ചരിത്രപരമായ ഒട്ടേറെ അടയാളങ്ങൾ സൃഷ്ടിച്ച കെൽട്രോൺ കാലാനുസൃതമായ ഉൽപ്പന്നങ്ങളുമായി പഴയ പ്രതാപം വീണ്ടെടുക്കുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി രാജീവ് അഭിപ്രായപ്പെട്ടു. പുതിയ സാങ്കേതികവിദ്യക്ക് അനുസ്യതമായി അതിന്റെ പ്രയോഗരൂപങ്ങൾ നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനും കെൽട്രോണിന് കഴിയുന്നു എന്നത് മുന്നേറ്റത്തിന്റെ ലക്ഷണമാണ്. വി എസ് എസ് സി, എൻ പി ഒ എൽ തുടങ്ങിയവരുമായി പുതിയ സാങ്കേതികവിദ്യകൾ പ്രയോഗികമാക്കാനുള്ള സഹകരണത്തിനും നിരന്തരമായ നവീകരണത്തിനും കെൽട്രോൺ തയ്യാറാകുന്നുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകുന്നതിലൂടെ അവയെ മികച്ച ഉൽപാധനക്ഷമത കേന്ദ്രങ്ങളാക്കാൻ സാധിക്കും, സർക്കാർ ലക്ഷ്യമിടുന്നതും ഇതാണ്. മോട്ടോർ വാഹന വകുപ്പിന്റെ പദ്ധതിയായ – സേഫ് കേരളയ്ക്ക് വേണ്ടി കെൽട്രോൺ നിർമ്മിച്ച 100 AI ക്യാമറ സംവിധാനത്തിന്റെ ഉദ്ഘാടനം ബഹു. ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യമെമ്പാടും ശ്രദ്ധിക്കപ്പെടുന്ന ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് പദ്ധതിയാണ് സേഫ് കേരള. പദ്ധതിക്കാവശ്യമായ ക്യാമറകളും അനുബന്ധ ഉപകരണങ്ങളും സമയബന്ധിതമായി പൂർത്തിയാക്കി നൽകുവാനുള്ള കരുത്തും സംവിധാനങ്ങളും കെൽട്രോണിന് ഉണ്ടെന്നുള്ള ആത്മവിശ്വാസത്തിലാണ് 700 നിർമ്മിത ബുദ്ധിയിൽ ആധിഷ്ഠിതമായി പ്രവർത്തിക്കുന്ന ക്യാമറകളുടെ നിർമ്മാണം മോട്ടോർ വാഹന വകുപ്പ് കെൽട്രോണിനെ ഏൽപ്പിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു വ്യക്തമാക്കി.

ചടങ്ങിൽ ശ്രീ കടകംപള്ളി സുരേന്ദ്രൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ക്യാമറ സംവിധാനത്തിന്റെ ഗുണപരിശോധന രേഖകൾ ശ്രീ. എൻ നാരായണമൂർത്തി (ചെയർമാൻ & മാനേജിങ് ഡയറക്ടർ – കെൽട്രോൺ) ഡോ മധു നമ്പ്യാർ (ചെയർമാൻ & മാനേജിങ് ഡയറക്ടർ – SRIT) – യ്ക്ക് കൈമാറി. ശ്രീ. പ്രമോജ് ശങ്കർ IOFS (അഡിഷണൽ ട്രാൻസ്പോർട് കമ്മീഷ്ണർ) സേഫ് കേരള പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. കെൽട്രോൺ ചീഫ് ജനറൽ മാനേജർമാരായ ശ്രീമതി ബെറ്റി ജോൺ, ശ്രീമതി കെ ഉഷ, പ്ലാനിംഗ് & കെസിസി മേധാവി ശ്രീ. സി ജി സുബ്രഹ്മണ്യം, അംഗീകൃത തൊഴിലാളി സംഘടനാ നേതാക്കൾ – ഡി മോഹനൻ (KEA- CITU), ശ്രീ. ആർ ചന്ദ്രശേഖരൻ (KEU – INTUC), ശ്രീ. അരുൺ കുമാർ എസ് കെ (KEO), ശ്രീ. ജയപ്രകാശ്.ഒ. കെ (KEXA), കെൽട്രോൺ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ട്രാഫിക്ക് എൻഫോഴ്സ്മെന്റ് പദ്ധതികളിൽ അതിനൂതന സാങ്കേതിക വിദ്യ ഉപയോഗപ്രദമാക്കുന്നതിന്റെ ഭാഗമായി സേഫ് കേരളാ പദ്ധതിയ്ക്കു വേണ്ടി 726 എൻഫോഴ്സ്മെന്റ് സംവിധാനങ്ങൾ കെൽട്രോൺ സജ്ജമാക്കുന്നുണ്ട്. AI ക്യാമറ – 700, സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറ – 04, റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറ – 18, മൊബൈൽ സ്പീഡ് എൻഫോഴ്സ്മെന്റ് സിസ്റ്റം – 4 എന്നിവ ഉൾപ്പെടുന്നതാണ് എൻഫോഴ്സ്മെന്റ് സംവിധാനങ്ങൾ. BOOT അടിസ്ഥാനത്തിലാണ് കെൽട്രോൺ 235 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നത്. 235 കോടി രൂപയിൽ 165 കോടി പദ്ധതി നടത്തിപ്പ് ചെലവായും 70 കോടി രൂപ പ്രവർത്തന ചെലവായും വകയിരുത്തിയിട്ടുണ്ട്. കുറ്റമറ്റ എൻഫോഴ്സ്മെന്റ് ഉറപ്പ് വരുത്തുന്നതിന് വേണ്ടി ആവശ്യമായ എല്ലാ സാങ്കേതിക സംവിധാനങ്ങളുമൊരുക്കി 5 വർഷത്തെ സിസ്റ്റം മാനേജ്മെന്റ്, സംവിധാനങ്ങൾക്ക് സമ്പൂർണ വാരന്റി എന്നിവ ഉൾപ്പെടെയാണ് കെൽട്രോൺ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്കാവശ്യമായ ക്യാമറകൾ ടെക്നോളജി പാർട്ണറുടെ സഹകരണത്തോടെ നിർമ്മിച്ച്, ആസംബ്ലിങ്ങും ടെസ്റ്റിങ്ങും കെൽട്രോൺ മൺവിള യൂണിറ്റിൽ നടത്തുകയാണ്. 5 വർഷത്തെ പ്രവർത്തന ചുമതല പൂർണമായും കെൽട്രോണിനാണ്.

റോഡ് സുരക്ഷാ മേഖലയിലെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട് വർഷങ്ങളുടെ പരിചയസമ്പത്ത് കെൽട്രോണിനുണ്ട്. ട്രാഫിക് സിഗ്നലുകൾ, എൽഇഡി സൈൻ ബോർഡുകൾ, ടൈമറുകൾ എന്നീ ഉപകരണങ്ങൾ ഉൾപ്പെടുന്ന ട്രാഫിക് സിഗ്നൽ സൊല്യൂഷൻസ്, ജംഗ്ഷനുകളും റോഡുകളും നിരീക്ഷിക്കുന്നതിനുള്ള സർവൈലൻസ് ക്യാമറകൾ. റോഡ് നിയമങ്ങൾ പാലിക്കുന്നു എന്നുറപ്പാക്കാൻ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ തുടങ്ങിയവഉൾപ്പെടുന്ന ട്രാഫിക് എൻഫോഴ്സ്മെന്റ് സൊല്യൂഷൻസ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി റോഡ് സുരക്ഷയ്ക്കുള്ള ടോട്ടൽ സൊല്യൂഷൻ കെൽട്രോൺ നൽകുന്നുണ്ട്.