Kerala Paper Products Limited

കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡ്‌

കോട്ടയം വെള്ളൂരിൽ കേന്ദ്രം പൂട്ടിയ ന്യൂസ്പ്രിന്റ് ലിമിറ്റഡ് ഫാക്ടറി സംസ്ഥാന സർക്കാർ എറ്റെടുത്തു. 3 വർഷം നീണ്ട ഏറ്റെടുക്കൽ പ്രക്രിയക്ക് ശേഷം 5 മാസം കൊണ്ട് ആദ്യഘട്ട പുനരുജ്ജീവനപ്രക്രിയ പൂർത്തിയാക്കി വെള്ളൂർ കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡ് പ്രവർത്തനം ആരംഭിച്ചു. കേവലം 5 മാസം കൊണ്ട് രണ്ടാം ഘട്ടവും പൂർത്തിയാക്കി വ്യാവസായികാടിസ്ഥാനത്തിലുള്ള ഉൽപാദനപ്രക്രിയയും ആരംഭിച്ചു. ഉന്നത ഗുണമേന്മയുള്ള ന്യൂസ്പ്രിൻ്റും 52-70 ജി.എസ്.എം പ്രിന്റിംഗ് പേപ്പറും ഉൽപാദിപ്പിക്കാൻ കഴിയുന്ന ഘട്ടത്തിലേക്ക് കെ പി പി എൽ ഇന്ന് ഉയർന്നിരിക്കുന്നു.

സംസ്ഥാനം നൽകിയ വലിയ പിന്തുണയുടെ പിൻബലത്തിലാണ് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് കോട്ടയം ജില്ലയിലെ വെള്ളൂരിൽ പ്രവർത്തനം തുടങ്ങിയത്. 700 ഏക്കർ ഭൂമി ഏറ്റെടുത്ത് കമ്പനിക്ക് കൈമാറിയത് സംസ്ഥാനമാണ്. തടി ഉൾപ്പെടെയുള്ള അസംസ്കൃത വസ്‌തുക്കൾ, വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ എല്ലാം ഒരുക്കി കേരളം നട്ടുനനച്ച് വളർത്തിയതാണ് എച്ച്.എൻ.എൽ. എന്നാൽ എച്ച്.എൻ.എൽ വിൽക്കാൻ തീരുമാനിച്ച സന്ദർഭത്തിലും, കേരളത്തിന് സ്ഥാപനം കൈമാറണമെന്ന സംസ്ഥാനത്തിന്റെ അഭ്യർത്ഥന പരിഗണിക്കാൻ പോലും കേന്ദ്ര സർക്കാർ തയ്യാറായില്ല. ഇതേത്തുടർന്ന് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ മുമ്പാകെ ലേല പ്രക്രിയയിൽ പങ്കെടുത്താണ് സംസ്ഥാനം വെള്ളൂർ പേപ്പർ കമ്പനി ഏറ്റെടുത്തത്. ട്രിബ്യൂണൽ അവാർഡ് പ്രകാരമുള്ള എല്ലാ ബാധ്യതകളും പൂർണ്ണമായും അടച്ചു തീർത്തു. 3000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെ പി പി എല്ലിനെ വികസിപ്പിക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം. മൂവായിരത്തോളം പേർക്ക് തൊഴിൽ നൽകാൻ സാധിക്കുന്ന, പ്രതിവർഷം അഞ്ച് ലക്ഷം മെട്രിക് ടൺ ഉൽപാദന ശേഷിയുള്ള സ്ഥാപനമായി കെ.പി.പി.എല്ലിനെ ഈ സർക്കാർ മാറ്റിയെടുക്കും. നാലുഘട്ടങ്ങളിലായി വിഭാവനം ചെയ്‌തിട്ടുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ എത്തുമ്പോൾ പേപ്പർ വ്യവസായത്തിലെ മറ്റേതൊരു സ്ഥാപനത്തോടും കിടപിടിക്കുന്ന വിധത്തിൽ ലാഭകരമായ സ്ഥാപനമായിൽ കെ.പി.പി.എൽ മാറും.

അടച്ചു പൂട്ടലിന്റെ വക്കിലെത്തി, ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ല എന്ന് തോന്നിപ്പിച്ച സ്ഥാപനമാണ് വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്‌ട‌റി എന്ന് ആലോചിക്കുമ്പോഴാണ് മാറ്റത്തിന്റെ വ്യാപ്‌തിയും ആഴവും ബോധ്യപ്പെടുക.
നാല് ഘട്ടങ്ങളായാണ് കെ.പി.പി.എല്ലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വിഭാവനം ചെയ്‌തത്. ഒന്നാം ഘട്ടമായി അഞ്ചു മാസംകൊണ്ട് മൂന്ന് പ്ലാൻ്റുകളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി(പേപ്പർ മെഷീൻ, റീ സൈക്കിൾഡ് പൾപ്പിങ്ങ് പ്ലാൻ്റ്, ബോയിലറും അനുബന്ധ മെഷിനറികളും). ഒന്നാംഘട്ട ഫാക്ടറി നവീകരണത്തിനു മാത്രമായി 34.3 കോടിയാണ് അഞ്ചു മാസത്തേക്ക് വകയിരുത്തിയത്. രണ്ടാംഘട്ടവും സമയ ബന്ധിതമായി പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു. ഈ ഘട്ടത്തിൽ 44.94 കോടി മുതൽ മുടക്കി കെമിക്കൽ മെക്കാനിക്കൽ പ്ളാന്റുകളുടെ പുനരുദ്ധാരണം സാധ്യമാക്കി. രണ്ടാം ഘട്ടം പൂർത്തിയായതോടെ കമ്പനിയുടെ നിലവിലുള്ള ശേഷി മുഴുവൻ ഉപയോഗിക്കാവുന്ന സ്ഥിതിയിലേക്ക് ഉയർന്നിട്ടുണ്ട്. വുഡ് പൾപ്പിംഗ് സ്ട്രീമുകൾക്കൊപ്പം റീസൈക്കിൾ ചെയ്‌ത പൾപ്പ് കൂടി ഉപയോഗിച്ച് വ്യാവാസായികാടിസ്ഥാനത്തിലുള്ള ന്യൂസ് പ്രിൻ്റ് നിർമ്മാണം ആരംഭിച്ചു. 30ഓളം അച്ചടി മാധ്യമങ്ങൾക്ക് കെപിപിഎൽ ഈ ചുരുങ്ങിയ കാലം കൊണ്ട് കടലാസ് വിതരണം ചെയ്തിരിക്കുന്നു. 27 മാസം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന മൂന്നാം ഘട്ടമാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. 650 കോടി രൂപയാണ് ഈ ഘട്ടത്തിന്റെ ചിലവ് പ്രതീക്ഷിക്കുന്നത്. നാലാം ഘട്ടം 17 മാസം കൊണ്ട് പൂർത്തിയാക്കി പാക്കേജിങ്ങ് ഗ്രേഡ് പേപ്പർ ഉൽപാദനം തുടങ്ങാനുമാണ് ലക്ഷ്യമിടുന്നത്. 350 കോടിയാണ് നാലാം ഘട്ടത്തിൽ ചെലവ് പ്രതീക്ഷിക്കുന്നത്. മൂന്നര വർഷത്തിലേറെ അടച്ചുപൂട്ടിയ ഒരു സ്ഥാപനം ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതി തയ്യാറാക്കി തുറന്നു പ്രവർത്തിപ്പിക്കുന്നത് രാജ്യത്തിന്റെ വ്യാവസായിക ചരിത്രത്തിൽ ആദ്യമായാണ്. അസ്‌തമിച്ചെന്ന് കരുതിയ ഒരു വ്യവസായ സ്ഥാപനം വലിയ സ്വപ്നങ്ങളോടെ കുതിച്ചുയരുന്നത് കോട്ടയത്തിന്റെ സ്വപ്നങ്ങൾക്ക് ചിറക് വിരിക്കുന്നതിനൊപ്പം ഇന്ത്യയുടെ തന്നെ വ്യവസായ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുമാകും.