പെട്രോകെമിക്കൽ പാർക്ക്: കിൻഫ്രയും ബി.പി.സി.എല്ലും ധാരണാപത്രം ഒപ്പിട്ടു 2024 ൽ പദ്ധതി പൂർത്തിയാക്കും.
കൊച്ചി അമ്പലമുകളിൽ കിൻഫ്ര സ്ഥാപിക്കുന്ന പെട്രോകെമിക്കൽ പാർക്ക് പദ്ധതിയിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള ധാരണാപത്രത്തിൽ കിൻഫ്രയും ബി.പി.സി.എല്ലും ഒപ്പുവച്ചു. വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, ബി.പി.സി.എൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ സുഭികാഷ് ജെന എന്നിവരാണ് തിരുവനന്തപുരത്ത് ധാരണാപത്രം ഒപ്പിട്ടത്. 2024 ൽ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം.
സംസ്ഥാനത്തിന്റെ വ്യവസായ, സാമ്പത്തികവളർച്ചയും തൊഴിൽ സൃഷ്ടിയും ലക്ഷമിട്ട് അമ്പലമുകളിലെ 481 ഏക്കർ ഭൂമിയിലാണ് പാർക്ക് സ്ഥാപിക്കുന്നത്. പെട്രോകെമിക്കൽ വ്യവസായത്തിലെ മുൻനിര സ്ഥാപനമായ ബി.പി.സി.എല്ലിന് 171 ഏക്കർ ഭൂമി പദ്ധതിയിൽ അനുവദിച്ചിട്ടുണ്ട്. 250 ഏക്കർ ഭൂമിയിൽ പെട്രോകെമിക്കൽ വ്യവസായ യൂണിറ്റുകൾക്കും സ്ഥലം അനുവദിക്കും. ബി.പി.സി.എൽ നൽകുന്ന പെട്രോളിയം ഉൽപ്പന്നങ്ങളും അസംസ്കൃത വസ്തുക്കളും ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുക. പാർക്കിലെത്തുന്ന വ്യവസായ യൂണിറ്റുകൾക്ക് ബി.പി.സി.എൽ പിന്തുണ നൽകുകയും ചെയ്യും. പാർക്ക് സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനും പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്നതിന് കിൻഫ്രയും ബി.പി.സി.എല്ലും തീരുമാനിച്ചിട്ടുണ്ട്.
വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, ഡയറക്ടർ എസ്. ഹരികിഷോർ, ബി.പി.സി.എൽ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജയ് ഖന്ന, എ.എൻ. ശ്രീറാം, കുര്യൻ ആലപ്പാട്ട്, ജോർജ്ജ് തോമസ്, എസ്. ശ്രീനിവാസൻ, കണ്ണബീരാൻ തുടങ്ങിയവർ പങ്കെടുത്തു.