ക്യാൻസർ മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓങ്കോളജി ഫാർമ പാർക്കിന് ആരംഭം. 231 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ ബൃഹത്ത് പദ്ധതി 3 വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ആണ് തീരുമാനം. ഇതിനായി കിഫ്ബി സാമ്പത്തിക സഹായം ലഭ്യമാക്കും. ഓങ്കോളജി ഫാർമ പാർക്ക് പ്രവർത്തനക്ഷമമാകുന്നതോടെ പ്രതിവർഷം 6 കോടി ഗുളികകളും 4.5 കോടി ക്യാപ്സൂളുകളും 37 ലക്ഷം കുത്തിവെപ്പ് മരുന്നുകളും നിർമ്മിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2028ഓട് കൂടി ആഗോളതലത്തിൽ 448 ബില്യൺ യു എസ് ഡോളറിൻ്റെ മരുന്നുകളും ചികിത്സയും ക്യാൻസറിനെ പ്രതിരോധിക്കുന്നതിന് ആവശ്യമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ പല മരുന്നുകളും സാധാരണക്കാർക്ക് അപ്രാപ്യമായവയാണ്. ഇത് പരിഹരിക്കാൻ ക്യാൻസർ ചികിത്സാ രംഗത്തെ വിദഗ്ധ ഡോക്ടർമാരുടെ ശില്പശാല സംഘടിപ്പിച്ച് മരുന്നുകളുടെ ഉല്പാദനത്തിൻറെ മുൻഗണനാ ക്രമം നിശ്ചയിച്ചുകൊണ്ടായിരിക്കും ഓങ്കോളജി പാർക്കിൽ നിർമ്മാണം ആരംഭിക്കുക. 2020-21 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിലാണ് ആലപ്പുഴയിൽ ഓങ്കോളജി പാർക്ക് സ്ഥാപിക്കുമെന്ന പ്രഖ്യാപിക്കുന്നത്. ഇപ്പോൾ പ്രാഥമിക നടപടികൾ പൂർത്തിയാക്കുകയും ഓങ്കോളജി പാർക്കിൻ്റെ വിശദമായ പദ്ധതിരേഖ ഉൾപ്പെടെ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. വ്യവസായ വകുപ്പിന്റെ കീഴിൽ കിഫ്ബി ധനസഹായത്തോടുകൂടി നടപ്പാക്കുന്ന പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ക്യാൻസർ ചികിത്സാ രംഗത്ത് തന്നെ വിപ്ലവകരമായ ചലനമായിരിക്കും കേരളം സൃഷ്ടിക്കുക. കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കുന്നതിലൂടെ നിരവധി ജീവനുകൾ രക്ഷിക്കാനും ലോകത്തിന് തന്നെ മാതൃകയാകാനും കേരളത്തിന് സാധിക്കും.