Keltron - Nippon Electric Company Consortium Receives Rs 180 Crore Order From Tirupati Smart City

കെൽട്രോൺ – നിപ്പോൺ ഇലക്ട്രിക് കമ്പനി കൺസോർഷ്യത്തിന് തിരുപ്പതി സ്മാർട്ട് സിറ്റിയിൽ നിന്നും 180 കോടി രൂപയുടെ ഓർഡർ ലഭിച്ചത് അഭിമാനകരമായ നേട്ടമാണ്. പാൻ സിറ്റി ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി സൊല്യൂഷനുകൾ നടപ്പിലാക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും സിറ്റി ഓപ്പറേഷൻസ് സെന്റർ സജ്ജീകരിക്കുന്നതിനുമായിട്ടാണ് തിരുപ്പതി സ്മാർട്ട് സിറ്റി കോർപ്പറേഷൻ ലിമിറ്റഡിൽ നിന്നും വർക്ക് ഓർഡർ ലഭിച്ചിരിക്കുന്നത്.

കെൽട്രോൺ വികസിപ്പിച്ചിട്ടുള്ള അഡാപ്റ്റീവ് ട്രാഫിക് സിഗ്നൽ കൺട്രോൾ സിസ്റ്റം ഉൾപ്പെടുന്ന ഇൻറലിജൻസ് ട്രാഫിക് മാനേജ്മെൻറ് സിസ്റ്റമാണ് പ്രധാനമായും ഈ പദ്ധതിയിൽ ഉള്ളത്. അതോടൊപ്പം സിറ്റി കൊളോബറേഷൻ പ്ലാറ്റ്‌ഫോമുകൾ (വെബ് പോർട്ടലും മൊബൈൽ ആപ്പുകളും), സ്മാർട്ട് വാട്ടർ സൊല്യൂഷൻസ്, ജിഐഎസ് സൊല്യൂഷൻസ്, സിറ്റി സ്പെസിഫിക് സ്മാർട്ട് എലമെന്റുകളും (പാരിസ്ഥിതിക സെൻസറുകൾ, വേരിയബിൾ മെസേജ് സൈൻബോർഡുകൾ, പബ്ലിക് അഡ്രസ് സിസ്റ്റം) കെൽട്രോൺ സ്ഥാപിച്ചു നൽകുന്നുണ്ട്.

നഗരത്തിൻ്റെ ഗതാഗത പ്രവർത്തനങ്ങൾ, പൊതു സേവനങ്ങൾ, പൊതു സൗകര്യങ്ങൾ, ഫലപ്രദമായ നഗര പ്രവർത്തനങ്ങൾ, ആരോഗ്യ – വിഭവ സമാഹരണ പരിപാലനം തുടങ്ങിയ സംവിധാനങ്ങളാണ് ഈ ഓർഡറിൻ്റെ ഭാഗമായി നടപ്പിലാക്കുന്നത്. ഇന്റഗ്രേറ്റഡ് കമാൻഡ് & കൺട്രോൾ സെന്റർ, സിറ്റി നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ, ക്ലൗഡ് ഡാറ്റാ സെന്റർ അധിഷ്ഠിതമായുള്ള ഡിസാസ്റ്റർ റിക്കവറി, മുനിസിപ്പൽ സേവനങ്ങളും പ്രധാന മേഖലകളുടെ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും പദ്ധതിയുടെ ഭാഗമായുള്ള ഐസിടി സംവിധാനങ്ങളിൽ ഉൾപ്പെടുന്നു. അതോടൊപ്പം ഈ സംവിധാനങ്ങളുടെ 5 വർഷത്തെ പരിപാലന കരാറും ഓർഡറിൽ ഉൾപ്പെടുന്നു.

12 മാസത്തിനുള്ളിൽ വിജയകരമായി ഈ ഓർഡർ പൂർത്തിയാക്കുന്നതിലൂടെ സംസ്ഥാനത്തിന് പുറത്തുനിന്നും ഒട്ടനവധി സ്മാർട്ട് സിറ്റിയുമായി ബന്ധപ്പെട്ട നൂതന സാങ്കേതിക സംവിധാനങ്ങളുടെ ഓർഡറുകൾ കെൽട്രോണിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.