Major newspapers of the country switched to KPPL papers

വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്‌ട്‌സ്‌ ലിമിറ്റഡിൽ (കെപിപിഎൽ) ഉത്പ്പാദിപ്പിച്ച പേപ്പറുമായി രാജ്യത്തെ പ്രധാന പത്രങ്ങൾ. ഇറക്കുമതി കടലാസിനേക്കാൾ വിലകുറവാണെന്നതും അവ സൂക്ഷിക്കുന്നതിനുള്ള ഗോഡൗണും അനുബന്ധ ചെലവുകളും ഒഴിവാകുമെന്നതും പത്രങ്ങൾക്ക് കെപിപിഎൽ പേപ്പറിനോടുള്ള താത്പ്പര്യം വർധിപ്പിക്കുന്നു. നിലവിൽ 11 പത്രങ്ങളാണ് കെപിപിഎൽ ന്യൂസ് പ്രിന്റുകൾ ഉപയോഗിക്കുന്നത്. കൂടുതൽ പത്രങ്ങൾ ആവശ്യവുമായി കെപിപിഎൽനെ സമീപിച്ചട്ടുണ്ട്.

ശരാശരി 175 ടൺ കടലാസാണ്‌ ഒരുദിവസം കെപിപിഎൽ നിർമിക്കുന്നത്‌. പ്രൊഡക്‌ഷൻ പ്ലാന്റിന്റെ പരമാവധി ശേഷി 320 ടൺ ആണ്. പൂർണ ശേഷി കൈവരിക്കാനുള്ള പ്രവർത്തനങ്ങളിലാണ് കെപിപിഎൽ.

നിലവിൽ 45 ജിഎസ്‌എം (ഗ്രാംസ്‌ പെർ സ്‌ക്വയർ മീറ്റർ) കടലാസാണ്‌ ഉത്പ്പാദിപ്പിക്കുന്നത്‌. ആവശ്യമനുസരിച്ച്‌ മാസികകൾക്കും പുസ്‌തകങ്ങൾക്കുമുള്ള ജിഎസ്‌എം കൂടിയ കടലാസും ഉത്പ്പാദിപ്പിക്കും. കടലാസിനാവശ്യമായ പൾപ്പ്‌ നിർമിക്കാൻ വനംവകുപ്പ്‌ 24,000 ടൺ തടി നേരത്തേ അനുവദിച്ചിരുന്നു. ഇതിൽ 8,000 ടൺ ഉപയോഗിച്ചു. ഡീഇങ്കിങ്ങിലൂടെ പഴയ കടലാസിലെ മഷി നീക്കി റീസൈക്കിൾ ചെയ്‌തുണ്ടാക്കിയ പൾപ്പിന്‌ പുറമെ കെമി–മെക്കാനിക്കൽ പൾപ്പ്‌, കെമിക്കൽ പൾപ്പ്‌ എന്നിവ ഉപയോഗിച്ചാണ്‌ കടലാസ്‌ നിർമാണം.

യൂണിയൻ സർക്കാരിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായിരുന്ന ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ലിമിറ്റഡ് നഷ്ടത്തിലായതിനെത്തുടർന്ന് വിറ്റഴിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് കേരള സർക്കാർ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ 145 കോടി രൂപയുടെ റെസല്യൂഷൻ പ്ളാൻ സമർപ്പിച്ച്, ടെണ്ടറിൽ വഴി സ്ഥാപനം ഏറ്റെടുത്തത്. രാജ്യത്തെ പേപ്പർ വ്യവസായത്തിൽ നിർണായക പങ്കുള്ള, 3,000 കോടി രൂപ വിറ്റുവരവും 5 ലക്ഷം മെട്രിക് ടൺ വാർഷിക ഉത്പാദന ശേഷിയുമുള്ള സ്ഥാപനമായി താമസിയാതെ കെപിപിഎൽ മാറും.