ശ്രീ.എന്‍.എ. നെല്ലിക്കുന്ന്, എം.എല്‍.എ. ‘കാസര്‍ഗോഡുള്ള പൊതുമേഖലാ സ്ഥാപനമായ ഭെല്‍-ഇ.എം.എല്‍. കമ്പനിയുടെ ഭാവി’എന്ന വിഷയവുമായി ബന്ധപ്പെട്ട് ഉന്നയിച്ച സബ്മിഷന് ബഹു. നിയമവും വ്യവസായവും കയറും വകുപ്പുമന്ത്രി നൽകിയ മറുപടി

കേരള ഇലക്ട്രിക്കല്‍ ആന്‍റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡിന്‍റെ കാസര്‍ഗോഡ് യൂണിറ്റിനെ 2010-ല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ഏറ്റെടുക്കുകയും ഭെല്‍‍്‍ -ഇ.എം.എല്‍ എന്ന സംയുക്ത സംരംഭം രൂപീകരിക്കുകയും ചെയ്തു. ഭെല്‍‍്‍ – ഇ.എം.എല്ലില്‍ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന് 51% ഓഹരിയും കേരള സര്‍ക്കാരിന് 49% ഓഹരിയുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഭെല്‍-ഇ.എം.എല്‍ രൂപീകരിച്ച ശേഷം കമ്പനിയ്ക്ക് പ്രതീക്ഷിച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കാതെ വരികയും കമ്പനി കൂടുതല്‍ നഷ്ടത്തിലേയ്ക്ക് പോവുകയും ചെയ്തു. തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ മേഖലയ്ക്ക് വിറ്റഴിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നയം ഭെല്‍-ഇ.എം.എല്‍ നും ബാധകമാകുമെന്ന അവസ്ഥ വന്നപ്പോള്‍ കമ്പനിയെ കേരള സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കുവാന്‍ തീരുമാനിക്കുകയുണ്ടായി. 07.09.2019- ലെ സ.ഉ.(കൈ)നം.78/2019/വ്യവ. നമ്പര്‍ ഉത്തരവ് പ്രകാരം ഭെല്‍-ഇ.എം.എല്‍- നെ ഏറ്റെടുക്കുവാന്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു. 28.07.2021 തീയതി പ്രകാരം എഗ്രിമെന്‍റ് ഫോര്‍ സെയില്‍ ഒപ്പുവച്ചതിലൂടെ കമ്പനി കേരള സര്‍ക്കാരിന്‍റെ പൂര്‍ണ്ണനിയന്ത്രണത്തിലുള്ള പൊതുമേഖലാസ്ഥാപനമായി മാറിയിട്ടുണ്ട്.
തുടര്‍ച്ചയായി നഷ്ടത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഭെല്‍-ഇ.എം.എല്ലിനെ ഏറ്റെടുക്കുന്നതിലൂടെ കേരള സര്‍ക്കാരിന് 77 കോടിയോളം രൂപയുടെ അധിക ചെലവാണ് വരുന്നത്.

കേരള സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം കമ്പനിയുടെ ഭാവി മുന്നില്‍ കണ്ട് ചുവടെ ചേര്‍ത്തിരിക്കുന്ന പ്രകാരമുള്ള നടപടികളാണ് വിഭാവനം ചെയ്തിരിക്കുന്നത്.കമ്പനിയുടെ നിലവിലുള്ള യന്ത്രസാമഗ്രികള്‍ പുനരുദ്ധരി ക്കുന്നതോടൊപ്പം വൈവിദ്ധ്യവത്ക്കരണത്തിന്‍റെ ഭാഗമായി പുതിയ യന്ത്രസാമഗ്രികള്‍ കൂടി ഉള്‍പ്പെടുത്തി കമ്പനി നവീകരിക്കുക. ആള്‍ട്ടര്‍നേറ്റേറുകളുടേയും ഡീസല്‍ ജനറേറ്ററുകളുടേയും ഉല്പാദനത്തിന് പുറമേ ട്രാക്ഷന്‍ മോട്ടോര്‍ കണ്‍ട്രോളേഴ്സ്, പ്രതിരോധമേഖലയ്ക്കാവശ്യമായ ആള്‍ട്ടര്‍നേറ്റേഴ്സ് വൈദ്യുതി മേഖലയ്ക്കാവശ്യമായ സ്ട്രീറ്റ്‍ലൈറ്റ് കണ്‍ട്രോളേഴ്സ് തുടങ്ങിയവ നിര്‍മ്മിക്കുന്നതിലൂടെ കൂടുതല്‍ വിപണി സാധ്യത കണ്ടെത്താനാ കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കമ്പനി ഏറ്റെടുത്ത ശേഷം താഴെ പറയുന്ന നടപടി സര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ടിട്ടുണ്ട്.
കേരള സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിക്കുകയും കമ്പനിയുടെ കുടിശ്ശിക യായിട്ടുള്ള ഓഡിറ്റ് പൂര്‍ത്തീകരിക്കുവാനുള്ള നടപടി സ്വീകരി ക്കുകയും ചെയ്തിട്ടുണ്ട്. 2019-20 വരെയുള്ള കമ്പനിയുടെ ഓഡിറ്റ് പൂര്‍ത്തിയായിട്ടുണ്ട്. കൂടാതെ കമ്പനിയുടെ പുനരുദ്ധാരണ പാക്കേജ് തയ്യാറാക്കി അതിന്‍റെ വിവിധ വശങ്ങള്‍ പരിശോധിച്ചുവരികയാണ്.

കമ്പനിയെ കേരള ഇലക്ട്രിക്കല്‍ ആന്‍റ് അലൈഡ് എഞ്ചീനീയറിംഗ് കമ്പനി ലിമിറ്റഡിന്‍റെ ഒരു സബ്സിഡിയറി യൂണിറ്റായി നിലനിര്‍ത്തി മുന്നോട്ടു കൊണ്ടുപോകുക, കുറഞ്ഞ ഉല്പാദനച്ചെലവില്‍ കൂടുതല്‍ ഉല്പാദനം നടത്തുക, നിലവിലെ ജീവനക്കാരെ പുതിയ സ്ഥാപനത്തിലേക്ക് റിക്രുട്ട് ചെയ്ത് സേവനവേതന വ്യവസ്ഥകള്‍ രൂപീകരിക്കുക തുടങ്ങിയ നിരവധി കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി ജീവനക്കാരുടെ പ്രതിനിധികളുമായി ബഹു. വ്യവസായ വകുപ്പ് മന്ത്രി തലത്തിലും കമ്പനിയുടെ ചെയര്‍മാന്‍റെ അദ്ധ്യക്ഷതയിലും നിരവധി ചര്‍ച്ചകള്‍ ഇതിനകം നടത്തിയിട്ടുണ്ട്.

കമ്പനിയുടെ തുടര്‍പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന്‍റെ ഭാഗമായി ഉപധനാഭ്യര്‍ത്ഥനയിലൂടെ ബഡ്ജറ്റില്‍ ‘New Services’ ന്‍റെ കീഴില്‍ ടോക്കണ്‍ പ്രൊവിഷന്‍ അനുവദിക്കുകയും ഇതിലേക്കായി കൂടുതല്‍ ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചുവരുന്നു.

മേല്‍പ്പറഞ്ഞ പ്രകാരമുള്ള വിവിധ പ്രവര്‍ത്തനങ്ങളിലൂടെ കേരള സര്‍ക്കാരിന്‍റെ കീഴില്‍, എത്രയും വേഗം കമ്പനി പുനരാരംഭിക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും നടന്നുവരുന്നു.