Kerala Paper Products started production on a commercial basis

കേരളാ പേപ്പർ പ്രോഡക്ട്സ് വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദനം തുടങ്ങി

സംസ്ഥാന സർക്കാർ രൂപീകരിച്ച കേരള പേപ്പർ പ്രൊഡക്ട്‌സ്‌ ലിമിറ്റഡിൽ (കെപിപിഎൽ ) വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിച്ചു. വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് സർക്കാർ ഏറ്റെടുത്ത് പുനഃസംഘടിപ്പിച്ചാണ് കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡിന് രൂപം നൽകിയത്. വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദനം തുടങ്ങിയതോടെ ഉന്നത ഗുണമേന്മയുള്ള ന്യൂസ്പ്രിൻ്റും (ആദ്യം 45 ജി എസ് എം ന്യൂസ് പ്രിൻ്റും പ്ലാൻ്റുകൾ പ്രവർത്തന സ്ഥിരത കൈവരിക്കുന്നതോടെ 42 ജി എസ് എം ന്യൂസ് പ്രിൻ്റും) 52-70 ജി.എസ്.എം പ്രിന്റിംഗ് പേപ്പറും ഉത്പാദിപ്പിക്കാൻ കഴിയുന്ന ഘട്ടത്തിലേക്ക് കെ പി പി എൽ ഉയരും.

പാക്കേജിം​ഗ്, പേപ്പർ ബോർഡ് വ്യവസായം തുടങ്ങിയവ ആ​ഗോളതലത്തിൽ വളർച്ച നേടുന്നതും ഒറ്റത്തവണ ഉപയോ​ഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോ​ഗം നിയന്ത്രിക്കപ്പെടുന്ന സാഹചര്യവും ഉപയോ​ഗപ്പെടുത്തി ഉത്പന്ന വൈവിധ്യവത്ക്കരണത്തിലൂടെയും ശേഷി വർധനവിലൂടെയും പുതിയ കാലത്തെ സാധ്യതകൾ ഉപയോ​ഗപ്പെടുത്താനാണ് കെപിപിഎല്ലിന്റെ ശ്രമം. 3000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെപിപിഎല്ലിനെ വികസിപ്പിക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം. മൂവായിരത്തോളം പേർക്ക് തൊഴിൽ നൽകാൻ സാധിക്കുന്ന, പ്രതിവർഷം അഞ്ച് ലക്ഷം മെട്രിക് ടൺ ഉൽപാദന ശേഷിയുള്ള സ്ഥാപനമായി കെപിപിഎല്ലിനെ മാറ്റും.

കമ്പനി ഏറ്റെടുത്ത് 2022 ജനുവരി ഒന്നിനാണ് പുനരുദ്ധാരണ പ്രവർത്തികൾ ആരംഭിച്ചത്. നാല് ഘട്ടങ്ങളായാണ് കെ.പി.പി.എല്ലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വിഭാവനം ചെയ്‌തത്. ഒന്നാം ഘട്ടമായി അഞ്ചു മാസംകൊണ്ട് മൂന്ന് പ്ലാൻ്റുകളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി(പേപ്പർ മെഷീൻ, റീ സൈക്കിൾഡ് പൾപ്പിങ്ങ് പ്ലാൻ്റ്, ബോയിലറും അനുബന്ധ മെഷിനറികളും). ഒന്നാംഘട്ട ഫാക്ടറി നവീകരണത്തിനു മാത്രമായി 34.3 കോടിയാണ് അഞ്ചു മാസത്തേക്ക് വകയിരുത്തിയത്. രണ്ടാംഘട്ടവും സമയ ബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചു. ഈ ഘട്ടത്തിൽ 44.94 കോടി മുതൽ മുടക്കി കെമിക്കൽ മെക്കാനിക്കൽ പ്ളാന്റുകളുടെ പുനരുദ്ധാരണം സാധ്യമാക്കി. രണ്ടാം ഘട്ടം പൂർത്തിയായതോടെ കമ്പനിയുടെ നിലവിലുള്ള ശേഷി മുഴുവൻ ഉപയോഗിക്കാവുന്ന സ്ഥിതിയിലേക്ക് ഉയർന്നു. വുഡ് പൾപ്പിംഗ് സ്ട്രീമുകൾക്കൊപ്പം റീസൈക്കിൾ ചെയ്‌ത പൾപ്പ് കൂടി ഉപയോഗിച്ച് വ്യാവാസായികാടിസ്ഥാനത്തിലുള്ള ന്യൂസ് പ്രിൻ്റ് നിർമ്മാണം ആരംഭിച്ചു.

നിർമാണപ്രവർത്തനങ്ങൾ സാധാരണ നിലയിലാകുന്നതിനനുസരിച്ച് നോട്ടുബുക്കുകൾക്കും ടെക്സ്റ്റ് ബുക്കുകൾക്കും ആവശ്യമായ ഗ്രേഡിലുള്ള പേപ്പറുകളും നിർമിക്കാൻ ആരംഭിക്കും. പേപ്പർ നിർമാണത്തിനാവശ്യമായ അസംസ്കൃതവസ്തുക്കളുടെ ലഭ്യതയിൽ വീഴ്ച വരാതിരിക്കുന്നതിനായി ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻ്റ് ലിമിറ്റഡിൻ്റെ കൈവശമുണ്ടായിരുന്ന തോട്ടത്തിൽ നിന്നും സംസ്ഥാന വനം വകുപ്പിൻ്റെ തോട്ടത്തിൽ നിന്നും 24,000 മെട്രിക് ടൺ തടി സാമഗ്രികൾ ലഭ്യമാക്കാൻ അനുമതിയായി. ഇതിനൊപ്പം സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലുമുള്ള വേസ്റ്റ് പേപ്പറുകളും കെപിപി എല്ലിനായി ലഭ്യമാക്കും.

27 മാസം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന മൂന്നാം ഘട്ടത്തിനായി 650 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഉയർന്ന ഗുണമേന്മയുള്ള പാക്കേജിങ്ങ് ബോർഡുകളാണ് ഈ ഘട്ടത്തിൽ ഉൽപാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്. നാലാം ഘട്ടം 17 മാസം കൊണ്ട് പൂർത്തിയാക്കി പാക്കേജിങ്ങ് ഗ്രേഡ് പേപ്പർ ഉൽപാദനം തുടങ്ങാനുമാണ് ലക്ഷ്യമിടുന്നത്. 350 കോടിയാണ് ഈ ഘട്ടത്തിൽ ചെലവ് പ്രതീക്ഷിക്കുന്നത്.

തൊഴിലാളികളുടെ ജീവിത ചെലവിനൊപ്പം സ്ഥാപനത്തിൻ്റെ സാമ്പത്തിക സ്ഥിതിയും ഉത്പ്പാദനക്ഷമതയും കൂടി പരിഗണിച്ചായിരിക്കും സേവന വേതന വ്യവസ്ഥകൾ നിർണയിക്കുക. ഉത്പാദന ചെലവ് ആഗോള നിലവാരത്തിന് ഒപ്പം നിർത്താൻ ആവശ്യമായ ക്രിയാത്മക നടപടികൾ സ്വീകരിക്കാൻ മാനേജ്മെൻ്റിന് പൂർണമായ സ്വാതന്ത്ര്യമുണ്ടായിരിക്കും. സർക്കാർ നയപരമായ കാര്യങ്ങളിൽ മാത്രമായിരിക്കും ഇടപ്പെടുക.നാലുഘട്ടങ്ങളിലായി വിഭാവനം ചെയ്‌തിട്ടുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ എത്തുമ്പോൾ പേപ്പർ വ്യവസായത്തിലെ മറ്റേതൊരു സ്ഥാപനത്തോടും കിടപിടിക്കുന്ന വിധത്തിൽ ലാഭകരമായ സ്ഥാപനമാക്കി കെപിപിഎല്ലിനെ മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ.