50 lakh medical oxygen filling station started functioning at KMML

കോവിഡ് കാലത്ത് കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കിയ കെ.എം.എം.എല്ലിൽ 50 ലക്ഷം രൂപയുടെ മെഡിക്കൽ ഓക്സിജൻ ഫില്ലിങ്ങ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. കമ്പനിയുടെ ഉൽപാദന പ്രക്രിയയ്ക്ക് ആവശ്യമായ ഓക്‌സിജനൊപ്പം ലഭ്യമാകുന്ന മെഡിക്കൽ ഓക്‌സിജൻ ടാങ്കറുകൾ വഴിമാത്രമാണ് ഇതുവരെ ആരോഗ്യമേഖലയ്ക്ക് നൽകിയിരുന്നതെങ്കിൽ പുതിയ സംവിധാനത്തിലൂടെ ഇനി മുതൽ നേരിട്ട് സിലിണ്ടറുകളിൽ നിറയ്ക്കാൻ സാധിക്കും.

കോവിഡ് പോലെയുള്ള അടിയന്തിര സാഹചര്യങ്ങളിൽ 24 മണിക്കൂറും ആവശ്യമായ മെഡിക്കൽ ഓക്‌സിജൻ സിലിണ്ടറുകളിൽ നിറയ്ക്കാനാകും. മണിക്കൂറിൽ 7 മീറ്റർ ക്യൂബ് ശേഷിയുള്ള 6 സിലിണ്ടറുകൾ നിറയ്ക്കാം. കൊറിയൻ നിർമ്മിത കംപ്രസർ യൂണിറ്റാണ് ഫില്ലിംഗ് സ്റ്റേഷനായി എത്തിച്ചത്. കമ്പനിയിലെ തന്നെ ഉദ്യോഗസ്ഥരാണ് സിലിണ്ടർ ഫില്ലിംഗ് സ്‌റ്റേഷൻ്റെ നിർമ്മാണങ്ങൾക്ക് നേതൃത്വം നൽകിയത്. കോവിഡ് മഹാമാരി കാലത്ത് കേരളത്തിനും സമീപ സംസ്ഥാനങ്ങൾക്കും ഓക്‌സിജൻ നൽകി നിരവധി ജീവൻ രക്ഷിച്ച കെ.എം.എം.എല്ലിലെ പുതിയ സംവിധാനം കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുന്നതാണ്.