അംഗീകാര നിറവിൽ കെ -സ്വിഫ്റ്റ് : ഇന്നൊവേഷൻ അവാർഡ്

പൊതുജനസേവന സംബന്ധിയായ നൂതന നയരൂപീകരണങ്ങൾക്ക് ഏർപ്പെടുത്തിയ ഇന്നൊവേഷൻ അവാർഡിന്‌   കെ-സ്വിഫ്റ്റ് അർഹമായി. 5 ലക്ഷം രൂപയും ഫലകവും ഉൾപ്പെടുന്നതാണ് അവാർഡ്. പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ ലഭ്യമാക്കൽ, നടപടിക്രമങ്ങളുടെ മെച്ചപ്പെടുത്തൽ, വികസന ഇടപെടലുകൾ, ഉദ്യോഗസ്ഥസമൂഹത്തിന്റെ മാനേജ്‌മന്റ് എന്നീ 4 വിഭാഗങ്ങളിലായാണ് അവാർഡുകൾക്കായി സർക്കാർ സ്ഥാപനങ്ങളെയും ഏജൻസികളെയും പരിഗണിച്ചത്. വിവിധ സ്ഥാപനങ്ങളുടെയും ഏജൻസികളുടെയും പദ്ധതികൾ വിലയിരുത്തുന്നതിനും കൂടിക്കാഴ്ചകൾ നടത്തി തിരഞ്ഞെടുക്കുന്നതിനും IMG യെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരുന്നത്. വ്യവസായ സംരംഭങ്ങൾക്ക് അംഗീകാര പത്രം നൽകുന്ന ഓൺലൈൻ ഏകജാലക സംവിധാനമായ കെ-സ്വിഫ്റ്റിന്റെ പുതിയ പതിപ്പ് 2022 ജനുവരി 1നാണ് ഉദ്ഘാടനം ചെയ്തത്. 21 വകുപ്പുകളിലായി 85ലധികം സേവനങ്ങൾ കെ-സ്വിഫ്റ്റ് പോർട്ടലിലൂടെ നൽകി വരുന്നു. 37,703 രജിസ്റ്റർ ചെയ്ത ഉപയോക്‌താക്കളിൽ നിന്നും ഇതുവരെ 2030 ഡിജിറ്റൽ ലൈസൻസുകൾ കെ-സ്വിഫ്റ്റ് പോർട്ടൽ വഴി നൽകിയിട്ടുണ്ട്. കൂടാതെ 19,121 എം എസ് എം ഇ അക്‌നോളജ്‌മെന്റ് സർട്ടിഫിക്കറ്റുകളും ഇതിനകം നൽകി. 3,800 കോടി രൂപയുടെ നിക്ഷേപവും കെ-സ്വിഫ്റ്റ് വഴി സാധ്യമായി. കൂടുതൽ വകുപ്പുകളുടെ സേവനം കെ-സ്വിഫ്റ്റിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്