ഈ വർഷം 14 സ്വകാര്യ വ്യവസായ പാർക്കുകൾ
ഈ വർഷം 14 സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കും.നിക്ഷേപ അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിനായി നടപടിക്രമങ്ങൾ ലഘൂകരിച്ചത് വ്യവസായ പാർക്കുകൾ ആരംഭിക്കാൻ പ്രചോദനമാകും. ഇതിന്‍റെ പ്രാരംഭ നടപടി എന്ന നിലയില്‍ സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ഓൺലൈൻ പോർട്ടൽ ഉദ്ഘാടനം തിരുവനന്തപുരത്ത് വച്ച് നടന്നു. കേരളത്തിൽ ഭൂമി ലഭ്യത വലിയ പ്രശ്നമാണ്. തീരദേശ പരിപാലന നിയമം, തണ്ണീർത്തട നിയമം,പരിസ്ഥിതി ലോല പ്രദേശങ്ങൾ പരിപാലിക്കാനുള്ള നിയമങ്ങൾ തുടങ്ങിയവ വ്യാവസായിക ആവശ്യങ്ങൾക്ക് ലഭ്യമാക്കാനാകുന്ന ഭൂമിയുടെ അളവ് പരിമിതപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ വ്യവസായ വളർച്ചയ്ക്ക് സ്വകാര്യഭൂമി കൂടി എങ്ങനെ ഉപയോഗിക്കാൻ കഴിയും എന്ന പരിശോധനയുടെ ഭാഗമായാണ് സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകാൻ നിശ്ചയിച്ചത്.
സ്വകാര്യ പാർക്കുകൾ അനുവദിക്കാനുള്ള നയം നേരത്തെ തന്നെ നിലവിൽ വന്നിരുന്നെങ്കിലും
പ്രായോഗിക തലത്തിൽ നടപ്പിൽ ആയിരുന്നില്ല. ഇതിന് ഇടയാക്കിയ കാരണങ്ങൾ സർക്കാർ പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതുക്കിയ നടപടിക്രമങ്ങൾ രൂപീകരിച്ചത്.
ഒരു ഏക്കറിന് 30 ലക്ഷം രൂപയും എസ്റ്റേറ്റിന് മൂന്നുകോടി രൂപ വരെയും ഇൻസന്റീവ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിലൊരു ഭാഗം മുൻകൂറായി നൽകും. വ്യക്തികൾക്കും സഹകരണ സംഘങ്ങൾക്കും ട്രസ്റ്റുകൾക്കും പാർട്ട്ണർഷിപ്പ് കൂട്ടായ്മകൾക്കും സ്വകാര്യ വ്യവസായ പാർക്ക് ആരംഭിക്കാം.ഇതിനകം 14 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. മുപ്പത് വർഷ കാലപരിധി പാർക്കുകൾക്ക് നിശ്ചയിച്ചത് ഒഴിവാക്കും. വ്യവസായ ടൗൺഷിപ്പ് നിയമത്തിന്റെ പരിധിയിൽ പാർക്കുകളെ കൊണ്ടുവരും.നിക്ഷേപകർക്ക് അനുകൂലമായ ഒരു ആവാസ വ്യവസ്ഥിതി കേരളത്തിൽ നിലവിലുണ്ട്.
ഒരു ലക്ഷം സംരംഭങ്ങൾ നടപ്പു സാമ്പത്തിക വർഷം ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മുന്നോട്ടുപോവുകയാണ്. സംരംഭകർക്ക് നാലു ശതമാനം പലിശയ്ക്ക് ബാങ്ക് വായ്പ ലഭ്യമാക്കും.
സംരംഭകർ ഓഫീസുകൾ കയറി ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കി സംരംഭകർക്ക് ആവശ്യമായ സഹായം വകുപ്പ് അങ്ങോട്ട് എത്തിക്കുകയാണ്.വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകൾ
സുതാര്യമാക്കുന്നതിന് സ്വീകരിച്ച നടപടികൾ സംരംഭകർക്ക് ഏറെ പ്രയോജനകരമാണ്.
സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതി വഴി അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് തയ്യാറാക്കിയ ഓൺലൈൻ പോർട്ടലിന്റെയും വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് സംരംഭകർക്ക് ഉണ്ടാകുന്ന പരാതികൾ പരിഹരിക്കുന്നതിന് തയ്യാറാക്കിയ ഓൺലൈൻ പോർട്ടലിന്റെയും ഉദ്ഘാടനം നടന്നു. സംസ്ഥാന-ജില്ലാതലങ്ങളിൽ രൂപീകരിച്ച പരാതി പരിഹാര കമ്മിറ്റികൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിന് ഓൺ ലൈൻ പോർട്ടൽ സഹായകരമാണ്.