Power Boiler Plant Operated at Vellore Paper Company

വെള്ളൂർ പേപ്പർ കമ്പനിയിൽ പവർ ബോയ്‌ലർ പ്ളാന്റ് പ്രവർത്തന സജ്ജം; ഉൽപാദനം ഉടനെയെന്ന് വ്യവസായ മന്ത്രി പി.രാജീവ്

മൂന്ന്‌ വർഷങ്ങൾക്കുശേഷമാണ് വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നത്. കാലം മാറിയപ്പോൾ കമ്പനിയുടെ രൂപവും ഭാവവും മാറി. കേന്ദ്രത്തിൽ നിന്ന് കേരളം ഏറ്റെടുത്ത ശേഷം രൂപീകരിച്ച കേരള പേപ്പർ പ്രോഡക്‌ട്‌സ് ലിമിറ്റഡിന്റെ പുനരുജ്ജീവന പദ്ധതിയിൽ മറ്റൊരു സുപ്രധാന ഏട് കൂടി അങ്ങനെ എഴുതിചേർക്കപ്പെട്ടു. പേപ്പർ പ്രോഡക്ട്സിന്റെ പവർ ബോയിലർ പ്ലാൻ്റ് വിജയകരമായി കമ്മീഷൻ ചെയ്യുകയും ആവി പരീക്ഷണം നടത്തുകയും ചെയ്തു. പരീക്ഷണത്തിൻ്റെ ഭാഗമായി പേപ്പർ മെഷീൻ ഡ്രയർ പ്രവർത്തിപ്പിച്ചു. സ്പീഡ് ട്രയലും വിജയകരമായി പൂർത്തിയാക്കി.

പവർ ബോയിലറിന്റെ പരീക്ഷണം വിജയകരമായതോടെ ഒന്നാം ഘട്ട പദ്ധതിയിൽ ലക്ഷ്യമിട്ട മൂന്ന് പ്ലാൻ്റുകളിൽ രണ്ട് എണ്ണം പ്രവർത്തനസജ്ജമായിരിക്കുകയാണ്. മൂന്നാമത്തെ പ്ലാൻ്റായ പേപ്പർ മെഷീൻ പ്ലാൻ്റിലെ 80% ജോലികളും പൂർത്തിയായി. മാർച്ച് 2ന് ഡി-ഇങ്കിംഗ് പ്ലാന്റിന്റെ പരീക്ഷണങ്ങൾ പൂർത്തിയായിരുന്നു. ഏപ്രിൽ അവസാനത്തോടെ മൂന്ന് പ്ലാൻ്റുകളിലും പരീക്ഷണാടിസ്ഥാനത്തിൽ ഉൽപാദനം തുടങ്ങാൻ സാധിക്കും. എത്രയും പെട്ടെന്നു തന്നെ പൂർണതോതിലുള്ള ഉൽപ്പാദനം ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പുരോഗമിക്കുകയാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. നവീകരിച്ച് പുനരുജ്ജീവിപ്പിച്ച കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡിൽ പേപ്പർ ഉൽ‌പാദനം ആരംഭിക്കുന്നതിന്റെ ഔപചാരിക ഉദ്ഘാടനം താമസിയാതെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്നും പി.രാജീവ് പറഞ്ഞു.

പ്രാരംഭ ഉൽപാദന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമുള്ള ഇറക്കുമതി പൾപ്പിന്റെ വിതരണം പ്രതിസന്ധി നേരിടുകയാണ്. പൾപ്പ് വിലയിലുണ്ടായ കുത്തനെയുള്ള വർധനവ് അന്താരാഷ്ട്ര വിപണിയിൽ ന്യൂസ് പ്രിൻ്റിൻ്റെ വിലയേയും ബാധിച്ചിട്ടുണ്ട്. ഉക്രെയ്ൻ യുദ്ധത്തോടെ സ്ഥിതി കൂടുതൽ വഷളായിരിക്കുന്നു. ഇറക്കുമതി ചെയ്യുന്ന പൾപ്പിൻ്റെ വിലനിലവാരം സാധാരണ നിലയിലാകുന്നതുവരെ മറ്റു മില്ലുകളിൽ നിന്ന് തദ്ദേശീയ പൾപ്പ് സംഭരിച്ച് ഇറക്കുമതി പൾപ്പിന്റെ കുറവ് നികത്താനുള്ള ശ്രമങ്ങൾ നടത്തുകയാണ്. റീ-സൈക്കിൾഡ് പൾപ്പ് ഉൽപ്പാദിപ്പിക്കുന്നതിനായി പ്രാദേശിക വിപണികളിൽ നിന്ന് പഴയ പത്രങ്ങളും മറ്റ് ഗ്രേഡിലുള്ള പേപ്പറുകളും ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

പ്ലാൻ്റ് പുനരുദ്ധാരണത്തിൻ്റെ രണ്ടാം ഘട്ടം 44.94 കോടി രൂപ ചിലവിൽ പൂർത്തിയാക്കാനാണ് ലക്ഷ്യം. ഇതിൻ്റെ ഭാഗമായി കെമിക്കൽ റിക്കവറി പ്ലാൻ്റിനും അനുബന്ധ സംവിധാനങ്ങൾക്കുമൊപ്പം മരം പൾപ്പിങ്ങിൻ്റെ പ്രവർത്തനം വേഗത്തിലാക്കാനും ശ്രമിക്കുന്നുണ്ട്. ഇതുവഴി ഇറക്കുമതി പൾപ്പിനെ ആശ്രയിക്കുന്നത് ഒഴിവാക്കി പ്ലാൻ്റിൻ്റെ ഉൽപാദനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാർ അടിസ്ഥാനത്തിൽ നൂറോളം ജീവനക്കാരെ അധികമായി ഉൾപ്പെടുത്തിക്കൊണ്ട് രണ്ടാം ഘട്ട പുനരുദ്ധാരണ പ്രവർത്തനങ്ങൾ മാർച്ചിൽ ആരംഭിച്ചിരുന്നു.

പ്രവർത്തന മൂലധനത്തിനായി മാറ്റിവച്ചിരിക്കുന്ന 75.15 കോടി ഉൾപ്പെടെ 154.39 കോടി രൂപയാണ് കെ പി പി എൽ പുനരുദ്ധാരണ പദ്ധതിക്കായി സംസ്ഥാന സർക്കാർ വകയിരുത്തിയിരിക്കുന്നത്. സ്ഥാപനം ആധുനികവൽക്കരിക്കുന്നതിനും സാങ്കേതിക വിദ്യ നവീകരിക്കുന്നതിനുമായി 20 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

കെപിപിഎലിൻ്റെ പ്രവർത്തന പുരോഗതി കമ്പനിയിൽ കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന 250 തൊഴിലാളികൾക്കൊപ്പം നാടിനാകെയും ആത്‌മവിശ്വാസവും സന്തോഷവും നൽകുകയാണ്. കേന്ദ്രസർക്കാർ അടച്ചുപൂട്ടി സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ച കമ്പനിയുടെ ഭാവിയെന്തെന്ന് അറിയാതിരുന്ന തൊഴിലാളികൾക്കും നാട്ടുകാർക്കും വലിയ ആശ്വാസമാണ് സംസ്ഥാന സർക്കാരിൻ്റെ ഏറ്റെടുക്കലും നവീകരണ നടപടികളും.