Income Support Scheme: Additional Rs 24.83 crore allocated to coir and khadi workers

ഇൻകം സപ്പോർട്ട് സ്കീം: കയർ, ഖാദി തൊഴിലാളികൾക്ക് 24.83 കോടി രൂപ കൂടി അനുവദിച്ചു

സംസ്ഥാനത്തെ പരമ്പരാഗത തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവർക്കായി ആവിഷ്കരിച്ച സാമ്പത്തിക സഹായ പദ്ധതിയായ ഇൻകം സപ്പോർട്ട് സ്കീം പ്രകാരം കയർ, ഖാദി തൊഴിലാളികൾക്കായി 24.83 കോടി രൂപ കൂടി അനുവദിച്ചു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന് 17.50 കോടി രൂപയും കയർ വികസന ഡയറക്ടറേറ്റിന് 7.33 കോടി രൂപയുമാണ് തൊഴിൽ വകുപ്പ് അനുവദിച്ചത്. 90 കോടി രൂപയാണ് ഇൻകം സപ്പോർട്ട് സ്കീമിൽ ഈ സാമ്പത്തിക വർഷം വകയിരുത്തിയിട്ടുള്ളത്.

ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കയർ തൊഴിലാളികൾക്ക് ഇൻകം സപ്പോർട്ട് സ്കീമിൽ ഇതിനകം 60.58 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷം നേരത്തെ അനുവദിച്ച 14.66 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു.

ഖാദി ബോർഡിന് ഇൻകം സപ്പോർട്ട് സ്കീമിൽ ഇതുവരെ 157.8 കോടി രൂപയാണ് അനുവദിച്ചത്. പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക് വേതനം ഉറപ്പാക്കുന്നതിന് സർക്കാർ പ്രധാന പരിഗണനയാണ് നൽകുന്നത്.