Kerala Automobiles has launched an electric pickup van

കേരള സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ആട്ടോമൊബൈൽസ്, ഇലക്ട്രിക് പിക്കപ്പ് വാൻ പുറത്തിറക്കി.

“കേരള ഗ്രീൻ സ്ട്രീം” എന്ന പേരിലാണ് ഇലക്ട്രിക് പിക്ക് അപ്പ് വാനുകൾ പുറത്തിറക്കിയത്. ഇ- കാർട്ട് വിഭാഗത്തിൽപ്പെട്ട പിക്കപ്പ് വാനുകൾ 300 കിലോ ഭാരം വഹിക്കും. ഒരു തവണ ചാർജ്ജ് ചെയ്താൽ 90 കി.മീ. മൈലേജ് ലഭിക്കും. വീടുകളിലും, ചാർജിംഗ് സ്റ്റേഷനുകളിലും ചാർജ് ചെയ്യാവുന്ന രീതിയിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ മാലിന്യ നീക്ക പ്രവർത്തനങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വാഹനമാണിതെന്ന് മന്ത്രി.പി.രാജീവ് പറഞ്ഞു. മികച്ച സർവ്വീസ് സൗകര്യങ്ങൾ ഏർപ്പെടുത്തി ഉപഭോക്താക്കൾക്ക് സേവനം ഉറപ്പുവരുത്തും.
1984 ൽ പ്രവർതമാരംഭിച്ച കേരള ഓട്ടോമോബൈൽ ലിമിറ്റഡ് ഇതുവരെ 1.25 ലക്ഷത്തോളം പെട്രോൾ, ഡീസൽ, ഇലക്ട്രിക് ഓട്ടോറിക്ഷകൾ വിൽപന നടത്തി. ഡൽഹി, രാജസ്ഥാൻ, പഞ്ചാബ്, ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കെ.എ.എൽ വാഹനങ്ങൾ കൂടുതലായി വിറ്റഴിക്കുന്നത്.

2019 ൽ ഇന്ത്യയിൽ ആദ്യമായി പൊതുമേഖലയിൽ ഇലക്ട്രിക് ആട്ടോറിക്ഷകൾ നിരത്തിലിറക്കിയത് കെ.എ.എൽ ആണ്. അന്തരീക്ഷ മലിനീകരണം, ഉയർന്ന ജനസാന്ദ്രത തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്ന സംസ്ഥാനങ്ങൾക്ക് അനുയോജ്യമാണ് ഇലക്ട്രിക് ഓട്ടോറിക്ഷകളും പിക്കപ്പ് വാനുകളും.

വിപണിയിലെത്തുന്നതിന് മുൻപ് തന്നെ സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും പിക്കപ്പ് വാനുകൾക്ക് ഓർഡറുകൾ ലഭിച്ചു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 5 വാഹനവും ഫറോക്ക് മുനിസിപ്പാലിറ്റി 3 വാഹനവും തവനൂർ, മാന്നാർ, മാരാരിക്കുളം ഗ്രാമ പഞ്ചായത്തുകളും വാഹനങ്ങൾക്ക് ഓർഡർ നൽകിയിരുന്നു. കൊച്ചി സ്മാർട്ട് മിഷൻ 2 വാഹനങ്ങൾ വാങ്ങി. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പ്രധാന വിതരണക്കാരായ സൺലിറ്റ് പവർ പ്രൈവറ്റ് ലിമിറ്റഡ് മുഖേന 100 പിക്കപ്പ് വാഹനങ്ങൾക്ക് പർച്ചേസ് ഓർഡർ നൽകി.