Coir Expert Committee started functioning; A comprehensive solution to the crisis in the rope sector is the goal

കയർ വിദഗ്ധ സമിതി പ്രവർത്തനം തുടങ്ങി; കയർ മേഖലയിലെ പ്രതിസന്ധിക്ക് സമഗ്ര പരിഹാരം ലക്ഷ്യം

കയർ മേഖലയിൽ നിലനിൽക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് പരിഹാരം നിർദ്ദേശിക്കുന്നതിനായി സർക്കാർ നിയമിച്ച വിദഗ്ധ സമിതിയുടെ പ്രവർത്തനമാരംഭിച്ചു. സമിതിയുടെ ആദ്യ യോഗം ചേർന്നു. കയർ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നതിന് സ്വതന്ത്ര സ്വഭാവത്തോടെയാകും കമ്മിറ്റി പ്രവർത്തിക്കുക.

ചെന്നൈ ഐ.ഐ.ടി പ്രൊഫസർ ഡോ. ശങ്കർ കൃഷ്ണപിള്ള, സി.ഇ.ടി പ്രൊഫസർ ഡോ.കെ.ബാലൻ, പാലക്കാട് ഐ.ഐ.ടി അസോസിയേറ്റ് പ്രൊഫസർ ഡോ.പി.വി. ദിവ്യ, കയർ കോർപ്പറേഷൻ ചെയർമാൻ ഡോ.ജി.വേണുഗോപാൽ, കൊച്ചി സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ ഡോ.എം. രാകേഷ്, കയർ വികസന ഡയറക്ടർ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. 117 കോടി രൂപ ഈ വർഷം കയർ മേഖലക്ക് വകയിരുത്തിയതായും അതിൽ 52 കോടി രൂപ ഇതിനകം ചെലവഴിച്ചു. കുറഞ്ഞ വിലക്ക് തമിഴ് നാട്ടിൽ നിന്ന് ചകിരിയെത്തുന്നതും, കയറുൽപന്നങ്ങൾ വിറ്റഴിയാതെ കെട്ടിക്കിടക്കുന്നതും വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കയർ മേഖലയുടെ ഭാഗമായി പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ പുന:സംഘടന വേണമെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്. വിപണനം, യന്ത്രവൽക്കരണം തുടങ്ങിയ കാര്യങ്ങളിൽ കാലാനുസ്യതമായ മാറ്റം വരണം. പുതിയ ഉൽപന്നങ്ങൾ സൃഷ്ടിക്കുകയും ഗവേഷണ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുകയും വേണം. തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തണം. ഇപ്രകാരം കയർ മേഖലയിലെ പ്രശ്നങ്ങൾ സമഗ്രമായി പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നാണ് കമ്മിറ്റിയോട് നിർദ്ദേശിച്ചിരിക്കുന്നത്.

വിദഗ്ധ സമിതിയുടെ പരിശോധനാ വിഷയങ്ങൾക്ക് യോഗം രൂപം നൽകി. കയർ മേഖലയിലെ പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളുടെ ഘടനാപരമായ പുന:സംഘടന, കയറ്റുമതി ലക്ഷ്യമിട്ടുള്ള ഉൽപന്നങ്ങളുടെ വൈവിധ്യവൽക്കരണം, തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, കയർ ഉൽപാദനത്തിലെ യന്ത്രവൽക്കരണവുമായി ബന്ധപ്പെട്ട സാധ്യതകൾ എന്നിവയുൾപ്പെടെ 11 പരിഗണനാ വിഷയങ്ങളാണ് സമിതിക്ക് നൽകിയിട്ടുള്ളത്