പത്ത് വർഷത്തിനുള്ളിൽ 500 കോടി രൂപ നിക്ഷേപിക്കും
കേരളം ആസ്ഥാനമാക്കി പുതിയ ബിസ്കറ്റ് വിപണിയിലിറക്കാൻ പ്രവാസി വ്യവസായ ഗ്രൂപ്പായ ആസ്കോ (Azcco). ക്രേയ്സ് ബിസ്കറ്റ് (Craze) എന്ന പേരിൽ പുതിയ ബ്രാൻഡ് അവതരിപ്പിക്കുന്നതിന് 150 കോടി രൂപ ഉടൻ നിക്ഷേപിക്കുന്നതിന് വ്യവസായമന്ത്രി പി.രാജീവ് സംഘടിപ്പിച്ച മീറ്റ് ദ ഇൻവെസ്റ്റർ പരിപാടിയിൽ ധാരണയായി. അടുത്ത വർഷം പുതിയ ബിസ്കറ്റ് വിപണിയിലിറക്കും. 2030 ഓടെ 500 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്ത് നടത്തുമെന്നും ആസ്കോ അറിയിച്ചു.
ഗൾഫ് നാടുകൾ കേന്ദ്രീകരിച്ച് സൂപ്പർ മാർക്കറ്റ് ശ്യംഖലകൾ നടത്തുന്ന പ്രവാസി വ്യവസായി അബ്ദുൾ അസീസിന്റെ നേതൃത്വത്തിലുള്ള വ്യവസായ ഗ്രൂപ്പാണ് ആസ്കോ. ക്രമാനുഗതമായി വികസിക്കുന്ന ബിസ്കറ്റ് വിപണിയിൽ സ്വാധീനമുറപ്പിക്കാനാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അബ്ദുൽ അസീസ് പറഞ്ഞു. ഉയർന്ന ഗുണനിലവാരമുള്ളതും സ്വാദിഷ്ടവുമായ 39 തരം ബിസ്കറ്റുകളാണ് ക്രേയ്സ് ബ്രാൻഡിൽ ആദ്യഘട്ടത്തിൽ തന്നെ പുറത്തിറക്കുക. കോഴിക്കോട് കെ.എസ്.ഐ.ഡി.സി യുടെ വ്യവസായ പാർക്കിൽ ക്രേയ്സ് ഫാക്ടറിയുടെ നിർമ്മാണം ഈ വർഷം തന്നെ പൂർത്തിയാക്കും. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഫാക്ടറിയിൽ ജർമൻ, ടർക്കിഷ് മെഷീനുകളും സാങ്കേതിക വിദ്യയുമാണ് ഉപയോഗിക്കുക. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും നിക്ഷേപകർക്കുള്ള സഹായ നടപടികൾക്കുമായി നോഡൽ ഓഫീസറെ നിയമിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. ദീർഘദൂരയാത്രകൾക്കിടെ ഭക്ഷണത്തിനും വിശ്രമത്തിനും ഇടമൊരുക്കുന്ന ഉന്നത നിലവാരമുള്ള വിശ്രമ കേന്ദ്രങ്ങളും സൂപ്പർ മാർക്കറ്റുകളും സ്ഥാപിക്കുന്നതാണ് ആസ്കോ ഗ്രൂപ്പിന്റെ രണ്ടാം ഘട്ട നിക്ഷേപ പദ്ധതി.
ക്രമാനുഗതമായി വികസിക്കുന്ന ബിസ്കറ്റ് വിപണി പ്രതിവർഷം 11.27 ശതമാനം നിരക്കിൽ വളർച്ചയുണ്ടാക്കുന്നു എന്നാണ് കണക്ക്. കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിന് ആസ്കോ തുടർന്നും ശ്രമിക്കുമെന്ന് അബ്ദുൾ അസീസ് അറിയിച്ചു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, ഡയറക്ടർ എസ്. ഹരികിഷോർ, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ് എന്നിവരും പങ്കെടുത്തു.