നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ ചട്ടം 304 പ്രകാരം കേരളാ ആട്ടോമൊബൈല്‍സ് ലിമിറ്റഡുമായി ബന്ധപ്പെട്ട് ശ്രീ. കെ. ആന്‍സലന്‍ എം.എല്‍.എ. ഉന്നയിച്ചതും ബഹു. വ്യവസായ വകുപ്പുമന്ത്രി 07/10/2021 ല്‍ മറുപടി നല്‍കേണ്ടതുമായ സബ്മിഷനുള്ള മറുപടി.

കേരളാ സര്‍ക്കാരിന്റെ കീഴില്‍ വാഹനനിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏക പൊതുമേഖലാ സ്ഥാപനമാണ് നെയ്യാറ്റിന്‍കര, ആറാലുംമ്മൂട് പ്രവര്‍ത്തിക്കുന്ന കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ്. മുന്‍പ് ഡീസല്‍ ഓട്ടോറിക്ഷകളുടെ ഉല്‍പാദനം നടത്തിവന്നിരുന്ന കമ്പനിയുടെ നിലവിലെ പ്രാധാന ഉല്‍പ്പന്നം വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുള്ള നീംജി ഇലക്ട്രിക്ക് ഓട്ടോറിക്ഷയാണ്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ തന്നെ ആദ്യമായി കേരളാ സര്‍ക്കാര്‍ ഇലക്ട്രിക്ക് വാഹന നയം രൂപീകരിക്കുകയും അതിന്റെ തുടര്‍ച്ചയായി കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് തനതായി ഇലക്ട്രിക്ക് ഓട്ടോറിക്ഷ രൂപകല്‍പന ചെയ്ത് ആര്‍.ടി.ഒ. രജിസ്ട്രേഷന് ആവശ്യമായ സര്‍ട്ടിഫിക്കേഷന്‍ (ARAI സര്‍ട്ടിഫിക്കേഷന്‍ ) കരസ്ഥമാക്കുകയും ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ഏക പൊതുമേഖലാ സ്ഥാപനമാണ് കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ്.

സ്ഥാപനത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്ന പ്രധാന വിഷയം വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഇ.പി.എഫ്. / ഗ്രാറ്റുവിറ്റി കുടിശ്ശികകളാണ്. നിലവില്‍ ഏകദേശം 5 കോടി 87 ലക്ഷം രൂപ ഇ.പി.എഫ്. കൂടിശ്ശികയായി നിലനില്‍ക്കുന്നുണ്ട്. ഇപ്രകാരം ഇ.പി.എഫ്. കുടിശ്ശികകള്‍ നിലനില്‍ക്കുന്നതിനാല്‍ കമ്പനിയുടെ ബാങ്ക് /ട്രഷറി അക്കൗണ്ടുകള്‍ നിരവധി തവണ ഇ.ഫി.എഫ്. അതോറിട്ടിയുടെ അറ്റാച്ച്മെന്റിന് വിധേയമായിട്ടുണ്ട്. കൂടാതെ 2013 മുതല്‍ റിട്ടയര്‍ ചെയ്ത ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി ഇനത്തില്‍ 2 കോടി 90 ലക്ഷം രൂപയും നല്‍കുവാനുണ്ട്. ഇപ്രകാരം നിലനില്‍ക്കുന്ന ഇ.പി.എഫ്. / ഗ്രാറ്റുവിറ്റി കൂടിശ്ശികകള്‍ ഘട്ടം ഘട്ടമായി കൊടുത്തുതീര്‍ക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

മേല്‍സൂചിപ്പിച്ച ഇ.പി.എഫ്. / ഗ്രാറ്റുവിറ്റി കൂടിശ്ശികകള്‍ക്ക് പുറമേ 70 ലക്ഷം രൂപ ആറ്റിങ്ങലില്‍ പ്രവര്‍ത്തിക്കുന്ന ഹെര്‍ക്കുലീസ് എന്ന സ്ഥാപനത്തിനും 15 കോടി 26 ലക്ഷം രൂപ എസ്സ്.ബി.ഐ. ബാങ്കിനും വായ്പ/പലിശ ഇനത്തില്‍ കമ്പനി നല്‍കുവാനുണ്ട്. ഇതില്‍ ഹെര്‍ക്കുലീസ് എന്ന സ്ഥാപനത്തിന്റെ ബാധ്യതയുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര സബ് കോടതി കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ കമ്പനിഭൂമിയില്‍ അറ്റാച്ച്മെന്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ എസ്സ്.ബി.ഐ. യുമായി ബന്ധപ്പെട്ട ബാധ്യതയില്‍ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലില്‍ കേസ് നിലനില്‍ക്കുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്റ്റാറ്റ്യൂട്ടറി കുടിശ്ശികകള്‍ അതത് സ്ഥാപനത്തിന്റെ പ്രവര്‍ത്തന ലാഭത്തില്‍ നിന്നാണ് അടയ്കേണ്ടത്. കേരള സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍, ഇലക്ട്രിക്ക് ഓട്ടോയുടെ നിര്‍മ്മാണത്തിനും പുതിയ മെഷീനുകള്‍ വാങ്ങുന്നതിനും പ്രവര്‍ത്തന സഹായമായും കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ ഏകദേശം 35 കോടിയോളം രൂപ കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന് സര്‍ക്കാര്‍ ധനസഹായമായി നല്‍കിയിട്ടുണ്ട്. കോവിഡ് മഹാമാരി കാരണം സ്ഥാപനത്തിനുണ്ടായ പ്രതിസന്ധി മറികടക്കുന്നതിന് 16/11/2020 ലെ. സ.ഉ. (സാധാ) നം. 988/2020/വ്യവ നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 5 കോടി രൂപയും 16/08/2021 ലെ സ.ഉ.(സാധാ) നം. 874/2021/വ്യവ. നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 1 കോടി രൂപയും സര്‍ക്കാര്‍ പ്രത്യേക ധനസഹായമായി അനുവദിച്ചിട്ടുണ്ട്. ഇതുകൂടാതെ ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ നിര്‍മ്മാണത്തിനും വികസനത്തിനുമായി കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന് 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

കൂടാതെ കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ സമഗ്രവികസനം ലക്ഷമിട്ട് കമ്പനിയുടെ ഒരു പുതിയ യൂണിറ്റ് കണ്ണൂരില്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ കേരളാ സര്‍ക്കിരിനു കീഴില്‍ ആട്ടോമൊബൈല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏക പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡിനെ സംരക്ഷിക്കുവാനും പുരോഗതിയിലേയ്ക്ക് നയിക്കുവാനും സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കിവരുന്നു.