New IT Spaces in Infopark Phase II: A Developmental Step by IT Department

ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടിൽ പുതിയ ഐടി സ്പേസുകൾ : ഐ ടി വകുപ്പിന്റെ വികസന ചുവടുവയ്പ്പ്

കേരളത്തിന്റെ ഐ ടി വ്യവസായ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് വ്യവസായ വികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടിൽ പുതിയ ഐടി സ്പേസുകൾ കൂടി ആരംഭിച്ചു. പുതുതായി 1,61,000 ചതുരശ്ര അടി ഐടി സ്‌പേസാണ് ഇന്‍ഫോപാര്‍ക്കില്‍ സജ്ജമായിരിക്കുന്നത്. മൂന്ന് നിലകളിലായി കൊഗ്നിസന്റ് ടെക്‌നോളജീസിന്റെ കെട്ടിടത്തില്‍ 1,00,998 ചതുരശ്ര അടിയും ജ്യോതിര്‍മയ ബ്ലോക്കില്‍ 35000 ചതുരശ്ര അടിയും തൃശൂര്‍ ഇന്‍ഫോപാര്‍ക്കില്‍ 25000 ചതുരശ്ര അടിയുമായാണ് പുതിയ ഐടി സ്‌പേസ് ആരംഭിക്കുന്നത്. ഇവിടങ്ങളിൽ 18 കമ്പനികളുടെ നേതൃത്വത്തില്‍ രണ്ടായിരത്തോളം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 62 ലക്ഷം ചതുരശ്ര അടി ഐടി സ്പേസ് നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത് . ഇത് സാധ്യമാക്കുന്നതിലൂടെ 67,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു. 2016 മുതൽ സംസ്ഥാനത്താകെ 46 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള ഐടി സ്‌പേസും 45869 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കേരളം ഐടി വ്യവസായങ്ങൾക്ക് അനുയോജ്യമായ ഭൂമിയാണെന്നാണ് തെളിഞ്ഞുകൊണ്ടിരിക്കുന്നത്. ഐബിഎം, ടാറ്റ എലക്സി, ടിസിഎസ് പോലുള്ള കമ്പനികൾ കേരളത്തിലേക്ക് കടന്നുവരുന്നത് ഈ അനുകൂല സാഹചര്യം മനസിലാക്കിക്കൊണ്ടാണ്.

തൊഴിൽ സൃഷ്ടിക്കുകയും നാടിൻ്റെ അഭിവൃദ്ധിക്കനുയോജ്യമായ വ്യവസായങ്ങൾ കൊണ്ടുവരികയും അതുവഴി ഒരു വികസിത സമ്പദ് വ്യവസ്ഥ കൈവരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലധിഷ്ഠിതമായ പ്രവർത്തനമാണ് കേരളം നടത്തുന്നത്. 2016 മുതലുള്ള കാലയളവില്‍ സംസ്ഥാനത്ത് ആകെ 46 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള ഐടി സ്പേസും 45,869 തൊഴിലവസരങ്ങളുമാണ് സൃഷ്ടിക്കപെട്ടത്. വിപുലവും ഊര്‍ജസ്വലവുമായ ഐടി വികസനം ഐടി രംഗത്ത് വലിയ കുതിപ്പാണുണ്ടാക്കിയിരിക്കുന്നത്. കേരളത്തിന് ഏറ്റവും അനുയോജ്യമായ വ്യവസായങ്ങളിലൊന്നാണ് ഐടി. മികച്ച മാനവ വിഭവ ശേഷി, ഉന്നത വിദ്യാഭ്യാസം നേടിയ ജനത, നാടിന്റെ പ്രത്യേകത, ശാന്തമായ സാമൂഹികാന്തരീക്ഷം എന്നിവ ഐടി മേഖലയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും അനുകൂല ഘടകങ്ങളാണ്.