദ്ര സര്‍ക്കാരിനു കീഴിലെ നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് ആന്റ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റ് (നിക്ഡിറ്റ്) ആണ് അംഗീകാരം നല്‍കിയത്. ഗിഫ്റ്റിനായി ഭൂമി ഏറ്റെടുക്കാന്‍ 540 കോടി രൂപ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അനുവദിച്ചു. മലയാളികള്‍ക്കുള്ള ഓണസമ്മാനമാണിത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് ആലുവ മുനിസിപ്പാലിറ്റിയില്‍ 220 ഹെക്ടര്‍ സ്ഥലത്താണ് നിര്‍ദ്ദിഷ്ട ഗിഫ്റ്റ് സിറ്റി. സിറ്റി സ്ഥാപിക്കാനും വികസിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഭരണപരമായ അനുമതി നല്‍കിയിട്ടുണ്ട്. വ്യവസായ വകുപ്പിനു കീഴിലുള്ള കിന്‍ഫ്രയാണ് ഭൂമി ഏറ്റെടുക്കുന്നത്. 2021 ഫെബ്രുവരിയില്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കും.
സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ മുഖഛായ തന്നെ മാറ്റുന്ന സംരംഭമാണ് ഗിഫ്റ്റ്. വ്യവസായ-വാണിജ്യ-സാമ്പത്തിക സംരംഭങ്ങള്‍ക്ക് അത്യാധുനിക അടിസ്ഥാന വികസന സൗകര്യങ്ങളുള്ള ഒരു കേന്ദ്രമായി കൊച്ചിയെ അടയാളപ്പെടുത്തുന്നതാകും ഗിഫ്റ്റ് സിറ്റി. മേഖലയുടെ മാത്രമല്ല, കേരളത്തിന്റെയാകെ വികസന പ്രക്രിയയ്ക്ക് ഉത്തേജനം നല്‍കാന്‍ ഇവിടെ നടത്തുന്ന നിക്ഷേപങ്ങളിലൂടെ കഴിയും. ആഗോളതലത്തില്‍ മത്സരാധിഷ്ഠിതമായ ഹൈടെക് സേവനങ്ങളുടെയും സാമ്പത്തിക കേന്ദ്രത്തിന്റെയും വികസനം ഇവിടെ സൃഷ്ടിക്കപ്പെടും.
ഗിഫ്റ്റ് വഴി ഏകദേശം 1600 കോടി രൂപ നിക്ഷേപം കൊണ്ടുവരികയാണ് ലക്ഷ്യം. കൂടാതെ, 10 വര്‍ഷത്തിനകം പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ 18,000 കോടി രൂപയുടെ വികസനവും പ്രതീക്ഷിക്കുന്നു. ഒന്നേകാല്‍ ലക്ഷത്തോളം നേരിട്ടുള്ള തൊഴിലും, മൂന്നര ലക്ഷത്തിലധികം പരോക്ഷമായ തൊഴിലും ഗിഫ്റ്റ് സിറ്റി സൃഷ്ടിക്കും.
മാസ്റ്റര്‍ പ്ലാനിംഗ് ഏജന്‍സി സെപ്റ്റംബര്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും 2021 ഫെബ്രുവരിയില്‍ മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. ടെണ്ടറുകള്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ 2021 മാര്‍ച്ചില്‍ ആരംഭിച്ച് ജൂണില്‍ പൂര്‍ത്തിയാക്കും.’