Business world praises Kerala's investment friendly environment

വ്യവസായ രംഗത്ത് അടുത്ത കാലത്തായി കേരളം കൈവരിച്ച നേട്ടങ്ങൾക്ക് കൈയൊപ്പ് ചാർത്തി വ്യവസായ സെമിനാർ. സംസ്ഥാന സർക്കാർ കൈക്കൊണ്ട വ്യവസായ സൗഹൃദ നയങ്ങളും നടപടികളും ഈ മേഖലയിൽ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത പുരോഗതി കൈവരിക്കാൻ സഹായകമായതായി കേരളീയത്തിന്റെ ഭാഗമായി നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന സെമിനാറിൽ സംസാരിച്ച പാനലിസ്റ്റുകളും വ്യവസായികളും സാക്ഷ്യപ്പെടുത്തി. കേരളത്തിലാരംഭിച്ച് ആഗോള വിപണിയിൽ ശക്തമായ സാന്നിധ്യമായി മാറിയ ഒട്ടേറെ കമ്പനികളുടെ വിജയകഥകൾ പലരും പങ്കുവെച്ചു.

വ്യവസായ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനുള്ള അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളതെന്ന് ആമുഖ പ്രഭാഷണത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സാങ്കേതിക മേഖല വ്യവസായങ്ങളുടെ വലിയ വളർച്ചയിലേക്ക് കേരളം നീങ്ങുകയാണ്. 2022ൽ ആരംഭിച്ച ‘സംരംഭക വർഷം’ പദ്ധതിയിലൂടെ 1.4 ലക്ഷത്തോളം സംരംഭങ്ങൾ കേരളത്തിൽ ആരംഭിക്കാനായി. ഇതിൽ 45000ത്തോളം വനിത സംരംഭകരുടേതായിരുന്നു. ഇതുവഴി 8422 കോടി രൂപയുടെ നിക്ഷേപമുണ്ടായി. മൂന്ന് ലക്ഷത്തിലധികം പേർക്ക് തൊഴിൽ ലഭിച്ചു.

100 കോടി രൂപ വിറ്റുവരവുള്ള 1000 സ്ഥാപനങ്ങൾ സംസ്ഥാനത്ത് സൃഷ്ടിക്കുകയാണ് വകുപ്പിന്റെ ‘മിഷൻ 1000’ പദ്ധതിയുടെ ലക്ഷ്യം. ഇന്ത്യയിലെ ആദ്യത്തെ ഗ്രഫീൻ ഉത്പാദന കേന്ദ്രം സംസ്ഥാനത്ത് ആരംഭിക്കാനായത് വലിയ നേട്ടമാണ്. പൊതുമേഖല സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് 9000 കോടി രൂപയുടെ മാസ്റ്റർപ്ലാൻ തയ്യാറായിക്കഞ്ഞു. സംസ്ഥാനത്ത് 15 സ്വകാര്യ ഇൻഡസ്ട്രിയൽ പാർക്കുകൾക്കാണ് ഇതിനകം അനുമതി നൽകിയത്. ഡിസംബറോടെ 15 എണ്ണത്തിന് കൂടി അനുമതി നൽകും. കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ കേരളത്തിന്റെ വ്യവസായ കുതിപ്പിൽ പുതിയ നാഴികക്കല്ലായി മാറും.

വ്യവസായങ്ങൾക്കായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമി ഉപയോഗപ്പെടുത്തുന്ന കാര്യം പരിഗണനയിലാണ്. സംസ്ഥാനത്തെ യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കാനുതകുന്നതും നമ്മുടെ സാഹചര്യങ്ങൾക്ക് ഇണങ്ങുന്നതുമായ വ്യവസായങ്ങൾ ശക്തിപ്പെടുത്തുകയാണ് സർക്കാർ നയം. അതോടൊപ്പം പരമ്പരാഗത വ്യവസായങ്ങളെ വൈവിധ്യവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിൽ 100 പേരെ റിക്രൂട്ട് ചെയ്ത് തുടങ്ങിയ ഐബിഎം, രണ്ടാം വർഷം തന്നെ 1800 പേരെയാണ് റിക്രൂട്ട് ചെയ്തത്. ഇതിൽ 200 പേർ അമേരിക്കയിലും ബാംഗ്ലൂരിലും ജോലി ചെയ്യുകയായിരുന്ന മലയാളികളാണ്. ചികിൽസാ ഉപകരണ നിർമാണ രംഗത്തെ രാജ്യത്തെ ആകെ വിറ്റുവരവിന്റെ 20 ശതമാനം കേരളത്തിൽ നിന്നാണ്. എഫ്.എ.സി.ടിയിൽ 1600 കോടിയുടെ നിക്ഷേപം വരുന്നതും കൊച്ചിൻഷിപ്പ് യാർഡിന് പുതിയ ഓർഡർ ലഭിച്ചതും വിഴിഞ്ഞം തുറമുഖം പ്രവർത്തനക്ഷമമാകുന്നതും വലിയ നേട്ടങ്ങളാണ്.
സെമിനാറിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല വിഷയാവതരണം നടത്തി. തുടർന്ന് നടന്ന പാനൽ ചർച്ചയിൽ വ്യവസായികളെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സംസ്ഥാനസർക്കാരിന്റേതെന്ന് ഒ/ഇ/എൻ ഇന്ത്യ ലിമിറ്റഡ് തലവൻ പമേല അന്ന മാത്യു പറഞ്ഞു. നവീന ആശയങ്ങൾ നടപ്പാക്കുന്നതിന് വലിയ പ്രോത്സാഹനമാണ് കേരള സർക്കാറിൽ നിന്ന് ലഭിക്കുന്നതെന്ന് ടെറുമോ പെൻപോൾ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ബോർഡ് ചെയറുമായ ചേതൻ മകം പറഞ്ഞു. 1996ൽ ബോംബെയിൽ ആരംഭിച്ച തങ്ങളുടെ സ്ഥാപനം സംസ്ഥാനത്തെ അനുകൂല ഘടകങ്ങൾ പരിഗണിച്ച് കേരളത്തിലേക്ക് മാറ്റുകയായിരുന്നുവെന്ന് അഗപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ തോമസ് ജോൺ പറഞ്ഞു. ആധുനികചികിത്സാ ഉപകരണ നിർമാണ രംഗത്ത് കേരളത്തിന് വലിയ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളീയം വെറുമൊരു ആഘോഷം മാത്രമല്ലെന്നും സുസ്ഥിരവികസന പാതയിൽ കേരളം താണ്ടിയ അതിശയസഞ്ചാരത്തിന്റെ സാക്ഷ്യമാണെന്നും നീറ്റ ജെലാറ്റിൻ ലിമിറ്റഡ് ടെക്‌നിക്കൽ ഡയറക്ടർ ഷിന്യ തകഹാഷി അഭിപ്രായപ്പെട്ടു. പരസ്പര ആദരവിൽ അധിഷ്ഠിതമായ ആഴമേറിയ ബന്ധമാണ് കേരളവും ജപ്പാനും തമ്മിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭക്ഷ്യ, കാർഷികോത്പന്ന സംസ്‌കരണം, ടെക്സ്റ്റൈൽസ്, ഇലക്ട്രോണിക്സ്, വൈദ്യശാസ്ത്ര ഉപകരണ നിർമാണം തുടങ്ങിയ രംഗങ്ങളിലെല്ലാം കേരളത്തിന് വലിയ സാധ്യതയാണ് ഉള്ളതെന്ന് ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫ. ജയൻ ജോസ് തോമസ് പറഞ്ഞു. സർക്കാരിനൊപ്പം വിദ്യാഭ്യാസസ്ഥാപനങ്ങളും വ്യവസായ മേഖലയും സഹകരിച്ച് പ്രവർത്തിച്ചാൽ വലിയ കുതിപ്പിന് അത് വഴിയൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉന്നത സാങ്കേതിക വിദ്യ വ്യവസായങ്ങൾ ആരംഭിക്കാൻ ഏറ്റവും മികച്ച സ്ഥലമാണ് കേരളമെന്ന് കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യം സ്പെഷ്യൽ ഓഫീസർ സി പത്മകുമാർ പറഞ്ഞു. കേരളത്തിൽ നിന്നുള്ള 30 ലധികം ചികിൽസാ ഉപകരണ നിർമാണ കമ്പനികൾ ആഗോളതലത്തിൽ പ്രവർത്തിക്കുന്നുണ്ട്. കെൽട്രോൺ കണ്ണൂരിൽ സ്ഥാപിക്കുന്ന സൂപ്പർ കപ്പാസിറ്റർ പ്ലാന്റ് ഇന്ത്യയിലാദ്യത്തേതാണെന്ന് കെൽട്രോൺ എം ഡി എൻ. നാരായണ മൂർത്തി പറഞ്ഞു. സ്വകാര്യസംരംഭകരുമായി ചേർന്ന് ഉടൻ തന്നെ സെമി കണ്ടക്ടർ പ്ലാന്റ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പത്മശ്രീ ഗോപിനാഥൻ, എഫ്.എ.സി.ടി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കിഷോർ റുങ്ത, ഇന്ത്യൻ മൈക്രോ സ്മോൾ മീഡിയം എന്റർപ്രൈസസ് കോൺഫെഡറേഷൻ ദേശീയ ചെയർപേഴ്സൺ നബോമിത മസുന്ദർ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻസ് ചെയർമാൻ ജോൺ ചാക്കോ, എച്ച്എംഎൽ പ്ലാന്റേഷൻസ് മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എൻ ധർമ്മരാജ് തുടങ്ങിയവരും സെമിനാറിൽ സംസാരിച്ചു.