ശ്രീ. പി. രാജീവ്

വകുപ്പുകള്‍: നിയമം,വ്യവസായം (വ്യാവസായിക സഹകരണങ്ങൾ ഉൾപ്പെടെ)
വാണിജ്യം,ഖനനം,ജിയോളജി,കൈത്തറി,തുണിത്തരങ്ങൾ
ഖാദി,ഗ്രാമ വ്യവസായങ്ങൾ,കയർ,കശുവണ്ടി വ്യവസായം,പ്ലാന്റേഷൻ ഡയറക്ടറേറ്റ്
മണ്ഡലം: കളമശ്ശേരി

വ്യക്തി ജീവിതം

തൃശൂർ ജില്ലയിൽ മാള മേലഡൂരിൽ റവന്യൂ ഇൻസ്പെക്ടറായിരുന്ന പുന്നാടത്ത് വാസുദേവന്റെയും രാധയുടെയും മകനായി 1968ൽ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം നടത്തിയത് ഗവ. സമിതി ഹൈസ്കൂളിലാണ്.ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ പ്രീഡിഗ്രിക്കു പഠിച്ചു, കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ നിന്നും എക്കണോമിക്സ് ബിരുദം നേടി. കളമശ്ശേരി ഗവ. പോളിടെൿനിക് (രസതന്ത്രം), എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങളിൽ തുടർപഠനങ്ങൾ നടത്തി.

2013 ൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി, സാമ്പത്തിക സാമൂഹിക കൗൺസിൽ എന്നിവയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. 2014ലെ രാജ്യസഭാ ചെയർമാൻ ഡോക്ടർ ഹമീദ് അൻസാരിയും ചൈനീസ് വൈസ് പ്രസിഡൻറും തമ്മിലുള്ള ഉപയകക്ഷി ചർച്ചയ്ക്കുള്ള സംഘത്തിൽ അംഗമായിരുന്നു. 2011-ലെ സ്വീഡൻ ഡെൻമാർക്ക് രാജ്യങ്ങൾ സന്ദർശിച്ച ലോകസഭാ സ്പീക്കറിൻ്റെ നേതൃത്വത്തിലുള്ള പാർലമെൻറ് അംഗങ്ങളുടെ സംഘത്തിൽ അംഗമായിരുന്നു. 2006 ബ്രസീലിൽ നടന്ന ഐ ബി എസ് എ സബ്മിറ്റിൽ പങ്കെടുത്ത ഇന്ത്യൻ പ്രധാനമന്ത്രിയുടെ മീഡിയ സംഘത്തിൽ അംഗമായിരുന്നു. 2005 ലെ സ്കോട്ട്‌ലൻഡിൽ നടന്ന ജി-8 മീറ്റിൽ പങ്കെടുത്ത ഇന്ത്യൻ പ്രധാനമന്ത്രിയുടെ മീഡിയ സംഘത്തിൽ അംഗമായിരുന്നു. 2015 കോമൺവെൽത്ത് പാർലമെൻറ് അസോസിയേഷൻറെ ക്ഷണപ്രകാരം ബ്രിട്ടീഷ് പാർലമെൻറിൽ സന്ദർശിച്ചു. 1997 നും 2010 ലും ഹവാനയിൽ ലും സൗത്ത് ആഫ്രിക്കയിൽ നടന്ന ലോക യുവജന വിദ്യാർത്ഥി സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്.ദേശാഭിമാനി പത്രത്തിൻ്റെ മുൻ ചീഫ് എഡിറ്റര്‍ ആയിരുന്നു.

കൃതികൾ

ആഗോളവത്കരണകാലത്തെ ക്യാംപസ്
വിവാദങ്ങളിലെ വ്യതിയാനങ്ങൾ
കാഴ്ചവട്ടം
പുരയ്ക്കു മേൽ ചാഞ്ഞ മരം
1957 ചരിത്രവും വർത്തമാനവും
എന്തുകൊണ്ട് ഇടതുപക്ഷം
സത്യാനന്തര കാലത്തെ പ്രതീതി നിർമ്മാണം
ഭരണഘടന ചരിത്രവും വർത്തമാനവും

പുരസ്കാരങ്ങൾ

2016 ലെ മികച്ച പാർലമെൻ്റ് അംഗത്തിനുള്ള സൻസദ് രത്ന പുരസ്കാരം.
എം.പി.ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ ശുചി അറ്റ് സ്കൂൾ പദ്ധതിക്ക് 2011 ലെ മുഖ്യമന്ത്രിയുടെ നവ വികസന പുരസ്കാരം
2014 ലെ മികച്ച രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനുള്ള മുൻ മുഖ്യമന്ത്രി പി.കെ വാസുദേവൻ നായർ സ്മാരക പുരസ്കാരം
2014 ലെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള എ.സി.ഷൺമുഖദാസ് പുരസ്കാരം
2010 ൽ സി.പി.മമ്മു സ്മാരക പുരസ്കാരം
2006ൽ മികച്ച എഡിറ്റോറിയനുള്ള പന്തളം കേരള വർമ്മ പുരസ്കാരം
2017 ലെ സഫ്ദർ ഹാഷ്മി പുരസ്കാരം

രാഷ്ട്രിയ ജീവിതം

പഠന കാലത്ത് എസ് എഫ് ഐ യിലൂടെ വിദ്യാർത്ഥിരാഷ്ട്രീയത്തിൽ സജീവമായിനിന്നു കൊണ്ട് നിരവധി സമരങ്ങളിൽ പങ്കെടുത്തു. പോളിടെക്നിക്കിൽ പഠിക്കുമ്പോൾ സംസ്ഥാന പോളി യൂണിയൻ ചെയർമാനായി.കേരളാ ഹൈക്കോടതിയിൽ വക്കീലായി പ്രാക്ടീസ് ചെയ്തിരുന്ന സമയത്ത് മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനാവുകയും രാഷ്ട്രീയ തട്ടകം എറണാകുളത്തേക്കു മാറ്റുകയും ചെയ്തു.
1994 മുതൽ സി പി ഐ എം ജില്ലാകമ്മറ്റി അംഗമായി. 2005 മുതൽ സംസ്ഥാന കമ്മറ്റി അംഗവുമാണ്. 2015 ലും 2018ലും എറണാകുളം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 2009 ൽ രാജ്യസഭാ അംഗവും രാജ്യസഭാ അഷ്വറൻസ് കമ്മറ്റി ചെയർമാനും. രാജ്യസഭ നിയന്ത്രിക്കുന്ന പാനൽ ഓഫ് ചെയർമാനുമായിരുന്നു. രാജ്യസഭയിൽ മികച്ച പ്രാസംഗികനായി തിളങ്ങി. രാജ്യസഭയിൽ ഇന്റർനെറ്റ് സ്വാതന്ത്ര്യം ഹനിക്കുന്ന ഐ.ടി.നിയമ ഭേദഗതി റദ്ധാക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചു. രാജ്യസഭാ ചട്ടം 93 (2) പ്രകാരം റിപ്പോർട്ട് സെലക്ട് കമ്മിറ്റി പുനപരിശോധിക്കുന്നതിനായി പ്രമേയം അവതരിപ്പിച്ചു. ഐ.ടി.നിയമത്തിലെ 66 (എ ) റദ്ധാക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചു.ആദ്യമായി എംപി ഫണ്ടും പൊതുമേഖല സ്വകാര്യമേഖല കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ടും വ്യക്തിഗത ഫണ്ടും സംയോജിപ്പിച്ച പദ്ധതികൾ നടപ്പിലാക്കുന്ന ആശയം പ്രാവർത്തികമാക്കി.

സി.പി.ഐ.എം എറണാകുളം മുൻ ജില്ലാ സെക്രട്ടറി, ദേശാഭിമാനി ദിനപത്രം റസിഡൻ്റ് എഡിറ്റർ, കേരള സർക്കാരിൻ്റെ പ്രസ് അക്രഡിറ്റേഷൻ കമ്മിറ്റി അംഗം, കോഴിക്കോട് സർവകലാശാല ജേർണലിസം വകുപ്പ് ബോർഡ് ഓഫ് സ്റ്റഡി അംഗം, എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി, റിസർച്ച് ചീഫ് എഡിറ്റർ, സ്റ്റുഡൻ്റ് മാസിക എഡിറ്റർ, സി.ഐ.ടി.യുവിൻ്റെ എറണാകുളം ജില്ലാ ജോയിൻ്റ് സെക്രട്ടറി, DYFI എറണാകുളം ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു.2005 തൊട്ട് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗമാണ്.മുൻ രാജ്യസഭാംഗവും നിലവിൽ കളമശ്ശേരി നിയോജക മണ്ഡലത്തിൽ നിന്നുള്ള പതിനഞ്ചാം കേരളനിയമസഭാംഗവുമാണ്. 2022 ൽ CPIM കേന്ദ്ര കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.

പദവികൾ

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി , പ്രസിഡന്റ്
ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റിയംഗം
ദേശാഭിമാനി റസിഡന്റ് എഡിറ്റർ
സി.പി.ഐ(എം) സംസ്ഥാന കമ്മറ്റിയംഗം
രാജ്യസഭ അംഗം
സി.പി.ഐ(എം) എറണാകുളം ജില്ല സെക്രട്ടറി
ദേശാഭിമാനി ചീഫ് എഡിറ്റർ
സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം
കേരള നിയമസഭാംഗം
വ്യവസായ വാണിജ്യ മന്ത്രി