Agro Food Pro started at Thekinkad ground

ബജറ്റ് പ്രഖ്യാപനങ്ങൾ കേരള ബ്രാന്റിന് ശക്തിപകരും
ഈ വർഷം മാർച്ചോടെ പുതിയ സംരംഭങ്ങളുടെ എണ്ണം ഒന്നര ലക്ഷമാക്കും

വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള അഗ്രോ ഫുഡ്പ്രോയ്ക്ക് തേക്കിൻകാട് മൈതാനത്തെ വിദ്യാർത്ഥി കോർണറിൽ വർണാഭമായ തുടക്കം. കാർഷിക ഭക്ഷ്യ സംസ്‌കരണ സംരംഭകത്വ മേഖലയിൽ പുത്തനുണർവ് ലക്ഷ്യമിട്ട് ആണ് പ്രദർശന വിപണന മേള നടത്തുന്നത്.

സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 1000 കോടി രൂപയുടെ മെയ്ക്ക് ഇൻ കേരള പദ്ധതിയിലൂടെ കേരള ബ്രാന്റ് സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. കുപ്പിവെള്ളം ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾക്കായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിൽ പല ഉൽപ്പന്നങ്ങളും സ്വന്തമായി ഉൽപ്പാദിപ്പിക്കാൻ ഇതുവഴി സാധിക്കും. കേരള ബ്രാന്റ് ലക്ഷ്യമിടുന്ന വൻ പദ്ധതികൾക്കാണ് ബജറ്റിൽ തുക വകയിരിത്തിരിക്കുന്നത്. അവ വ്യവസായ മേഖലയ്ക്ക് വലിയ ഉണർവ് പകരും.

ബജറ്റിൽ പ്രഖ്യാപിച്ച മിഷൻ 1000 പദ്ധതിയിലൂടെ സംസ്ഥാനത്തെ ഏറ്റവും മികച്ച 1000 ചെറുകിട സംരംഭങ്ങൾ തെരഞ്ഞെടുത്ത് അവയിലൂടെ ഒരു ലക്ഷം കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലെ സംരംഭകത്വ വർഷം പദ്ധതിയിൽ ഉൾപ്പെടുത്തി മാർച്ച് അവസാനത്തോടെ ഒന്നര ലക്ഷം പുതിയ സംരംഭങ്ങൾ സൃഷ്ടിക്കാൻ വ്യവസായ വകുപ്പിന് കഴിയും. അടുത്ത വർഷവും സംരംഭക വർഷമായി ആചരിക്കും.

കേരളത്തിന്റെ വ്യവസായ രംഗത്ത് ഈ വർഷം 17.3 ശതമാനം വർധനവുണ്ടായി കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാവസായിക വളർച്ചാ നിരക്കാണിത്. ഇന്ത്യയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ വ്യാവസായിക ഉൽപ്പാദന രംഗത്തെ വളർച്ചാ നിരക്ക് 10.3 ശതമാനമായിരുന്നു. ഈ വർഷം അത് 4.1 ഒരു ശതമാനമായി കുറഞ്ഞതായാണ് സാമ്പത്തിക സർവേ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ കേരളത്തിന്റെ ഈ വർഷത്തെ ഉൽപ്പാദന രംഗത്തെ വളർച്ചാ നിരക്ക് 18.9 ശതമാനമാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വളർച്ചയാണിത്.

മാനവിക വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങിയവയിലെ മുന്നേറ്റമാണ് കേരള മോഡലിന്റെ ശക്തിയെങ്കിൽ അതിന്റെ ദൗർബല്യം അടിസ്ഥാന സൗകര്യ വികസനത്തിലെ അപര്യാപ്തതയും കാർഷിക, വ്യവസായ മേഖലകളിലെ സ്തംഭനാവസ്ഥയുമായിരുന്നു. എന്നാൽ ഈ പരിമിതി പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. വ്യാവസായിക, കാർഷിക മേഖലകളിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ അതിന്റെ ഫലമാണ്.

സംരംഭകവർഷമായാണ് ഈ വർഷം സർക്കാർ ആചരിക്കുന്നത്. അതിന്റെ ഭാഗമായി 1,29,250 പുതിയ സംരംഭങ്ങൾ കേരളത്തിൽ തുടങ്ങാൻ സാധിച്ചു. 7825 കോടി നിക്ഷേപമുണ്ടായി. 278201 തൊഴിലവസരങ്ങൾ ഇതിന്റെ ഭാഗമായി സൃഷ്ടിക്കാൻ സാധിച്ചു. സംസ്ഥാനത്ത് ഒരു വർഷം ശരാശരി 10,000 പുതിയ സംരംഭങ്ങളാണ് രജിസ്റ്റർ ചെയ്തിരുന്ന സ്ഥാനത്താണിത്.

ഇതിൽ ഏറ്റവും കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചത് തൃശൂർ ജില്ലയിലാണെന്നും അതിനു പിന്നിൽ പ്രവർത്തിച്ച ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ നേതൃത്വത്തിലുള്ള മികച്ച ഏകോപനവും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഡോ. കൃപകുമാറിന്റെ നേതൃത്വത്തിലുള്ള മികച്ച സംഘാടനവുമാണ് ഇതിന് വഴിയൊരുക്കിയത്. സംസ്ഥാനത്ത് പുതുതായി ആരംഭിച്ച സംരംഭങ്ങളിൽ 22293 സംരംഭങ്ങൾ ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ടതാണ്. 1287.4 കോടി രൂപയുടെ നിക്ഷേപവും 55212 തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പെട്ടു.

പുതുതായി തുടങ്ങിയ സംരംഭങ്ങളിൽ സർക്കാരിന് മുതൽ മുടക്കുണ്ടാവുകയെന്നത് പ്രധാനമല്ല. ഇതുവരെ സ്വർണമായോ പണമായോ ബാങ്ക് നിക്ഷേപമായോ കിടന്നിരുന്ന ധനം മൂലധനമായി മാറ്റാൻ കഴിഞ്ഞുവെന്നതാണ് ഇതിലൂടെ കൈവരിച്ച പ്രധാന നേട്ടം. തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കാനും ഇതുവഴി കഴിഞ്ഞു.