ചാന്ദ്രയാൻ 3-കെ.എം.എം.എലും പങ്കാളികളായി
രാജ്യത്തിനാകെ അഭിമാന നിമിഷമായ ചാന്ദ്രയാൻ 3 ദൗത്യത്തിൽ സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ കെ.എം.എം.എലും പങ്കാളികളായി. കെ.എം.എം.എല്ലിൽ നിന്നുള്ള ടൈറ്റാനിയം സ്‌പോഞ്ച് മെറ്റൽ ഉപയോഗിച്ച് ഉണ്ടാക്കിയ അലോയ്കളാണ് ചാന്ദ്രയാൻ ബഹിരാകാശ പേടകത്തിലെ ക്രിട്ടിക്കൽ കമ്പോണന്റ്‌സ് ഉണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ടൈറ്റാനിയം സ്‌പോഞ്ച് ഉൽപാദിപ്പിക്കുന്ന രാജ്യത്തെ ഏക പ്ലാന്റാണ് കെ.എം.എം.എല്ലിലേത്.
കെഎംഎംഎൽ, ഐസ്ആർഒ ക്ക് കീഴിലെ വിക്രം സാരാഭായ് സ്‌പേസ് സെന്റർ (വി.എസ്.എസ്.സി), ഡിഫൻസ് മെറ്റലർജിക്കൽ റിസർച്ച് ലബോറട്ടറി (ഡി.എം.ആർ.എൽ) എന്നിവയുടെ സംയുക്ത സംരംഭമായാണ് 500 ടൺ ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റ് ചവറയിൽ നിർമ്മിച്ചത്. ഡോ. എപിജെ അബ്ദുൾ കലാമിന്റെ സ്വപ്‌നപദ്ധതിയായിരുന്നു ഇത്.
ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്കും പ്രതിരോധ മേഖലയ്ക്കും ആവശ്യമായ ടൈറ്റാനിയം സ്‌പോഞ്ച് വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്ലാന്റ് സ്ഥാപിച്ചത്.
2006 ഡിസംബർ 27-ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. 2011 ഫെബ്രുവരി 27-ന് പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്റണി രാജ്യത്തെ ആദ്യത്തെ ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റ് (ടിഎസ്പി) കെഎംഎംഎല്ലിൽ ഉദ്ഘാടനം ചെയ്തു. ഇതോടെ, ടൈറ്റാനിയം ലോഹത്തിന്റെ അസംസ്‌കൃത വസ്തുവായ ടൈറ്റാനിയം സ്പോഞ്ച് ഉൽപാദന സാങ്കേതികവിദ്യയുള്ള ലോകത്തിലെ ഏഴാമത്തെ രാജ്യമായി ഇന്ത്യ മാറി. 2011 സെപ്റ്റംബർ 6 ന് കെഎംഎംഎൽ ടൈറ്റാനിയം സ്പോഞ്ചിന്റെ ആദ്യ ബാച്ച് നിർമ്മിച്ചു. ചന്ദ്രയാൻ 2 ദൗത്യത്തിനും കെ.എം.എം.എല്ലിൽ നിന്നുള്ള ടൈറ്റാനിയം സ്‌പോഞ്ച് ഉപയോഗിച്ചിരുന്നു.
ടൈറ്റാനിയം സ്പോഞ്ച് ഉൽപാദനത്തിന്റെ ഭാഗമായി ഉപോൽപന്നമായി ഉണ്ടാകുന്ന മഗ്‌നീഷ്യം ക്ലോറൈഡിൽ നിന്ന് മഗ്‌നീഷ്യം വേർതിരിച്ചെടുക്കുന്നതിന് പുതിയ മഗ്‌നീഷ്യം റീസൈക്ലിങ്ങ് പ്ലാന്റ് നിർമ്മിക്കുകയാണ് ഇപ്പോൾ കെ.എംഎം.എല്