എം.എസ്.എം. ഇ ക്ളിനിക്കുകൾക്ക് തുടക്കമായി
രാജ്യത്താദ്യമായി സംരംഭകർക്ക് സഹായ ക്ളിനിക്ക് കേരളത്തിൽ
സംരംഭകരുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ ഉപദേശങ്ങൾ നൽകുന്നതിനുമായി ജില്ലതോറും എം എസ് എം ഇ ക്ലിനിക്കുകൾക്ക് തുടക്കമായി.
വ്യവസായ മന്ത്രി പി.രാജീവ് ഓൺ ലൈനായി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിലും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചതും സംരംഭകരുടെ സംശയങ്ങൾ ദൂരീകരിക്കാൻ കഴിയുന്നവരുമായ വിദഗ്ദരുടെ ഒരു പാനൽ തയ്യാറാക്കിയിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ മീറ്റ് ദി മിനിസ്റ്റർ പരിപാടിയിൽ സംരംഭകർ ഉന്നയിച്ച സംശയങ്ങളിൽ നിന്നാണ് എം.എസ്.എം.ഇ ക്ലിനിക്ക് എന്ന ആശയത്തിന് രൂപം നൽകിയതെന്ന് പി.രാജീവ് പറഞ്ഞു. സംരംഭകർക്ക് സംരംഭങ്ങളുമായി ബന്ധപ്പെട്ടുള്ള എല്ലാത്തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കാൻ കഴിയുന്ന സഹായക കേന്ദ്രങ്ങളാണിവ. സാങ്കേതികം, മാർക്കറ്റിംഗ് തുടങ്ങി എല്ലാ മേഖലകളുമായും ബന്ധപ്പെട്ട സഹായം ക്ളിനിക്കിൽ നിന്ന് ലഭിക്കും. എല്ലാ ജില്ലകളിലും എം എസ് എം ഇ ക്ലിനിക്ക് ആരംഭിക്കാൻ വ്യവസായ വകുപ്പിന് സാധിച്ചതായി മന്ത്രി പറഞ്ഞു.
സംശയങ്ങളുമായി ജില്ലാ വ്യവസായ കേന്ദ്രങ്ങളിലെത്തുന്ന സംരംഭകർക്ക് ഏറ്റവും അനുയോജ്യനായ പാനലിസ്റ്റുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിക്കും. ഒരു പാനലിസ്റ്റിൻ്റെ സേവനം തൃപ്തികരമല്ലെങ്കിൽ ഇതേ വിഷയത്തിൽ മറ്റൊരു പാനലിസ്റ്റുമായി സംസാരിക്കാനും സംരംഭകന് സാധിക്കും. സംസ്ഥാനത്തുടനീളം 168 പേരെ ഉൾക്കൊള്ളിച്ചിരിക്കുന്ന പാനലിൽ നിന്ന് എല്ലാ ജില്ലകളിലേക്കും ആളുകളെ തിരഞ്ഞെടുത്തിട്ടുണ്ട്. ബാങ്കിങ്ങ്, ലൈസൻസുകളും അനുമതികളും, പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കൽ, കയറ്റുമതി, ജി എസ് ടി, നിയമം, മാർക്കറ്റിങ്ങ്, സാങ്കേതിക വിദ്യ എന്നീ വിഷയങ്ങളിലെ വിദഗ്ധരാണ് നിലവിൽ പാനലിൽ ഉള്ളത്.
സംസ്ഥാന സർക്കാർ സംരംഭക വർഷം പദ്ധതി ആരംഭിക്കാനിരിക്കുന്ന ഘട്ടത്തിൽ എം എസ് എം ഇ ക്ലിനിക്കുകൾ പുതു സംരംഭകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. 2022 വർഷത്തിൽ മാത്രം ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതി നടപ്പിലാക്കുന്ന ഘട്ടത്തിൽ ക്ലിനിക്കുകളുടെ സേവനം ഏറെ പ്രയോജനപ്രദമാകും. സംരംഭങ്ങളുടെ സ്കേലിങ്ങ് അപ് ഘട്ടത്തിലും ക്ലിനിക്കുകൾക്ക് ഉപദേശം നൽകാൻ സാധിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.