പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സ്വയം ഭരണാവകാശം നൽകണമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്
അടുത്ത വർഷം 30 പൊതു മേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കുക ലക്ഷ്യമെന്ന് പി.രാജീവ്
സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്വ സ്വയംഭരണം നൽകണമെന്ന് ഇതേക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ശുപാർശ ചെയ്തു. സമിതി റിപ്പോർട്ട് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി.രാജീവിന് സമർപ്പിച്ചു. മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണി, ടി.സി.സി മാനേജിംഗ് ഡയറക്ടർ ഹരികുമാർ, കൊച്ചി റിഫൈനറി മുൻ ഇ ഡി പ്രസാദ് പണിക്കർ എന്നിവർ അംഗങ്ങളായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പൊതു മേഖലാസ്ഥാപനങ്ങൾ സ്വയംപര്യാപ്തവും സ്വയം ഭരണാവകാശമുള്ളവയുമായിരിക്കണമെന്നതാണ് സർക്കാർ നയമെന്ന് റിപ്പോർട്ട് ഏറ്റുവാങ്ങിയ ശേഷം മന്ത്രി പി.രാജീവ് പറഞ്ഞു. ലാഭത്തിലുള്ള സ്ഥാപനങ്ങളുടെ എണ്ണം അടുത്ത വർഷം 30 ആയി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേരള സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള 33 നിർമ്മാണ-വ്യാപാര കമ്പനികളുടെ പ്രവർത്തനം സംബന്ധിച്ച ശുപാർശകളാണ് സമിതി നൽകിയത്. കെ.എസ്.ഐ.ഡി.സി, കിൻഫ്ര, സഹകരണ സ്ഥാപനങ്ങൾ എന്നിവയെ റിപ്പോർട്ടിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
33 പൊതുമേഖലാ സ്ഥാപനങ്ങളെ ശരാശരി വരുമാനത്തിന്റെയും ലാഭത്തിന്റെയും അടിസ്ഥാനത്തിൽ നാല് വിഭാഗങ്ങളായി തരം തിരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ കാര്യക്ഷമമാക്കുന്നതിനായി 28 വിഷയങ്ങളിൽ സാമ്പത്തികവും പ്രവർത്തനപരവുമായ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് സമിതി ശുപാർശ ചെയ്തു.
പദ്ധതികൾ ആവിഷ്കരിക്കുന്നതിലും ആധുനീകരണം നടപ്പാക്കുന്നതിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ ബോർഡുകൾക്ക് അധികാരം നൽകണമെന്ന് സമിതി ശുപാർശ ചെയ്യുന്നു. സർക്കാർ ഗ്യാരണ്ടിയില്ലാതെ സ്വന്തം ഈടിൻമേൽ ബാങ്കുകളിൽനിന്ന് വായ്പ സ്വീകരിക്കാനുള്ള അധികാരം നൽകണം. മൂലധനച്ചെലവ് ഏറ്റെടുക്കാനും മെഷിനറികളുടെ അറ്റകുറ്റപ്പണികൾ നിർവഹിക്കാനുള്ള അധികാരവും നൽകണം. തൊഴിലാളികളെ പുനർ വിന്യസിക്കാൻ ഉള്ള അധികാരം,അപ്രസക്തമായ തസ്തികകൾ നിർത്തലാക്കാനുള്ള അധികാരം,വൈദ്യ പരിശോധനയുടെ അടിസ്ഥാനത്തിലുള്ള വിരമിക്കൽ,വി.ആർ.എസ് നൽകാനുള്ള അവകാശം എന്നിവ സ്ഥാപനങ്ങൾക്ക് നൽകണം.സ്ഥാനക്കയറ്റം,മാനേജീരിയൽ – സാങ്കേതിക തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്താനുള്ള അവകാശം ഇൻസന്റീവുകൾക്കുള്ള അവകാശം എന്നിവ നൽകണം.ഉൽപന്നങ്ങൾക്ക് വില നിർണയിക്കാനുള്ള അവകാശം സ്ഥാപനങ്ങൾക്ക് നൽകണം.കാലഹരണപ്പെട്ട ഉപകരണങ്ങൾ ഡീകമ്മീഷൻ ചെയ്യാനും സ്ക്രാപ്പുകൾ വിൽപ്പന നടത്താനുമുള്ള അധികാരം സ്ഥാപനങ്ങൾക്ക് ഉണ്ടാവണം.സാങ്കേതിക വിദ്യ സ്വീകരിക്കുന്നതിനും സംയുക്ത സംരംഭങ്ങളിൽ പങ്കാളിത്തം വഹിക്കുന്നതിനും അവകാശം നൽകണം.അസംസ്കൃതവസ്തുക്കൾ വാങ്ങുന്നതിനുള്ള അധികാരവും ബോർഡിന് ആകണം.
ഓരോ പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രവർത്തനം വിലയിരുത്താനുള്ള ധാരണാപത്രം സർക്കാരുമായി പൊതുമേഖലാ സ്ഥാപനങ്ങൾ ഉണ്ടാക്കണം.ഓരോ സ്ഥാപനത്തിൽ നിന്നും എന്ത് പ്രതീക്ഷിക്കുന്നു എന്ന് സർക്കാർ മുൻകൂട്ടി വ്യക്തമാക്കണം.നയപരമായ തീരുമാനങ്ങളിൽ മാത്രം സർക്കാർ തീരുമാനമെടുക്കുകയും നിർദേശം നൽകുകയും വേണം. ദൈനം ദിന പ്രവർത്തനങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം പൊതുമേഖലാസ്ഥാപനങ്ങളുടെ ബോർഡിന് ആയിരിക്കണം.മാനേജിംഗ് ഡയറക്ടർ മാർക്ക് നിശ്ചിത കാലയളവിൽ തൽസ്ഥാനത്ത് തുടരാനുള്ള അവകാശം നൽകണം. അവരുടെ പ്രവർത്തനം ഓരോ വർഷവും വിലയിരുത്തണം.പൊതുമേഖലാ സ്ഥാപനങ്ങളുടെ ഡയറക്ടർബോർഡിൽ അതതുമേഖലകളിലെ വിദഗ്ധർ ഉണ്ടാകണം.നിലവിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന റിയാബ്, ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്ഫർമേഷൻ (ബി.പി.ടി) എന്നപേരിൽ പുനഃ സംഘടിപ്പിക്കണം.
പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സർക്കാർ ഫണ്ടുകൾ ലഭ്യമാക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ ഓരോ പൊതുമേഖലാ സ്ഥാപനവും കെ എസ് ഐ ഡി സി, കെ എഫ് സി സർക്കാർ എന്നിവരുൾപ്പെട്ട ഒരു ത്രികക്ഷി ധാരണാപത്രം ഒപ്പിടണം. ശരാശരി ലാഭത്തിന്റെ 25 ശതമാനത്തിൽ കവിയാത്ത തരത്തിലാവണം ശമ്പള പരിഷ്കരണമെന്നും സമിതി ശുപാർശ ചെയ്തു.